തിരുവനന്തപുരം: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സർക്കാരിന് ഇരട്ടത്താപ്പെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി.
പി എം ശ്രീ പദ്ധതി ബിജെപി ഡീലിന്റെ ഭാഗമാണെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ പദ്ധതി അംഗീകരിക്കുന്നത് ഏത് ഡീലിന്റെ ഭാഗമാണെന്നും പിണറായി വിജയന്‍ ചോദിച്ചു. പി.എം.ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ച സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
പിഎം ശ്രീയുടെ ലക്ഷ്യം കാവിവത്കരമാണെന്നതുകൊണ്ടാണ് എല്‍ഡിഎഫ് അതിനെ എതിര്‍ത്തത്. പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്‍മാറാന്‍ യാതൊരു തടസവുമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും പദ്ധതി നടപ്പാക്കണമെന്ന് എന്താണിത്ര വാശിയെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും നിലപാട് മാറ്റത്തിന്റെ കാരണം വിശദീകരിക്കണമെന്നും പിണറായി പറഞ്ഞു. സംഘപരിവാര്‍ പാദസേവയിലേക്ക് മുസ്ലീം ലീഗ് അധപതിക്കുകയാണെന്നും അത് ലീഗ് തന്നെ ആലോചിക്കണമെന്നും പിണറായി പറഞ്ഞു.
പിഎം ശ്രീയില്‍ എല്‍ഡിഎഫിനെ എതിര്‍ത്ത യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ ഈ പദ്ധതി നടപ്പാക്കാനില്ലെന്ന ധീരമായ നിലാപാടായിരുന്നു എടുക്കേണ്ടത്. അല്ലാതെ എല്‍ഡിഎഫ് എംഒയു ഒപ്പിട്ടുവെന്നതിന്റൈ മറവില്‍ പദ്ധതി നടത്തുകയല്ല വേണ്ടത്. ഭരണത്തില്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രിയും മുസ്ലീം ലീഗും മറുകണ്ടം ചാടി. സ്വന്തം അണികളെ പിന്നില്‍ നിന്നു കുത്തുന്ന നിലപാടാണ് കോണ്‍ഗ്രസും ലീഗും സ്വീകരിച്ചത്. ഇക്കാര്യത്തില്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

