തിരുവനന്തപുരം: പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി യുവാവിന്‍റെ കണ്ണില്‍ പെപ്പര്‍ സ്‌പ്രേ അടിച്ചെന്ന പരാതിയില്‍ 50,000 രൂപ നഷ്ടപരിഹാരം നല്‍കാൻ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.
ചിറയിന്‍കീഴ് സ്വദേശിയായ ശ്രീനാഥിനാണ് നഷ്ടപരിഹാരം നല്‍കാൻ കമ്മീഷൻ നിർദേശിച്ചത്. 2023 ഒക്ടോബര്‍ 9ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. വിവാഹമോചന കേസ് നടക്കുന്നതിനിടെ ഭാര്യയുടെ മൊബൈലിലേക്ക് സന്ദേശമയച്ചെന്ന പേരില്‍ ചിറയിന്‍കീഴ് പോലീസ് സ്റ്റേഷനിലായിരുന്നു യുവാവിനെതിരായ അതിക്രമം നടന്നത്. സംഭാഷണത്തിനിടെ പ്രകോപിതനായ എസ്‌ഐ കണ്ണില്‍ പെപ്പര്‍ സ്‌പ്രേ അടിച്ചെന്നായിരുന്നു പരാതി. തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവിയും മനുഷ്യാവകാശ കമ്മീഷനും പരാതിയില്‍ അന്വേഷണം നടത്തിയിരുന്നു. യുവാവിന്‍റെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷൻ നഷ്ടപരിഹാരം നല്‍കാൻ ഉത്തരവിട്ടത്.
