കൊച്ചി: നടി അൻസിബ തൃക്കാക്കര അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണർ ഓഫീസില്‍ ഹാജരായി. അമ്മ സംഘടനയുടെ ഭാരവാഹി ടിനി ടോമിനെതിരെ തുറന്നടിച്ച് നടി അൻസിബ ഹസൻ.
ടിനി ടോം സാമൂഹിക വിപത്തെന്നും, ടിനി ടോമിനെതിരെ തെളിവുകളുണ്ടെന്നും അൻസിബ പറഞ്ഞു. പ്രസിഡന്റ് ശ്വേത മേനോൻ അടക്കം ടിനി ടോമിനെ സംരക്ഷിക്കുന്നെന്നും അൻസിബ ആരോപിച്ചു.
അമ്മ വൈസ് പ്രസിഡന്റ് ലക്ഷ്മി പ്രിയ, ഹില്‍ പാലസ് എസ് ഐ രേഷ്മ എന്നിവർക്കെതിരെ മൊഴി നല്‍കാൻ നടി അൻസിബ ഹസൻ എത്തി. ടിനി ടോം തന്നോട് മാത്രമല്ല ഒരു സമൂഹത്തോടാണ് ദ്രോഹം ചെയ്തതെന്ന് അൻസിബ പറഞ്ഞു. കേരളം പോലെ സെക്കുലർ ആയ ഒരു സ്റ്റേറ്റിനോടാണ് തെറ്റ് ചെയ്തത്. ഒരാളോട് വ്യക്തിവിരോധം തീർക്കാൻ ഒന്നും കിട്ടാതിരിക്കുമ്പോള്‍ പേര് അൻസിബ ഹസൻ എന്നായതുകൊണ്ട് തെറ്റായ സന്ദേശം സമൂഹത്തിന് കൊടുക്കാനാണ് ശ്രമിച്ചത്.
തനിക്കെതിരെ ലക്ഷ്മിപ്രിയ വ്യാജ പരാതി നല്‍കി എന്ന് അൻസിബ പറഞ്ഞു. എസ്‌ഐ മൂന്ന് മണിക്കൂർ മാനസികമായി ബുദ്ധിമുട്ടിച്ചെന്ന് അൻസിബ വെളിപ്പെടുത്തി. രണ്ടുപേരും ചേർന്ന് നടത്തിയ ആസുത്രിത നീക്കമെന്ന് അൻസിബ പരാതിയില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയ്ക്കും, ഡിജിപിയ്ക്കും നല്‍കിയ പരാതിയാണ് തൃക്കാക്കര എസിപിക്ക് കൈമാറിയത്. തനിക്ക് ലഭിക്കേണ്ട മാനുഷിക പരിഗണന പൊലീസില്‍ നിന്ന് ലഭിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു.

