സൈറണുകള്‍ ഉള്‍പ്പെടെയുള്ള ഔദ്യോഗിക സുരക്ഷാ മുന്നറിയിപ്പുകള്‍ ജനങ്ങള്‍ കർശനമായി പാലിക്കണമെന്ന് ബഹ്‌റൈൻ ഹിദ്ദ് പൊലീസ് സ്റ്റേഷൻ മേധാവി കേണല്‍ ഡോ.
ഒസാമ ബഹർ നിർദ്ദേശിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ‘അല്‍ അമാൻ’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൊബൈല്‍ ഫോണുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ഈ അലേർട്ടുകള്‍ അവഗണിക്കുന്നത് ജീവന് തന്നെ അപകടമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
മിസൈല്‍ അല്ലെങ്കില്‍ ഡ്രോണ്‍ ഭീഷണികള്‍ നേരിടുമ്പോള്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ അവ തടഞ്ഞാലും, അവശിഷ്ടങ്ങള്‍ താഴേക്ക് പതിക്കാൻ സാധ്യതയുണ്ട്. അതിനാല്‍ സൈറണ്‍ മുഴങ്ങുമ്പോള്‍ വീടുകള്‍ക്ക് പുറത്തിറങ്ങാനോ തുറന്ന മേല്‍ക്കൂരകളിലും ജനലുകള്‍ക്ക് സമീപവും നില്‍ക്കാനോ പാടില്ല. ‘ഓള്‍ ക്ലിയർ’ സന്ദേശം ലഭിക്കുന്നത് വരെ എല്ലാവരും സുരക്ഷിത താവളങ്ങളില്‍ തുടരണം. എവിടെയെങ്കിലും ലോഹാവശിഷ്ടങ്ങള്‍ കണ്ടാല്‍ തൊടാതെ ഉടൻ 999 എന്ന നമ്പറില്‍ വിവരം അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

