അവസാന പന്തിലേക്ക് നീണ്ട ആവേശ പോരാട്ടത്തില്‍ തൃശൂർ ടൈറ്റൻസിനെ ഒരു റണ്ണിന് പരാജയപ്പെടുത്തി കൊച്ചി ബ്ലൂ ടൈഗേഴ്സ്.
ആദ്യം ബാറ്റ് ചെയ്ത കൊച്ചി ഉയർത്തിയ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന തൃശൂർ 170 റണ്‍സിന് പുറത്താകുകയായിരുന്നു. തുടർച്ചയായ അഞ്ച് പരാജയങ്ങള്‍ക്ക് ശേഷമാണ് കൊച്ചി വിജയവഴിയില്‍ തിരിച്ചെത്തുന്നത്. മൂന്ന് നിർണായക വിക്കറ്റുകള്‍ വീഴ്ത്തി കൊച്ചിയുടെ വിജയത്തില്‍ നിർണായക പങ്കുവഹിച്ച കാർത്തിക് ബി നായരാണ് പ്ലെയർ ഓഫ് ദി മാച്ച്.
ആദ്യം ബാറ്റ് ചെയ്ത കൊച്ചിക്കായി മധ്യനിരയില്‍ മനുകൃഷ്ണനും (50) സച്ചിൻ സുരേഷും (46) ചേർന്ന് അഞ്ചാം വിക്കറ്റില്‍ നേടിയ 90 റണ്‍സിന്റെ കൂട്ടുകെട്ടാണ് മികച്ച സ്കോറിലെത്തിച്ചത്. എന്നാല്‍ ശരത് ചന്ദ്രപ്രസാദിന്റെയും (4 വിക്കറ്റ്) അബ്ദുള്‍ റമീസിന്റെയും (3 വിക്കറ്റ്) തകർപ്പൻ ബൗളിങ് പ്രകടനത്തിന്റെ കരുത്തില്‍ 171 റണ്‍സിന് കൊച്ചിയുടെ ഇന്നിങ്സ് അവസാനിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂരിന് ഷോണ്‍ റോജർ (41), എ.കെ. അർജുൻ (32), നിഖില്‍ തോട്ടത്ത് (31) എന്നിവർ മികച്ച അടിത്തറയിട്ടു. അവസാന ഓവറുകളില്‍ ക്യാപ്റ്റൻ എം.എസ്. അഖിലും എസ്.എസ്. ഷാരോണും തകർത്തടിച്ചതോടെ തൃശൂർ വിജയത്തിനരികിലെത്തി. എന്നാല്‍ അവസാന ഓവറിലെ അഞ്ചാം പന്തില്‍ ഷാരോണിനെ പുറത്താക്കി മുഹമ്മദ് ആഷിക് കൊച്ചിക്ക് നാടകീയ ജയം സമ്മാനിക്കുകയായിരുന്നു. കൊച്ചിക്കായി കാർത്തിക് മൂന്നും ബേസില്‍ തമ്പി, ആഷിക് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

