ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ച് നാളെ മുതല്‍ വാദം കേള്‍ക്കും.
ശബരിമല യുവതി പ്രവേശനം എതിർക്കുന്നവരുടെ വാദമാണ് അടുത്ത ആദ്യ 3 ദിവസം കേള്‍ക്കുക. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനെ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. മൗലികാവകാശവും മത സ്വാതന്ത്ര്യവും ഉള്‍പ്പെടെ പ്രധാനപ്പെട്ട വിഷയങ്ങളാണ് ബെഞ്ച് വാദം കേള്‍ക്കുന്നത്.
ഏപ്രില്‍ 14,15,16 തീയതികളാണ് യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം. കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയില്‍ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചിരുന്നു. ബെഞ്ചില്‍ ജസ്റ്റിസ് ബി.വി നാഗരത്‌നയാണ് ഏക വനിതാ അംഗം. അതേസമയം തിരുവിതാംകൂർ ദേവസ്വം ബോർഡ് അടക്കം യുവതി പ്രവേശനത്തെ എതിർത്തിരുന്നു.
2018 ലെ യുവതീപ്രവേശന വിധി പുനഃപരിശോധിക്കാനാവശ്യപ്പെടുന്ന കക്ഷികളുടെ വാദങ്ങള്‍ ക്രോഡീകരിക്കാന്‍ അഡ്വ. കൃഷ്ണ കുമാര്‍ സിങ്ങിനെയും മറുഭാഗത്തിനായി അഡ്വ. ശാശ്വതിയെയും സുപ്രീംകോടതി നോഡല്‍ അഭിഭാഷകരാക്കിയിരുന്നു. ദേവസ്വം ബോര്‍ഡ് ഉള്‍പ്പെടെ 53 കക്ഷികളാണ് വിധിക്കെതിരെ വാദം എഴുതി നല്‍കിയത്. വിധിയെ അനുകൂലിച്ച് 12 കക്ഷികളും വാദം എഴുതി സമര്‍പ്പിച്ചു. മതപണ്ഡിതരുടെയും സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെയും അഭിപ്രായം തേടി കോടതിക്ക് തീരുമാനിക്കാമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ എഴുതി നല്‍കിയത്.

