സി.ബി.എസ്.ഇ.യുടെ പുതിയ ഓണ്‍-സ്‌ക്രീൻ മാർക്കിങ്(ഒ.എസ്.എം.) തകരാറിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ.
'പ്രശ്‌നത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. വിദ്യാർഥികളുടെ ഉത്തരക്കടലാസുകള്‍ സുരക്ഷിതമാണ്. ഒ.എസ്.എം. സംവിധാനത്തില്‍ വീഴ്ചയുണ്ടായി. വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
ആഗോളതലത്തില്‍ ഒട്ടേറെ സ്ഥാപനങ്ങള്‍ ഒ.എസ്.എം. സ്വീകരിച്ചിട്ടുണ്ടെന്നും വിദ്യാർഥികള്‍ക്കായി രൂപകല്പന ചെയ്തതാണ് സംവിധാനമെന്നും പ്രധാൻ വിശദീകരിച്ചു.
അതിനിടെ, ഒ.എസ്.എമ്മില്‍ കേന്ദ്രസർക്കാരിനെതിരേ രൂക്ഷവിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. മുൻപ് വിവാദങ്ങളില്‍പ്പെട്ട കോഎംപ്റ്റ് എജു ടെക് എന്നി കമ്പനിക്ക് എങ്ങനെയാണ് പരീക്ഷാ നടത്തിപ്പിന്റെ കരാർ ലഭിച്ചതെന്നും അദ്ദേഹം ചോദിച്ചു. ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി തകർത്ത വിദ്യാഭ്യാസ മന്ത്രിയെ പ്രധാനമന്ത്രി നേരത്തേതന്നെ പുറത്താക്കേണ്ടതായിരുന്നെന്നും രാഹുല്‍ പറഞ്ഞു. തുടർച്ചയായ തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ കാരണം രാഹുല്‍ നിരാശയിലാണെന്നും രാഷ്ട്രീയത്തിന് മുൻഗണന നല്‍കാതെ വിദ്യാർഥികളുടെ മാനസികസമ്മർദം കുറയ്ക്കാനാണ് ഇപ്പോള്‍ ശ്രമിക്കേണ്ടതെന്നും പ്രതിപക്ഷനേതാവിന് മറുപടിയായി പ്രധാൻ വ്യക്തമാക്കി.

