തമിഴ്നാട് രാഷ്ട്രീയത്തില്‍ ബ്ലോക്ക്ബസ്റ്റർ അരങ്ങേറ്റം കുറിച്ച വിജയ്ക്ക് മുന്നില്‍ പുതിയ വെല്ലുവിളിയായി ഗവർണർ.
കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ഗവർണറെ കണ്ട് സർക്കാർ രൂപീകരണ അവകാശവാദം ഉന്നയിച്ച വിജയ്, നാളെയോ മറ്റന്നാളോ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാമെന്ന് നിനച്ചിരിക്കവെയാണ് ഗവർണർ രാജേന്ദ്ര ആർലേക്കറുടെ വക പുതിയ വെല്ലുവിളി. കേവല ഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് നല്‍കണമെന്ന നിലപാടിലാണ് ഗവർണർ. കോണ്‍ഗ്രസ് പിന്തുണക്ക് പിന്നാലെ 113 എം എല്‍ എമാർ ഒപ്പിട്ട കത്താണ് വിജയ്യും ടി വി കെ പാർട്ടിയും നല്‍കിയത്. എന്നാല്‍ 234 അംഗ നിയമസഭയില്‍ 118 എന്ന മാന്ത്രിക സംഖ്യ കടന്നാല്‍ മാത്രമേ ഭൂരിപക്ഷമാകും.
ഇത് ഉയർത്തിയുള്ള ഗവർണർ നീക്കം വിജയ്യെ വെട്ടിലാക്കിയിരിക്കുകയാണ്. 118 എം എല്‍ എമാർ പിന്തുണക്കുന്നുവെന്ന് വ്യക്തമാക്കുന്ന കത്ത് ഹാജരാക്കണമെന്ന നിലപാടിലാണ് ഗവർണർ. അങ്ങനെയെങ്കില്‍ മാത്രമേ സത്യപ്രതിജ്ഞക്ക് അനുവാദം നല്‍കു എന്നാണ് നിലപാട്. ഇക്കാര്യത്തില്‍ ഗവർണർ നിയമോപദേശം തേടിയിട്ടുണ്ട്. അറ്റോർണി ജനറാലിന്റെ ഉപദേശമാണ് തേടിയത്. 5 പേരുടെ പിന്തുണ കൂടി ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് വിജയ്. സത്യപ്രതിജ്ഞ നടത്തി മുഖ്യമന്ത്രിയായി അധികാരമേറ്റാല്‍ പിന്തുണ ഉറപ്പിക്കല്‍ എളുപ്പമാകുമെന്ന് നിനച്ചിരിക്കവെയാണ് ഗവർണറുടെ വക പുതിയ വെല്ലുവിളി.

