സിംബാബ്‌വെക്കെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
ഈ വർഷത്തെ ടി20 ലോകകപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ സഞ്ജുവിനെ ഒഴിവാക്കിയത് വലിയ ചർച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. താരത്തിന് വിശ്രമം അനുവദിച്ചതാണോ അതോ ഒഴിവാക്കിയതാണോ എന്ന കാര്യത്തില്‍ ബിസിസിഐ വ്യക്തത വരുത്തിയിട്ടില്ല.
അതേസമയം, 15-കാരനായ കൗമാര താരം വൈഭവ് സൂര്യവൻഷിയെ ടീമില്‍ നിലനിർത്തിയിട്ടുണ്ട്. വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമക്ക് പകരം പ്രഭ്‌സിമ്രൻ സിങ്ങിന് ആദ്യമായി ഇന്ത്യൻ ടീമിലേക്ക് വിളിവന്നു. ശ്രീലങ്കയില്‍ നടന്ന ഇന്ത്യ എ ടീമിന്റെ മത്സരങ്ങളിലെ മികച്ച പ്രകടനമാണ് പ്രഭ്‌സിമ്രന് തുണയായത്.
ശ്രേയസ് അയ്യർ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റൻ തിലക് വർമയാണ്. റിങ്കു സിങ്, അശോക് ശർമ, യാഷ് താക്കൂർ, ഹർഷ് ദുബെ എന്നിവർ ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍, ഇംഗ്ലണ്ട് പര്യടനത്തിലുള്ള വാഷിങ്ടണ്‍ സുന്ദർ, അർഷ്ദീപ് സിങ്, ഹർഷിത് റാണ, രവി ബിഷ്‌ണോയ് എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. ജൂലൈ 23, 25, 26 തീയതികളില്‍ ഹരാരെയിലാണ് മത്സരങ്ങള്‍ നടക്കുക.

