തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്നു. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട്.
ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൊല്ലം, പാലക്കാട്, കണ്ണൂർ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം ഇന്നലെ അർദ്ധരാത്രിയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴ ലഭിച്ചു. പലയിടങ്ങളിലും മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും റിപ്പോർട്ട് ചെയ്തു. തുടർച്ചയായ മഴയില്‍ ജലാശയങ്ങളിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളിലും മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളില്‍ പ്രത്യേക ജാഗ്രത നിർദേശം നല്‍കി. കോട്ടയം, ഇടുക്കി പത്തനംതിട്ട ജില്ലകളിലെ മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്.
അതേസമയം മലപ്പുറം പൂക്കോട്ടുംപാടത്ത് മലവെള്ളപ്പാച്ചിലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം അഞ്ചായി. കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു. തിരൂർ സ്വദേശികളായ പരന്നപറമ്പൻ മുഹമ്മദ് കുട്ടി (65), മാങ്ങാടൻ അനസ് (27), കരുവാരകുണ്ട് സ്വദേശി റഹീം(35), വണ്ടൂർ കോട്ടക്കുന്നു സ്വദേശി കുപ്പനത്ത് സജ്ജാദ്, ചേട്ടിയാറമ്മല്‍ കുറുപ്പത്ത് റഫീഖ് (41), ടികെ കോളനി സ്വദേശി സജിത എന്നിവരെയായിരുന്നു കാണാതായത്. ഇതില്‍ സജിതയെയാണ് ഇനി കണ്ടെത്താനുള്ളത്.

