ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മർദിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ സുരക്ഷ ഉദ്യോഗസ്ഥർക്കെതിരെ വധശ്രമക്കുറ്റം ചേർത്ത് ക്രൈം ബ്രാഞ്ച്.
കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം (എസ്‌ഐടി) മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോർട്ട് നല്‍കി. പ്രതികള്‍ കീഴടങ്ങാൻ എത്തുമെന്ന സൂചന നിലനില്‍ക്കെയാണ് ഇന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ട് നല്‍കിയത്.
കഴിഞ്ഞ ദിവസം പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതിയില്‍ എത്തിയപ്പോള്‍ പുതിയ വകുപ്പുകള്‍ ചേർത്ത റിപ്പോർട്ട് എസ്‌ഐടി സമർപ്പിച്ചിരുന്നില്ല. കേസില്‍ പുതിയ വകുപ്പുകള്‍ ചേർത്ത റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി അന്വേഷണ ഉദ്യോഗസ്ഥനെ ശകാരിച്ചിരുന്നു. ഇതേ തുടർന്ന് കോടതി കേസ് മാറ്റിവെച്ചു.
പ്രതികളായ അനില്‍ കുമാർ, സന്ദീപ് എന്നിവർ കോടതിയില്‍ എത്തി കീഴടങ്ങിയേക്കുമെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് എസ്‌ഐടി വധശ്രമക്കുറ്റം കൂടി ചുമത്തിയത്. പ്രതികള്‍ കോടതിയില്‍ കീഴടങ്ങി ജാമ്യം നേടുന്നത് തടയാനാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയുള്ള എസ്‌ഐടിയുടെ നീക്കം.

