തിരുവനന്തപുരം: തെക്കൻ ആൻഡമാൻ കടലിലും സമീപപ്രദേശങ്ങളിലും മുകളിലെ ചക്രവാതചുഴി ന്യൂനമർദമായി ശക്തി പ്രാപിച്ചു.
അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി തെക്കൻ ആൻഡമാൻ കടലിലും സമീപത്തെ ആൻഡമാൻ-നിക്കോബാർ ദ്വീപുകള്‍ക്ക് മുകളിലുമായി ശക്തി കൂടിയ ന്യൂനമർദമായി മാറാൻ സാധ്യത. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നവംബർ 1,2 തീയതികളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30- 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നവംബർ രണ്ടിന് നാലു ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പുമുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജാഗ്രത വേണമെന്നും നിർദേശിച്ചിട്ടുണ്ട്.
തെക്ക് കിഴക്കൻ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേർന്ന മധ്യ കിഴക്കൻ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടല്‍, ആൻഡമാൻ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റർ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

