യുഎഇയിലെ ഇന്ത്യൻ പൗരന്മാരുടെ പാസ്പോർട്ട് , വിസ സേവനങ്ങളിലെ പ്രതിസന്ധി കനത്തേക്കും. പുതിയ കമ്പനി ചുമതല ഏറ്റെടുക്കുന്നത് നീണ്ടതോടെ തുടർന്നുള്ള ദിവസങ്ങളിലും എംബസിയും കോണ്‍സുലേറ്റും നല്‍കുന്ന സേവനങ്ങള്‍ മാത്രമായിരിക്കും ആശ്രയം.
ഈ മാസം ഒന്നിനായിരുന്നു പാസ്പോർട്ട്, വിസ , അറ്റസ്റ്റേഷൻ സേവനങ്ങള്‍ക്കായി പുതിയ കമ്പനി ചുമതല ഏറ്റെടുക്കേണ്ടിയിരുന്നത്. രാജ്യത്താകെ 16 കേന്ദ്രങ്ങളിലായി ലഭിക്കുന്ന സേവനങ്ങള്‍ക്ക് തുടർന്നും എംബസിയിലും കോണ്‍സുലേറ്റിലും നേരിട്ട് എത്തണം.
പാസ്പോർട്ട്, വിസ , അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങള്‍ യുഎഇയിലേത് ബിഎല്‍എസ് എന്ന കമ്പനി മാറി അല്‍ഹിന്ദ് ടൂർസ് ആൻഡ് ട്രാവല്‍സ് ഏറ്റെടുക്കേണ്ട സമയം ഈ മാസം 1ന് കഴിഞ്ഞു. പക്ഷെ ചുമതല ഏറ്റെടുക്കല്‍ മാത്രം നടക്കുന്നില്ല. ഭരണപരമായ കാരണങ്ങളാണ് എന്ന് വിശദീകരണം. നിയമ തർക്കങ്ങള്‍ വൈകലിന് കാരണമാകുന്നുവെന്നാണ് വിവരം. ഇതോടെ അടിയന്തരമായി നല്‍കിയിരുന്ന ഈ സേവനങ്ങള്‍ തുടർന്നും എംബസിയും കോണ്‍സുലേറ്റും ചേർന്ന് നേരിട്ട് നല്‍കും. 16 കേന്ദ്രങ്ങളിലായി ഒരുക്കിയ സൗകര്യം തുറക്കാതെ എംബസിയും കോണ്‍സുലേറ്റും മാത്രമാക്കുമ്പോള്‍ ഇത് പ്രതിസന്ധി സൃഷിട്ക്കും എന്നുറപ്പ്. പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ ആവശ്യങ്ങളുള്ളവർ ഒന്നുകില്‍ അബുദാബിയിലെ ഇന്ത്യൻ എംബസിയിലും അല്ലെങ്കില്‍ ദുബായിലെ കോണ്‍സുലേറ്റിലും നേരിട്ട് എത്തണം. സമയം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ.

