ഇറാന്റെ ബുഷെർ പ്രവിശ്യയില്‍ വെച്ച് അമേരിക്കൻ വിമാനം വെടിവെച്ചിട്ടെന്ന അവകാശവാദവുമായി ഇറാൻ. ഇറാന്റെ സ്റ്റേറ്റ് ടെലിവിഷനാണ് യുഎസ് വിമാനം തകർത്തതായി ആദ്യം വാർത്ത പുറത്തുവിട്ടത്.
ബുഷെർ പ്രവിശ്യയിലെ ജാം മേഖലയില്‍ വെള്ളിയാഴ്ച പുലർച്ചെ ഒരു ‘ശത്രുവിമാനം’ തടയുകയും അത് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് വിജയകരമായി വെടിവെച്ചിടുകയും ചെയ്തതായി ജാം കൗണ്ടി ഗവർണർ മസൂദ് തംഗേസ്താനി പറഞ്ഞതായി റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. വിമാനം തകർത്തതോടെ നഗരത്തിലെ സാഹചര്യം സാധാരണ നിലയിലായതായി അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്‌നീമും റിപ്പോർട്ട് ചെയ്തു. ഗള്‍ഫ് മേഖലയില്‍ യുഎസും ഇറാനും തമ്മില്‍ ശക്തമായ പിരിമുറുക്കം നിലനില്‍ക്കുന്നതിനിടയിലാണ് ഈ പുതിയ റിപ്പോർട്ടുകള്‍ പുറത്തുവരുന്നത്.
എന്നാല്‍ ഈ റിപ്പോർട്ടുകള്‍ യുഎസ് സെൻട്രല്‍ കമാൻഡ് (CENTCOM) പൂർണ്ണമായും തള്ളി. മേഖലയില്‍ അമേരിക്കൻ വിമാനങ്ങളൊന്നും തന്നെ തകർക്കപ്പെട്ടിട്ടില്ലെന്നും, തങ്ങളുടെ എല്ലാ വ്യോമ ആസ്തികളും പൂർണ്ണമായും സുരക്ഷിതമാണെന്നും യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇറാൻ മാധ്യമങ്ങള്‍ നല്‍കുന്ന വാർത്തകള്‍ തീർത്തും വ്യാജമാണെന്ന് സെൻട്രല്‍ കമാൻഡ് ഔദ്യോഗികമായി എക്സിലൂടെ വ്യക്തമാക്കി.
അതേസമയം, പുതിയ സംഭവവികാസങ്ങളോടെ മേഖലയില്‍ ഇറാനും അമേരിക്കയും തമ്മിലുള്ള പിരിമുറുക്കം വീണ്ടും വർദ്ധിച്ചിരിക്കുകയാണ്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപം യുഎസുമായി ബന്ധമുള്ള കപ്പലുകള്‍ ഉള്‍പ്പെടെ നാല് കപ്പലുകളെ ഇറാൻ റെവല്യൂഷണറി ഗാർഡ് (IRGC) ലക്ഷ്യം വെച്ചതായി ഇതിനിടെ റിപ്പോർട്ടുകള്‍ വന്നിരുന്നു. ഇതിന് തിരിച്ചടിയായി ഇറാന്റെ സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന എണ്ണ വ്യാപാര ശൃംഖലയ്ക്കെതിരെ അമേരിക്ക പുതിയ കടുത്ത ഉപരോധങ്ങള്‍ ഏർപ്പെടുത്തി. ഇറാന്റെ സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിന് എണ്ണ വരുമാനം ഉപയോഗിക്കുന്നത് തടയുകയാണ് പുതിയ ഉപരോധത്തിന്റെ ലക്ഷ്യമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് വ്യക്തമാക്കി.

