ഐപിഎല്‍ എലിമിനേറ്ററില്‍ 29 പന്തില്‍ 97 റണ്‍സ് നേടി തകർപ്പൻ പ്രകടനം കാഴ്ചവച്ച രാജസ്ഥാൻ റോയല്‍സിന്റെ 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിക്ക് അഭിനന്ദനങ്ങള്‍ ഒഴുകുകയാണ്.
സെഞ്ചറി നഷ്ടമായെങ്കിലും ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സ് എന്ന ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡ് താരം മറികടന്നു.
ഇതിനിടെ, പാകിസ്ഥാൻ മുൻ താരം മുഹമ്മദ് യൂസഫ് വൈഭവിനെ പ്രശംസിച്ച് നടത്തിയ ഒരു താരതമ്യം സോഷ്യല്‍ മീഡിയയില്‍ ചർച്ചയായി. വൈഭവിനെ മുൻ പാക് താരം ഷാഹിദ് അഫ്രീദിയോട് ഉപമിച്ചാണ് യൂസഫ് എക്‌സില്‍ കുറിപ്പ് പങ്കുവെച്ചത്. അഫ്രീദിയെ ഓർമ്മിപ്പിക്കുന്ന തരത്തില്‍ ഭയമില്ലാതെ ആക്രമിച്ച് കളിക്കുന്ന താരമാണെന്നാണ് യൂസഫിന്റെ വിലയിരുത്തല്‍.
എന്നാല്‍ ഈ താരതമ്യം ആരാധകരില്‍ ഒരു വിഭാഗത്തിന് ഇഷ്ടപ്പെട്ടില്ല. അഫ്രീദിയുമായി താരതമ്യം ചെയ്യുന്നത് വൈഭവിനുള്ള അഭിനന്ദനമല്ലെന്നും, വൈഭവ് തികച്ചും വ്യത്യസ്തനായ താരമാണെന്നുമാണ് ചിലരുടെ പ്രതികരണം.
അതേസമയം, പാകിസ്ഥാൻ സൂപ്പർ ലീഗ് ടീമായ പെഷവാർ സല്‍മിയുടെ ഉടമ ജാവേദ് അഫ്രീദിയും വൈഭവിനെ പ്രശംസിച്ചു. ഇത്ര ചെറുപ്പത്തില്‍ ഇത്ര വലിയ പ്രകടനം കാഴ്ചവയ്ക്കുന്നത് അപൂർവമാണെന്നും, വൈഭവ് ഭാവിയിലെ സൂപ്പർതാരമാണെന്നും അദ്ദേഹം പറഞ്ഞു.
വൈഭവിനെപ്പോലുള്ള യുവതാരങ്ങള്‍ക്ക് കഴിവ് തെളിയിക്കാൻ ഫ്രാഞ്ചൈസി ലീഗുകള്‍ വലിയ വേദിയാണെന്നും, പാകിസ്ഥാനിലെയും യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കേണ്ടതുണ്ടെന്നും ജാവേദ് അഫ്രീദി അഭിപ്രായപ്പെട്ടു

