ഇസ്ലാമാബാദ്: പാക് അധീന കശ്മീരിന്റെ (പി.ഒ.കെ) പ്രധാനമന്ത്രിയാകാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ഭരണകക്ഷിയായ പി.എം.എല്‍-എൻ നേതാവുമായ നവാസ് ഷെരീഫ്.
പി.ഒ.കെയുടെ തലസ്ഥാനമായ മുസഫറാബാദില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് ഷെരീഫിന്റെ അപൂർവ്വ പ്രഖ്യാപനം.
തന്റെ പാർട്ടി തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ തനിക്ക് പി.ഒ.കെ പ്രധാനമന്ത്രി പദം നല്‍കണമെന്ന് സഹോദരനും നിലവിലെ പാകിസ്ഥാൻ പ്രധാനമന്ത്രിയുമായ ഷെഹ്ബാസ് ഷെരീഫിനോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. “പാക് അധീന കശ്മീർ എനിക്ക് സ്വന്തം വീട് പോലെയാണ്. എന്റെ പൂർവ്വികർ കശ്മീരില്‍ നിന്ന് കുടിയേറിയവരാണ്. നേരിട്ട് ഭരണമേറ്റെടുത്താല്‍ മേഖലയുടെ വികസന കാര്യങ്ങളില്‍ പൂർണ്ണമായും ശ്രദ്ധകേന്ദ്രീകരിക്കാൻ സാധിക്കും,” നവാസ് ഷെരീഫ് വ്യക്തമാക്കി.
ജൂലൈ 27 നും ഓഗസ്റ്റ് 10 നും ഇടയിലാണ് പാക് അധീന കശ്മീരില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണ സഖ്യത്തിലുള്ള പാകിസ്ഥാൻ പീപ്പിള്‍സ് പാർട്ടിക്കെതിരെയാണ് (പി.പി.പി) ഷെരീഫിന്റെ പാർട്ടി മത്സരിക്കുന്നത്. പണപ്പെരുപ്പം, അമിത വൈദ്യുതി നിരക്ക്, ഭരണകൂടത്തിന്റെ വിവേചനങ്ങള്‍ എന്നിവയ്ക്കെതിരെ ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേഖലയില്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ നിലനില്‍ക്കെയാണ് നവാസ് ഷെരീഫിന്റെ ഈ നീക്കം. സംഘർഷങ്ങളില്‍ ഇതിനകം മുപ്പതോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.

