സ്കൂള്‍ വിദ്യാർത്ഥിനികള്‍ക്ക് 3 ദിവസത്തെ ആർത്തവ അവധി നല്‍കുമെന്ന യുഡിഎഫ് സർക്കാർ പ്രഖ്യാപനത്തിനെതിരെ മുൻ ഡിജിപിയും തിരുവനന്തപുരം നഗരസഭാ ബിജെപി കൌണ്‍സിലറുമായ ആർ ശ്രീലേഖ.
വിദ്യാർഥിനികള്‍ക്ക് 3 ദിവസം വരെ എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം ശരിക്കും പെണ്‍കുട്ടികളെ ശക്തരാക്കുമോ അതോ കൂടുതല്‍ അബലകള്‍ ആക്കുമോയെന്ന സംശയമാണ് ആർ ശ്രീലേഖ ഉന്നയിക്കുന്നത്. സാമൂഹ്യ മാധ്യമത്തിലെ കുറിപ്പിലൂടെയാണ് ആർ ശ്രീലേഖയുടെ പ്രതികരണം.
ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണ്. അതില്‍ ചിലർക്ക് ചില വേദനയും ബുദ്ധിമുട്ടും ഒക്കെ ഉണ്ടാകും. ചിലക്ക് വളരെ സ്വാഭാവികമായും അനുഭവപ്പെടും. ആ സമയം വളരെ കഠിനമായ വേദനയുണ്ടായിരുന്ന ഞാൻ ഒരിക്കല്‍ പോലും ഈ കാരണം പറഞ്ഞു സ്കൂളിലോ കോളേജിലോ പോകാതിരുന്നിട്ടില്ല. ഐപിഎസ് പരിശീലന സമയത്തെ കഠിനമായ വ്യായാമ മുറകളില്‍ നിന്ന് ആ ദിവസങ്ങളില്‍ ഞങ്ങള്‍ പെണ്‍കുട്ടികള്‍ ഒരിക്കലും മാറി നിന്നിട്ടില്ല. തീരെ വയ്യാത്തപ്പോള്‍ മാത്രമാണ് അവധി എടുത്തിരുന്നത്. അതൊക്കെയാണ് സ്ത്രീകളുടെ ശക്തി.
എന്നാല്‍ ഇപ്പോള്‍ മാസാമാസം ക്ലാസ്സില്‍ പോകാതിരുന്നാല്‍ വീട്ടുകാരും, വിദ്യാലയവും, നാട്ടുകാരും ഒക്കെ അറിയും എപ്പോഴാണ് ഏതു കുട്ടിക്ക് ആർത്തവം എന്ന്. ഇതാണോ മെൻസ്ട്രുല്‍ ഡിഗ്നിറ്റി? നാണക്കേടല്ലേ? ഇതുപോലുള്ള സൗജന്യങ്ങള്‍ക്ക് പകരം എല്ലാ സ്കൂളിലും കോളേജിലും പെണ്‍കുട്ടികള്‍ക്ക് വൃത്തിയുള്ള ശൗചാലയങ്ങളും നാപ്കിൻ വെൻഡിംഗ് മെഷീനുകളും നല്‍കാൻ ഏർപ്പാടാക്കിക്കൂടെ? അത്യാവശ്യമെങ്കില്‍ സൗജന്യ വേദന സംഹരി മരുന്നുകള്‍ വിദ്യാലയങ്ങളില്‍ ലഭ്യമാക്കുകയും ചെയ്യാം. അതൊക്കെ എല്ലാ വനിതാ ടീച്ചറിനും സ്റ്റാഫിനും ഗുണകരമാവുകയും ചെയ്യും.ഒരു പെണ്‍കുട്ടിയും ഈ കാരണം പറഞ്ഞുകൊണ്ട് പഠിക്കാൻ പോകാതെ മൂന്നല്ല ഒരു ദിവസം പോലും വീട്ടില്‍ ഇരിക്കാൻ ആഗ്രഹിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഇതു സാധാരണ നിലയില്‍ സമ്മതിക്കുന്ന മാതാപിതാക്കളും ഉണ്ടാവില്ലെന്നും ആർ ശ്രീലേഖ ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നത്.

