ലക്നോ: വീടിന്‍റെ മുകളില്‍ കളിച്ചുകൊണ്ടിരുന്ന ഒന്പത് വയസുകാരിയെ തള്ളിയിട്ട് കുരങ്ങിന്‍റെ ആക്രമണം. നിലത്ത് വീണ കുട്ടി മരിച്ചു.
ഉത്തർപ്രദേശിലെ ബല്‍റാംപുരില്‍ അശോക് കുമാറിന്‍റെ മകള്‍ ശുഭിയാണ് മരിച്ചത്. മറ്റ് കുട്ടികളോടൊപ്പം വീടിന്‍റെ ടെറസില്‍ കളിക്കുകയായിരുന്ന ശുഭിയെ കുരങ്ങ് പെട്ടെന്ന് ആക്രമിക്കുകയും മുകളില്‍ നിന്ന് താഴേയ്ക്ക് തള്ളിയിടുകയുമായിരുന്നു. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ ശുഭിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് വിദഗ്ധ ചികിത്സക്കായി മറ്റൊരാശുപത്രിയില്‍ കൊണ്ടുപോയെങ്കിലും വഴി മധ്യേ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.പ്രദേശത്ത് കുരങ്ങുകളുടെ ശല്യം രൂക്ഷമാണെന്ന് പരാതിപ്പെട്ടിട്ടും അധികൃതർ നടപടിയെടുത്തിട്ടില്ലെന്ന് ആരോപിച്ച് സമീപവാസികള്‍ പ്രതിഷേധ പ്രകടനം നടത്തി. കുരങ്ങുകളുടെ ആക്രമണത്തില്‍ മരിക്കുന്നവർക്ക് ദുരന്തനിവാരണ ചട്ടങ്ങള്‍ പ്രകാരം പ്രത്യേക നഷ്ടപരിഹാരത്തിന് നിലവില്‍ വ്യവസ്ഥയില്ലെങ്കിലും കുട്ടിയുടെ കുടുംബത്തെ സഹയിക്കാനായി വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തിപരമായി സംഭാവനകള്‍ നല്‍കി.
