ജൂണ്‍ 18-ന് വോട്ടെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലെ ഏക രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന് നല്‍കാൻ തമിഴക വെട്രി കഴകം (TVK) തീരുമാനിച്ചു.
ടി.വി.കെ നേതൃത്വം നല്‍കുന്ന സഖ്യത്തിലെ പ്രധാന പങ്കാളിയായ കോണ്‍ഗ്രസിന് സീറ്റ് നല്‍കുന്ന കാര്യം പാർട്ടി അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ് ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് വ്യക്തമാക്കിയത്.
മുൻ സംസ്ഥാന മന്ത്രി കൂടിയായ സി.വി. ഷണ്‍മുഖം രാജ്യസഭാംഗത്വം രാജിവെച്ചതിനെ തുടർന്നാണ് ഈ ഒഴിവ് വന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൈലം മണ്ഡലത്തില്‍ നിന്നും ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് മേയ് ഏഴിനാണ് അദ്ദേഹം സ്ഥാനം രാജിവെച്ചത്.
ഈ സീറ്റിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ എട്ടാണ്. ജൂണ്‍ ഒമ്പതിന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ ജൂണ്‍ 11-ന് ശേഷവും ഒന്നിലധികം സ്ഥാനാർഥികള്‍ രംഗത്തുണ്ടായാല്‍ ജൂണ്‍ 18-ന് സെക്രട്ടേറിയറ്റില്‍ വോട്ടെടുപ്പ് നടക്കുമെന്ന് റിട്ടേണിങ് ഓഫീസർ പി. തേൻമൊഴി അറിയിച്ചു.

