തിരുവനന്തപുരം: സ്പോർട്സ് കൗണ്‍സിലില്‍ സമഗ്ര അഴിച്ചുപണിക്ക് കായിക വകുപ്പ് ഒരുങ്ങുന്നു. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ അഞ്ച് വർഷം സ്പോർട്സ് കൗണ്‍സില്‍ നടത്തിയ മുഴുവൻ പർച്ചേസുകളും പരിശോധിക്കാൻ തീരുമാനിച്ചു.
സ്പോർട്സ് കൗണ്‍സിലില്‍ അടിസ്ഥാന വിവരങ്ങളോ രേഖകളോ ഇല്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. കായിക താരങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലും കൗണ്‍സിലിന്‍റെ കൈവശമില്ല. താരങ്ങള്‍ക്ക് വിതരണം ചെയ്യാതെ ഗോഡൗണില്‍ കെട്ടിക്കിടക്കുന്ന നൂറുകണക്കിന് ഉപകരണങ്ങളുടെയും വസ്ത്രങ്ങളുടെയും ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് വലിയ വിവാദമായതോടെ കായിക ഉപകരണങ്ങളും ജേഴ്സികളും ധൃതിയില്‍ വിതരണം ചെയ്യാനുള്ള നീക്കത്തിലാണ് കൗണ്‍സില്‍. സംഭവം വിവാദമായതിനെ തുടർന്ന് കായിക മന്ത്രി നേരിട്ട് ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയെങ്കിലും ഈ പൂഴ്ത്തിവെപ്പിന് തൃപ്തികരമായ ഒരു മറുപടിയും നല്‍കാൻ ഉദ്യോഗസ്ഥർക്കായില്ല. മൂന്ന് വർഷം വരെ പഴക്കമുള്ള കായിക ഉപകരണങ്ങളും വസ്ത്രങ്ങളുമാണ് കെട്ട്പൊട്ടിക്കാത്ത നിലയില്‍ ഗോഡൗണില്‍ നിന്ന് കണ്ടെത്തിയത്.
