2026 ഫിഫ ലോകകപ്പിനായുള്ള ഔദ്യോഗിക ഗാനം 'ദായ് ദായ്' പുറത്തിറങ്ങിയതിന് പിന്നാലെ, പ്രമുഖ അമേരിക്കൻ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറായ ഐഷോസ്പീഡ് തന്റെ ലോകകപ്പ് ഗാനം 'ചാംപ്യൻസ്' പുറത്തിറക്കി.
പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം തന്നെ ഈ ഗാനം സമൂഹമാധ്യമങ്ങളില്‍ വലിയ തരംഗമായി മാറി.
ഇൻസ്റ്റഗ്രാമില്‍ മാത്രം 40 മില്യണിലധികം കാഴ്ചക്കാരെ നേടിയ ഗാനം, യൂട്യൂബിലും 3 മില്യണ്‍ വ്യൂസ് പിന്നിട്ടു. ഒറ്റ ദിവസം കൊണ്ട് 50 മില്യണ്‍ കാഴ്ചക്കാരിലേക്ക് എത്തിയ 'ചാംപ്യൻസ്' ഇപ്പോള്‍ ലോകകപ്പ് ആരാധകർക്കിടയിലെ പ്രധാന ചർച്ചാവിഷയമാണ്.
അതേസമയം, കൊളംബിയൻ ഗായിക ഷക്കീറയും, ബുർണ ബോയിയും ചേർന്ന് ആലപിച്ച ഫിഫയുടെ ഔദ്യോഗിക ഗാനം 'ദായ് ദായ്'യും ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ആരാധകർക്കിടയില്‍ കൂടുതല്‍ സ്വീകാര്യത നേടിയത് സ്പീഡിന്റെ 'ചാംപ്യൻസ്' ആണെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍.
യുഎസ്, മെക്സിക്കോ, കാനഡ എന്നീ ആതിഥേയ രാജ്യങ്ങളുടെയും ലോക ഫുട്ബോളിന്റെയും ആവേശം ഉള്‍ക്കൊള്ളുന്ന രീതിയിലാണ് 'ചാംപ്യൻസ്' ഒരുക്കിയിരിക്കുന്നത്. ഗാനം വൈറലായതോടെ ഇതിനെ ഫിഫയുടെ ഔദ്യോഗിക ലോകകപ്പ് ഗാനമാക്കണമെന്ന ആവശ്യവും ചില ആരാധകർ ഉയർത്തുന്നുണ്ട്.
ഡാരൻ വാട്കിൻസ് ജൂനിയർ എന്ന പേരിലുള്ള ഐഷോസ്പീഡ്, കടുത്ത ഫുട്ബോള്‍ ആരാധകനെന്ന നിലയിലും പ്രശസ്തനാണ്. നിരവധി രാജ്യങ്ങള്‍ സന്ദർശിച്ച അനുഭവവും ഫുട്ബോളിനോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും ഗാനത്തിന്റെ ജനപ്രീതിക്ക് കാരണമായെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

