Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കേരളത്തിലെ ഗുഹാക്ഷേത്രങ്ങളിലൂടെ സഞ്ചരിക്കാം

കേരളത്തിലെ ഗുഹാക്ഷേത്രങ്ങളിലൂടെ സഞ്ചരിക്കാം

Real News Kerala 4 days ago

കേരളത്തിലെ നാടോടി ജീവിത പാരമ്പര്യം സ്ഥിരവാസത്തിലെത്തുന്ന കാലത്ത് രൂപപ്പെട്ടതാണ് കേരളത്തിലെ ഗുഹാക്ഷേത്രങ്ങള്‍.

തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം, മടവൂര്‍പ്പാറ, കൊല്ലം ജില്ലയിലെ കോട്ടുക്കല്‍, പത്തനംതിട്ട ജില്ലയിലെ തൃക്കക്കുടി (കവിയൂര്‍) എറണാകുളം ജില്ലയിലെ പെരുമ്പാ വൂരുള്ള കല്ലില്‍, തൃശൂര്‍ ജില്ലയിലെ തൃക്കൂര്‍, ഇരുനിലക്കോട്, ഇടുക്കി ജില്ലയിലെ മറയൂര്‍, വയനാടു ജില്ലയിലെ ഇടക്കല്‍, കണ്ണൂര്‍ ജില്ലയിലെ കുന്നത്തൂര്‍പ്പാടി എന്നിവടങ്ങളിലെ ഗുഹകളില്‍ കണ്ടുവരുന്ന ചിത്രങ്ങളും ശില്‍പങ്ങളും കേരളചരിത്ര ത്തിലെ സുപ്രധാന ഈടുവയ്പ്പുകളാണ്.

ആന, മാന്‍, വേട്ടപ്പട്ടി ഇവയോടൊപ്പം ജ്യാമിതീയ രൂപങ്ങളും ആരക്കാലുള്ള ചക്രങ്ങളും ഇവിടെ കാണാന്‍ കഴിയും. മറ്റു ഗുഹാക്ഷേത്രങ്ങളില്‍ ദ്വാരപാലകര്‍, നന്ദി, ഗണപതി, വിഷ്ണു, ദക്ഷിണാമൂര്‍ത്തി, സന്യാസിമാര്‍, ശിവന്‍, ഭൂതഗണങ്ങള്‍, ഹനുമാന്‍ എന്നീ രൂപങ്ങള്‍ കൊത്തിവച്ചിരിക്കുന്നു. സ്ത്രീരൂപങ്ങളോ നൃത്തരൂപങ്ങളോ ഇവിടെ കാണാൻ കഴിയില്ല.

1. കവിയൂർ തൃക്കക്കൊടി ഗുഹാക്ഷേത്രം

എ.ഡി. എട്ടാം നൂറ്റാണ്ടില്‍ പല്ലവ രഥശില്പശൈലിയില്‍ നിർമ്മിക്കപ്പെട്ട ഗുഹാക്ഷേത്രമാണ് കവിയൂർ തൃക്കക്കുടി ഗുഹാക്ഷേത്രം. പത്തനംതിട്ട ജില്ലയിലെ തൃക്കവിയൂർ മഹാദേവക്ഷേത്രത്തില്‍ നിന്നും ഒന്നരകിലോമീറ്റർ വടക്കുമാറി ഏകദേശം അഞ്ചര ഏക്കറോളം വിസ്തൃതിയില്‍ ഉയർന്ന് മുഖാമുഖം സ്ഥിതിചെയ്യുന്ന രണ്ട് പാറക്കെട്ടുകളിലൊന്നിലാണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടിട്ടുള്ളത്.

പാണ്ഡവരുടെ വനവാസകാലത്ത് നിർമ്മിക്കപ്പെട്ടതാണ് ക്ഷേത്രമെന്ന് ഐതിഹ്യം പറയുന്നു. വനനിബിഡമായ തൃക്കക്കുടി ഗുഹാപരിസരത്ത് ഒളിവില്‍ കഴിഞ്ഞ പാണ്ഡവർ പ്രദേശ സൗന്ദര്യത്തില്‍ ആകൃഷ്ടരായി ഇവിടെ ശിവലിംഗ പ്രതിഷ്ഠയോടുകൂടിയ ഗുഹാക്ഷേത്രം നിർമ്മിച്ചുവെന്നാണ് വിശ്വാസം. കൗരവർ പാണ്ഡവരെ തിരിച്ചറിഞ്ഞെന്ന് മനസ്സിലാക്കിയ ഹനുമാൻ സഹോദരനായ ഭീമനേയും മറ്റ് പാണ്ഡവരേയും കോഴിയുടെ രൂപത്തിലെത്തി അറിയിച്ചതിനാലാണ് ഇന്നും ക്ഷേത്ര നിർമ്മാണം പൂർണ്ണതയില്‍ എത്താത്തതെന്ന് വിശ്വസിക്കപ്പെടുന്നു.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലാണീ ക്ഷേത്രം. ഗുഹാക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല പുരാവസ്തു വകുപ്പിനാണ്. പുരാവസ്തു വിദഗ്ദ്ധനായ കൃഷ്ണചൈതന്യ ഇവിടെയുള്ളതുപോലെ ദ്വാരപാലക ശില്പങ്ങള്‍ ഇൻഡ്യയില്‍ മറ്റൊരു സ്ഥലത്തും കാണാൻ കഴിഞ്ഞിട്ടില്ലെന്ന് വിലയിരുത്തിയിട്ടുണ്ട്.

2. കോട്ടുക്കല്‍ ഗുഹാക്ഷേത്രം

കൊല്ലം ജില്ലയിലെ അഞ്ചലിനടുത്തുള്ള ഇട്ടിവ ഗ്രാമപഞ്ചായത്തില്‍ കോട്ടുക്കല്‍ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏക ശിലയില്‍ കൊത്തിയെടുത്ത ക്ഷേത്രമാണ് കോട്ടുക്കല്‍ ഗുഹാ ക്ഷേത്രം. കേരളസർക്കാരിന്റെ സംരക്ഷണയിലാണ് ഈ ക്ഷേത്രം. ശിവനാണ് പ്രതിഷ്ഠ.

ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒന്നിലധികം ഐതിഹ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ശിവന്റെ ഭൂതഗണങ്ങള്‍ ചുമന്നുകൊണ്ടുവന്ന പാറയായ ഇതിനെക്കുറിച്ച്‌ ശിവഭക്തനായ സന്യാസിക്ക് സ്വപ്നദർശനം ലഭിക്കുകയും അദ്ദേഹം ഈ പാറയില്‍ ശിവക്ഷേത്രം നിർമ്മിച്ചു വെന്നാണ് ഒരു ഐതിഹ്യം ശിവഭക്തരായ രണ്ട് ദേവതകള്‍ ബ്രഹ്മമുഹൂർത്തത്തില്‍ ക്ഷേത്രസ്ഥാപനം നടത്തുക എന്ന ഉദ്ദേശ്യത്തോടെ ആകാശമാർഗ്ഗത്തില്‍ സഞ്ചരിക്കുകയും. ഈ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലമെത്തിയപ്പോള്‍ കോഴികൂവുകയും ചെയ്തു. സൂര്യോദയം ആണെന്നുകരുതി, അത് ഇവിടെ സ്ഥാപിച്ചു എന്നത് മറ്റൊരു ഐതിഹ്യമായും കരുതപ്പെടുന്നു. ഒറ്റപ്പാറയില്‍ കിഴക്കോട്ട് അഭിമുഖമായിട്ടാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. പത്തടി നീളവും എട്ടടി വീതിയുമുള്ള രണ്ടു മുറികളുണ്ട് ഈ മുറികളിലാണ് രണ്ട് ശിവലിംഗങ്ങള്‍ പാറയാല്‍ നിർമ്മിച്ച പീഠത്തില്‍ സ്ഥാപിച്ചിരിക്കുന്നത്.

3. മടവൂർപ്പാറ ഗുഹാക്ഷേത്രം

തിരുവനന്തപുരം ജില്ലയില്‍ പോത്തൻകോടിനും ചെമ്പഴന്തിക്കും ഇടയിലാണ് മടവൂർപ്പാറ. കുന്നിന്റെ മുകളിലാണ് മടവൂർപ്പാറ ഗുഹാശിവക്ഷേത്രം. പുരാതന ജൈനഗുഹാ ക്ഷേത്രങ്ങളുടെ ചില അംശങ്ങള്‍ ഇവിടെ കാണുവാൻ സാധിക്കും. ചതുരാകൃതിയില്‍ പാറയ്ക്കുള്ളിലേക്ക് തുറന്നാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. പ്രധാന പ്രതിഷ്ഠ പരമശിവൻ. ക്ഷേത്രത്തിനു മുകളിലേക്ക് കയറുവാൻ 33 പടികള്‍ പാറയില്‍ തന്നെ തീർത്തിട്ടുണ്ട്. പടികള്‍ തീരുന്നിടത്ത് ക്ഷേത്ര ദർശനത്തിനായി കുറച്ചു ഭാഗം മുന്നിലേക്ക് ഒരുക്കിയിട്ടുണ്ട്.

ആയിരം വർഷത്തോളം പഴക്കം ക്ഷേത്രത്തിനുണ്ടെന്നു കരുതുന്നു. പല്ലവകാല ഘട്ടത്തിലെ കലാചാതുരിയ്ക്ക് ഉത്തമ ഉദാഹരണമായി ഈ ക്ഷേത്ര നിർമ്മിതി കരുതപ്പെടുന്നു. 1960 കാലഘട്ടത്തില്‍ ക്ഷേത്രം ചെങ്കോട്ടുകോണം ആശ്രമത്തിൻറെ കീഴില്‍ ആയിരുന്നു. അവരില്‍ നിന്നും കേരള പുരാവസ്തു വകുപ്പ് ക്ഷേത്രം ഏറ്റെടുത്തു.

2010ല്‍ സർക്കാർ പൈതൃക പരിസ്ഥിതി ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിച്ചു. മുളപ്പാലവും സഞ്ചാരികള്‍ക്ക് കുടിലുകളും കുട്ടികള്‍ക്കായി പാർക്കും നിർമ്മിച്ചിട്ടുണ്ട്.

4. വിഴിഞ്ഞം ഗുഹാക്ഷേത്രം

തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്തുള്ള പാറ തുരന്ന് നിർമിച്ച ഒരു അറ മാത്രമുള്ള ക്ഷേത്രമാണ് വിഴിഞ്ഞം ഗുഹാക്ഷേത്രം. ഇതിനുള്ളില്‍ വീണാധാര ദക്ഷിണാമൂർത്തിയുടെ പ്രതിമ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. പുറത്തെ ഭിത്തിയില്‍ ഒരുവശത്ത് ശിവന്റെയും പാർവതിയുടെയും ശി‌ല്‍പ്പങ്ങളുണ്ട്. മറുവശത്ത് ശിവന്റെ കിരാത രൂപമാണ് കൊത്തിയിരിക്കുന്നത്. നഗരഹൃദയത്തില്‍ നിന്ന് ഏകദേശം 17 കിലോമീറ്റർ ദൂരെയാണിത്. വർഷങ്ങളോളം ഈ ക്ഷേത്രം ശ്രദ്ധിക്കപ്പെടാതെ കിടക്കുകയായിരുന്നു. എട്ടാം നൂറ്റാണ്ടില്‍ ആയ് രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു വിഴിഞ്ഞം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Realnewskerala