Dailyhunt
സോഷ്യല്‍ മീഡിയ ദുരുപയോഗം: 3 വര്‍ഷം വരെ തടവും 5000 റിയാല്‍ പിഴയും; മുന്നറിയിപ്പുമായി ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ

സോഷ്യല്‍ മീഡിയ ദുരുപയോഗം: 3 വര്‍ഷം വരെ തടവും 5000 റിയാല്‍ പിഴയും; മുന്നറിയിപ്പുമായി ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ

Radio Keralam 4 days ago

സോഷ്യല്‍ മീഡിയയിലൂടെയും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും മറ്റുള്ളവരെ അധിക്ഷേപിക്കുന്നവർക്കും വ്യാജവാർത്തകള്‍ പ്രചരിപ്പിക്കുന്നവർക്കും കടുത്ത ശിക്ഷ നല്‍കുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നല്‍കി.

‘മിസ്സിങ് ലിങ്ക്’ എന്ന പേരില്‍ നടത്തുന്ന ബോധവല്‍ക്കരണ കാമ്പയിനിന്റെ ഭാഗമായാണ് അധികൃതർ നിയമങ്ങള്‍ കർശനമാക്കിയത്. ബ്ലാക്ക്‌മെയിലിങ്, അപകീർത്തിപ്പെടുത്തല്‍, വ്യാജവാർത്താ പ്രചരണം എന്നിവ ഈ നിയമത്തിന്റെ പരിധിയില്‍ വരും.

സ്കൂള്‍ വിദ്യാഭ്യാസ നിയമത്തിലെ 95-ാം ആർട്ടിക്കിള്‍ പ്രകാരം വിദ്യാർഥികള്‍ക്കോ അധ്യാപകർക്കോ എതിരെ അപവാദ പ്രചരണം നടത്തിയാല്‍ 30 ദിവസം വരെ തടവും 3,000 ഒമാനി റിയാല്‍ വരെ പിഴയും ലഭിക്കാം. ഒരാളുടെ അനുവാദമില്ലാതെ ചിത്രങ്ങളോ വീഡിയോകളോ ശബ്ദരേഖകളോ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ സത്യമാണെങ്കില്‍ പോലും വ്യക്തിയുടെ സമ്മതമില്ലാതെ അവ പരസ്യപ്പെടുത്തുന്നത് സ്വകാര്യതാ ലംഘനമായി കണക്കാക്കും.

സൈബർ കുറ്റകൃത്യ നിരോധന നിയമത്തിലെ 16-ാം ആർട്ടിക്കിള്‍ പ്രകാരം ഇന്റർനെറ്റ് വഴിയുള്ള ബ്ലാക്ക്‌മെയിലിങ്, അപകീർത്തിപ്പെടുത്തല്‍ എന്നിവയ്ക്ക് 3 വർഷം വരെ തടവും 5,000 ഒമാനി റിയാല്‍ പിഴയുമാണ് ശിക്ഷ. സോഷ്യല്‍ മീഡിയ വഴിയുള്ള എല്ലാത്തരം അധിക്ഷേപങ്ങളും നിരീക്ഷണത്തിലാണെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഡിജിറ്റല്‍ ഇടങ്ങള്‍ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam