ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി(ULCCS)യുടെ അനുഭവാവതരണം.
'സഹകരണധനകാര്യസ്ഥാപനങ്ങള്‍' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദ്വിദിനസിമ്പോസിയത്തിലാണ് ഊരാളുങ്കല്‍ സൊസൈറ്റിയുടെ മാതൃക അവതരിപ്പിക്കപ്പെട്ടത്. ഐക്യരാഷ്ട്രസഭയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക് ആൻഡ് സോഷ്യല്‍ അഫയേഴ്സ് (UN DESA), ഇന്റർനാഷണല്‍ കോ-ഓപ്പറേറ്റീവ് ബാങ്കിങ് അസോസിയേഷൻ (ICBA), ഇന്റർനാഷണല്‍ കോ-ഓപ്പറേറ്റീവ് അലയൻസ് (ICA) എന്നിവ ചേർന്നാണ് സിമ്പോസിയം സംഘടിപ്പിച്ചത്. 'ഉള്‍ച്ചേർക്കുന്നതും സമത്വപൂർണ്ണവുമായ വളർച്ചയ്ക്ക് ഊർജ്ജം പകരാൻ' എന്നതായിരുന്നു ശീർഷകം.
ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തു നടന്ന സിമ്പോസിയത്തിന്റെ ആദ്യദിനത്തില്‍ 'സമ്പ്രദായങ്ങള്‍ - സഹകരണസ്ഥാപനങ്ങളുടെ പരസ്പരസഹകരണവും ധനലഭ്യതയും' എന്ന വട്ടമേശസമ്മേളനത്തിലായിരുന്നു അവതരണം. പാനലിസ്റ്റായി ക്ഷണിക്കപ്പെട്ട ഊരാളുങ്കല്‍ സൊസൈറ്റി ചീഫ് പ്രോജക്‌ട് കോ-ഓർഡിനേറ്ററും ഇന്റർനാഷണല്‍ കോ-ഓപ്പറേറ്റീവ് അലയൻസ് - ഏഷ്യ ആൻഡ് പസഫിക്കി(ICA-AP)ന്റെ കമ്മിറ്റി ഓണ്‍ അഗ്രികള്‍ച്ചർ ആൻഡ് എൻവയോണ്‍മെന്റ് (ICAE) വൈസ് ചെയർപേഴ്സണുമായ കിഷോർ കുമാർ ടി. കെ. ആണ് അവതരണം നടത്തിയത്. ഊരാളുങ്കലിന്റെ സഹകരണവികസനമാതൃക പഠിക്കാനും പ്രാദേശികസാഹചര്യങ്ങളില്‍ പകർത്താനും നിരവധി രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു.
സഹകരണസംഘങ്ങളുടെ പരസ്പരസഹകരണത്തിലൂടെ ധനസമാഹരണവും കൂട്ടായ വളർച്ചയും സാദ്ധ്യമാക്കാൻ ഊരാളുങ്കല്‍ സൊസൈറ്റി വികസിപ്പിച്ച മാതൃക കിഷോർ കുമാർ വിവരിച്ചു. ഈ മാതൃകയെ ഐക്യരാഷ്ട്രസഭയുടെ വികസനപരിപാടി (UNDP) 2013-ല്‍ത്തന്നെ പഠിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ മാതൃകാസഹകരണസംഘമായി ഊരാളുങ്കല്‍ സൊസൈറ്റിയെ തെരഞ്ഞെടുക്കുകയും ആഗോളമാതൃക എന്നനിലയില്‍ അവർ ഡോക്യുമെന്റ് ചെയ്ത് ലോകമാകെ പ്രദർശിപ്പിക്കുകയും ചെയ്തതാണ്. ഐക്യരാഷ്ട്രസഭയുടെ സിമ്പോസിയത്തിലെ ഇപ്പോഴത്തെ ക്ഷണം ഊരാളുങ്കല്‍ സൊസൈറ്റിയുടെ സുസ്ഥിരവും ജനാധിപത്യപൂർണ്ണവും ജനകേന്ദ്രിതവുമായ വികസനമാതൃകയുടെ വർദ്ധിച്ചുവരുന്ന അന്താരാഷ്ട്ര അംഗീകാരത്തിന്റെ പ്രതിഫലനമായി.
പ്രാദേശികസാമ്പത്തികവികസനത്തില്‍ സഹകരണപ്രവർത്തനങ്ങള്‍, വികേന്ദ്രീകൃതവികസനം, സാമൂഹിക ഉടമസ്ഥത, സഹകരണകണ്‍സോർഷ്യം വഴിയുള്ള ധനസമാഹരണം എന്നിവയ്ക്കുള്ള പ്രാധാന്യവും കിഷോർ കുമാർ ഊന്നിപ്പറഞ്ഞു. ഓരോ വെല്ലുവിളിയെയും സമഗ്രവളർച്ചയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള അവസരങ്ങളാക്കി മാറ്റിക്കൊണ്ട് സാമൂഹിക, സാമ്പത്തിക, ആഗോള, പരിവർത്തനങ്ങളോട് യുഎല്‍സിസിഎസ് വിജയകരമായി പ്രതികരിച്ച അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു. നിർമ്മാണക്കരാർസംഘം ആയിരുന്ന സൊസൈറ്റി, സഹകരണമേഖലയിലെ വൈവിദ്ധ്യവത്ക്കരണസാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി ഐടി, ടൂറിസം, നൈപുണ്യവികസനം, ആർട്സ് & ക്രാഫ്റ്റ്സ്, നൂതനസാങ്കേതികവിദ്യാസ്വീകരണം തുടങ്ങിയ മേഖലകളിലേക്കു വ്യാപിച്ചത് സദസിനു കൗതുകമായി.

യുഎല്‍ സൈബർപാർക്ക്, കേരള ആർട്സ് & ക്രാഫ്റ്റ്സ് വില്ലേജ്, സർഗാലയ ക്രാഫ്റ്റ് വില്ലേജ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കണ്‍സ്ട്രക്ഷൻ, മാറ്റർലാബ് തുടങ്ങിയ സംരംഭങ്ങള്‍ യുവാക്കള്‍, കരകൗശലത്തൊഴിലാളികള്‍, വൈദഗ്ധ്യമുള്ള തൊഴിലാളികള്‍, ഗ്രാമീണസമൂഹങ്ങള്‍ തുടങ്ങി സമൂഹത്തിലെ വിവിധവിഭാഗങ്ങള്‍ക്കു സുസ്ഥിരമായ ഉപജീവനമാർഗ്ഗങ്ങള്‍ സൃഷ്ടിച്ചു. സാമൂഹിക ഉള്‍ക്കൊള്ളല്‍ ഉറപ്പാക്കിക്കൊണ്ട് പ്രാദേശികസമ്പദ്‌വ്യവസ്ഥകളെ ശക്തിപ്പെടുത്താൻ ധനകാര്യം, അടിസ്ഥാനസൗകര്യങ്ങള്‍, വിദ്യാഭ്യാസം, ടൂറിസം, സാങ്കേതികവിദ്യ എന്നീ മേഖലകളില്‍ ഊരാളുങ്കല്‍ സഹകരണപങ്കാളിത്തം നേടിയതും കിഷോർ കുമാർ പങ്കുവെച്ചു.
സമഗ്രവും സുസ്ഥിരവും പ്രതിരോധശേഷിയുള്ളതുമായ സമ്പദ്‌വ്യവസ്ഥകള്‍ കെട്ടിപ്പടുക്കുന്നതില്‍ സഹകരണധനകാര്യത്തിന്റെ പങ്കു ചർച്ചചെയ്യാൻ ഒരുക്കിയ സഹകരണധനകാര്യസ്ഥാപനങ്ങള്‍, സർക്കാരുകള്‍, വികസനയേജൻസികള്‍, അന്താരാഷ്ട്രസംഘടനകള്‍ എന്നിവയിലെ ആഗോളനേതാക്കളുടെ സംയുക്തവേദി ആയിരുന്നു സിമ്പോസിയം.

