നടി തൃഷയ്‌ക്കെതിരായ അശ്ലീല/ദ്വയാർഥ പരാമർശ കേസില്‍ അറസ്റ്റിലായ ഡി.എം.കെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിന് സ്റ്റേഷൻ ജാമ്യം ലഭിച്ചു.
ചെന്നൈയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് തഞ്ചാവൂരിലെ ചെങ്കിപ്പട്ടി പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് ചൊവ്വാഴ്ച രാത്രി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. സ്റ്റേഷന് പുറത്തിറങ്ങിയ ഉദയനിധിക്ക് വൻ സ്വീകരണമാണ് ഡി.എം.കെ പ്രവർത്തകർ ഒരുക്കിയത്.
നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് റോഡ് മാർഗ്ഗം ഉദയനിധിയെ തഞ്ചാവൂരിലേക്ക് കൊണ്ടുപോയത്. കാവേരി വിഷയത്തില്‍ തഞ്ചാവൂരില്‍ നടന്ന പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി വിജയിനെയും തൃഷയെയും ബന്ധപ്പെടുത്തി സംസാരിച്ചതിനാണ് കേസെടുത്തത്. ഉദയനിധിയെ ചോദ്യം ചെയ്ത ശേഷം സ്വന്തം ജാമ്യത്തില്‍ വിട്ടയക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉച്ചയ്ക്ക് ഉത്തരവിട്ടിരുന്നു. ഡി.എം.കെ സമർപ്പിച്ച ഹർജിയില്‍ ജസ്റ്റിസ് ജി.കെ. ഇളന്തിരയ്യനാണ് സ്റ്റേഷൻ ജാമ്യം നല്‍കാൻ പോലീസിന് നിർദ്ദേശം നല്‍കിയത്.
പ്രസംഗത്തില്‍ തൃഷയുടെയോ വിജയടെയോ പേര് നേരിട്ട് പരാമർശിച്ചിട്ടില്ലെന്നും സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ലെന്നും ഉദയനിധിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുമെന്നും കസ്റ്റഡിയില്‍ ആവശ്യമില്ലെന്നും സർക്കാർ അഭിഭാഷകനും വ്യക്തമാക്കിയതോടെയാണ് കോടതിയുടെ നിർണ്ണായക ഉത്തരവുണ്ടായത്.

