മേപ്പാടി: വയനാട് കള്ളാടിയിലുണ്ടായ വൻ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു.
ഇതോടെ മരണം അഞ്ചായി. രാവിലെ മുതല്‍ നടത്തിയ തിരച്ചിലിനിടെയാണ് ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇനി കണ്ടെത്താനുള്ള മൂന്ന് പേർക്കായി പ്രദേശത്ത് വ്യാപകമായ തെരച്ചില്‍ തുടരുകയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ഏഴ് മണിയോടെയാണ് തിരച്ചില്‍ ആരംഭിച്ചത്. ഒമ്പത് മണിയോടെയാണ് എസ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ മുഹമ്മദ് ഇമ്രാന്റെ മൃതദേഹം കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയത്. എന്നാല്‍ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. മീനാക്ഷി പുഴ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത്.
തുരങ്കപാത നിർമ്മാണത്തില്‍ ഏർപ്പെട്ടിരുന്ന കരാർ കമ്പനിയായ ദിലീപ് ബില്‍ഡ് കോണിലെ ഇതരസംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ദുരന്തബാധിത പ്രദേശത്തെ നാല് സോണുകളായി തിരിഞ്ഞാണ് നിലവില്‍ തെരച്ചില്‍ നടത്തുന്നത്. ഫയർഫോഴ്സും പൊലീസും പ്രാദേശിക കൂട്ടായ്മകളും സംയുക്തമായാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്. വിവിധ മേഖലകളില്‍ നിന്നുള്ള ഫയർഫോഴ്സ് ഉദ്യോഗസ്ഥർ, എൻഡിആർഎഫ്, മറ്റ് സന്നദ്ധ സംഘടനകളും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാണ്. ഇടവിട്ടുള്ള മഴ തിരച്ചിലിന് പ്രതികൂലമാകുന്നുണ്ട്.

