Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മിന്നല്‍പ്രളയത്തില്‍ വിറങ്ങലിച്ച്‌ നേപ്പാള്‍; മരണസംഖ്യ 160 കടന്നു

മിന്നല്‍പ്രളയത്തില്‍ വിറങ്ങലിച്ച്‌ നേപ്പാള്‍; മരണസംഖ്യ 160 കടന്നു

Real News Kerala 3 weeks ago

കാഠ്മണ്ഡു: നേപ്പാളില്‍ ഭോട്ടെകോശി നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു.

മരണസംഖ്യ 160 കടന്നു. അപകടത്തില്‍ 105 ഇന്ത്യൻ പൗരന്മാരെ കാണാതായിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. നേപ്പാള്‍ നദീതീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് നേപ്പാള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ബുധനാഴ്ച രാത്രി വരെ 157 മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് നേപ്പാള്‍ പൊലീസ് അറിയിച്ചത്. നേപ്പാള്‍ ടൂറിസം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്‌ 400ലധികം വിനോദസഞ്ചാരികളെ കാണാതായിട്ടുണ്ട്. ഇതില്‍ ഏകദേശം 340 പേർ വിദേശികളാണ്. കാണാതായവരില്‍ 133 പേർ ഇന്ത്യയില്‍ നിന്നുള്ള തീർഥാടകരാണെന്നാണ് നേപ്പാള്‍ ടൂറിസം ബോർഡ് വക്താവ് സുനില്‍ ശർമ്മ അറിയിച്ചത്.

കാണാതായവരില്‍ 47 പേർ അമേരിക്കക്കാരും 34 പേർ ഓസ്‌ട്രേലിയക്കാരും 33 പേർ ബ്രിട്ടീഷുകാരും 24 പേർ കാനഡക്കാരുമാണെന്നും അദ്ദേഹം അറിയിച്ചു. ജലവൈദ്യുത നിലയത്തില്‍ ജോലി ചെയ്തിരുന്ന എട്ട് ദക്ഷിണ കൊറിയൻ പൗരന്മാരെ കാണാതായതായി ദക്ഷിണ കൊറിയയും അറിയിച്ചിട്ടുണ്ട്. നേപ്പാള്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ ദുരന്തബാധിത പ്രദേശങ്ങളില്‍ അടിയന്തര രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്.

പ്രളയത്തില്‍ 19 പാലങ്ങളും 40 കിലോമീറ്ററോളം റോഡുകളും നിരവധി കെട്ടിടങ്ങളും പൂർണമായി തകർന്നു. മിന്നല്‍പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മുൻകരുതല്‍ നടപടിയെന്ന നിലയില്‍ ഇന്ത്യയിലെ ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിലെ നദീതീരങ്ങളില്‍ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ടിബറ്റൻ മേഖലയില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നും ഇതേ തുടർന്നുണ്ടായ ഹിമപാതമാണ് നദിയില്‍ വെള്ളപ്പൊക്കത്തിന് കാരണമായതെന്നുമാണ് നേപ്പാള്‍ ഭരണകൂടം പറയുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Realnewskerala