Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വെള്ളപ്പൊക്കത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോള്‍; വീട് വൃത്തിയാക്കാൻ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകള്‍

വെള്ളപ്പൊക്കത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോള്‍; വീട് വൃത്തിയാക്കാൻ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകള്‍

Radio Keralam 2 weeks ago

വെള്ളപ്പൊക്കം മാറി വീടുകളിലേക്ക് തിരിച്ചെത്തുന്നത് വലിയ ആശ്വാസമാണെങ്കിലും, തിടുക്കപ്പെട്ട് വൃത്തിയാക്കാനിറങ്ങുന്നത് വൻ അപകടങ്ങള്‍ക്ക് വഴിവെച്ചേക്കാം.

കേടുപാടുകള്‍ സംഭവിച്ച കെട്ടിടങ്ങള്‍, വൈദ്യുതാഘാതം, ഗ്യാസ് ചോർച്ച, അണുബാധകള്‍, വിഷജീവികള്‍ എന്നിവയില്‍ നിന്ന് രക്ഷനേടാൻ വീട് വൃത്തിയാക്കുമ്പോള്‍ കർശനമായ മുൻകരുതലുകള്‍ പാലിക്കേണ്ടതുണ്ട്.

അധികൃതരുടെയും പ്രാദേശിക ഭരണകൂടത്തിന്റെയും നിർദേശം ലഭിച്ച ശേഷവും റോഡുകളും പാലങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയും മാത്രം വീട്ടിലേക്ക് മടങ്ങുക.

1. വീട്ടില്‍ പ്രവേശിക്കുന്നതിന് മുൻപും ഉള്ളിലും ശ്രദ്ധിക്കേണ്ടവ

  • കെട്ടിടത്തിന്റെ സുരക്ഷ: ചുമരുകളില്‍ വലിയ വിള്ളലുകള്‍, തൂണുകള്‍ക്ക് ബലക്കുറവ്, മേല്‍ക്കൂരയ്ക്കോ പടികള്‍ക്കോ അപകടാവസ്ഥ എന്നിവയുണ്ടോ എന്ന് പരിശോധിക്കുക. ബലക്ഷയം തോന്നിയാല്‍ വിദഗ്ധ പരിശോധനയ്ക്ക് ശേഷമേ അകത്ത് കയറാവൂ.
  • വായുസഞ്ചാരം: ഉള്ളില്‍ പ്രവേശിച്ച ഉടൻ ജനലുകളും വാതിലുകളും തുറന്നിടുക. ഇത് ദുർഗന്ധവും ഈർപ്പവും വിഷവാതകങ്ങളും പുറത്തുപോകാൻ സഹായിക്കും.

2. വൈദ്യുതി, ഗ്യാസ് സുരക്ഷ

  • വൈദ്യുതി ഓണാക്കരുത്: മെയിൻ സ്വിച്ച്‌ ഓഫ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. നനഞ്ഞ കൈകൊണ്ട് സ്വിച്ചുകളില്‍ തൊടരുത്. ഉപകരണങ്ങള്‍ പൂർണമായി ഉണങ്ങിയ ശേഷവും, ലൈസൻസുള്ള ഇലക്‌ട്രീഷ്യൻ പരിശോധിച്ച ശേഷവും മാത്രം വൈദ്യുതി പുനഃസ്ഥാപിക്കുക.
  • ഗ്യാസ് ചോർച്ച: സിലിണ്ടറിലോ പൈപ്പ് ലൈനിലോ ചോർച്ച മണത്താല്‍ ഉടൻ പുറത്തിറങ്ങുക. ലൈറ്റുകള്‍ ഓണോ ഓഫാക്കുകയോ തീപ്പട്ടി കൊളുത്തുകയോ ചെയ്യരുത്. വാതിലുകള്‍ തുറന്നിടുക.

3. വിഷജീവികളെ സൂക്ഷിക്കുക

  • വെള്ളം കയറിയ വീടുകളില്‍ പാമ്പ്, തേള്‍, എലി, ചിലന്തി തുടങ്ങിയവ ഒളിച്ചിരിക്കാൻ സാധ്യതയേറെയാണ്.
  • അലമാരകള്‍, കട്ടിലിനടി, ഇരുണ്ട മുറികള്‍ എന്നിവ പരിശോധിക്കുക. ചെരുപ്പ്, ഷൂ, വസ്ത്രങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതിന് മുൻപ് നന്നായി കുടഞ്ഞുനോക്കണം.

4. വ്യക്തിഗത സുരക്ഷയും രോഗപ്രതിരോധവും

  • സുരക്ഷാ വസ്ത്രങ്ങള്‍: റബർ ഗംബൂട്ട്, കട്ടിയുള്ള ഗ്ലൗസ്, മാസ്ക്, കണ്ണട, ശരീരം മുഴുവൻ മൂടുന്ന വസ്ത്രങ്ങള്‍ എന്നിവ ധരിച്ചുമാത്രം വൃത്തിയാക്കുക.
  • മുറിവുകള്‍ ശ്രദ്ധിക്കുക: മുറിവുകളുള്ളവർ മലിനജലത്തില്‍ ഇറങ്ങരുത്. അഥവാ വെള്ളം തട്ടിയാല്‍ സോപ്പും ശുദ്ധജലവും ഉപയോഗിച്ച്‌ കഴുകുക.
  • എലിപ്പനി പ്രതിരോധം: പ്രളയജലവുമായി സമ്പർക്കമുള്ളവർ ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ കഴിക്കണം.
  • കുട്ടികളെയും വയോധികരെയും ശുചീകരണ ജോലികളില്‍ പങ്കെടുപ്പിക്കരുത്.

5. അണുനശീകരണവും വീട് കഴുകലും

  • ആദ്യം ശുദ്ധജലവും ഡിറ്റർജന്റും ഉപയോഗിച്ച്‌ മേല്‍ക്കൂരയില്‍ നിന്ന് താഴേക്ക് എന്ന ക്രമത്തില്‍ ചെളി കഴുകിക്കളയുക. ചെളിക്ക് മുകളില്‍ നേരിട്ട് ബ്ലീച്ചിങ് പൗഡർ വിതറുന്നത് ഫലപ്രദമല്ല.
  • ഡി.സി.എസ് ലായനി (DCS): നിലവും ചുമരും അണുവിമുക്തമാക്കാൻ 10 ലിറ്റർ വെള്ളത്തില്‍ 150 ഗ്രാം ബ്ലീച്ചിങ് പൗഡറും 2-3 ടീസ്പൂണ്‍ വാഷിങ് സോഡയും ചേർത്ത് കട്ടകളില്ലാതെ കലക്കി തെളിയൂറ്റിയെടുക്കുക. ഈ ലായനി ഉപയോഗിച്ച്‌ തുടയ്ക്കുക.
  • മുന്നറിയിപ്പ്: ബ്ലീച്ചിങ് പൗഡർ ആസിഡ്, ടോയ്‌ലറ്റ് ക്ലീനർ, വിനാഗിരി എന്നിവയുമായി കലർത്തരുത്. ഇത് വിഷവാതകം ഉണ്ടാക്കും.

6. ഒഴിവാക്കേണ്ടവയും മറ്റു നിർദേശങ്ങളും

  • ഭക്ഷണം, കുടിവെള്ളം: പ്രളയജലം തട്ടിയ ഭക്ഷണ വസ്തുക്കള്‍, തുറന്ന മാവുകള്‍, ഫ്രിഡ്ജില്‍ കേടായവ എന്നിവ കളയുക. കിണറുകള്‍ അണുവിമുക്തമാക്കിയ ശേഷം തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
  • നഷ്ടപ്പെട്ട വസ്തുക്കള്‍: വെള്ളം കയറി പൂപ്പല്‍ പിടിച്ച മെത്ത, തലയണ, തെർമോകോള്‍ തുടങ്ങിയവ ഒഴിവാക്കുക.
  • തെളിവുകള്‍ സൂക്ഷിക്കുക: ഇൻഷുറൻസിനും സർക്കാർ സഹായത്തിനുമായി കേടുപാടുകളുടെ ഫോട്ടോകളും വീഡിയോകളും എടുത്തു വെക്കുക.
  • പനി, ശരീരവേദന, കണ്ണ് ചുവപ്പ്, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടൻ വൈദ്യസഹായം തേടുക.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam