Dailyhunt
ദോഷ ജാതകമെന്ന ജ്യോത്സന്റെ വാക്കുകേട്ട് അഞ്ചുവയസ്സുകാരനെ അച്ഛന്‍ തീകൊളുത്തിക്കൊന്നു

ദോഷ ജാതകമെന്ന ജ്യോത്സന്റെ വാക്കുകേട്ട് അഞ്ചുവയസ്സുകാരനെ അച്ഛന്‍ തീകൊളുത്തിക്കൊന്നു

Real News Kerala 5 years ago

തമിഴ്‌നാട് തഞ്ചാവൂരില്‍ അഞ്ചുവയസുകാരനെ അച്ഛന്‍ തീകൊളുത്തിക്കൊന്നു. കുട്ടിയുടേത് ദോഷ ജാതകമാണെന്ന് ജ്യോല്‍സ്യന്‍ പറഞ്ഞതുകേട്ടാണ് ഇയാള്‍ കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത്. തഞ്ചാവൂര്‍ ജില്ലയിലെ തിരുവാരൂര്‍ നന്നിലം സ്വദേശി സായ് ശരണ്‍ ആണ് ക്രൂരകൃത്യത്തിന് ഇരയായത്.

കുടുംബത്തിലെ ദാരിദ്രത്തിനു കാരണം മൂത്തമകന്‍ സായ്ശരണിന്റെ ജാതകമാണെന്ന് ജ്യോത്സന്‍ പറഞ്ഞതിന് പിന്നാലെ തഞ്ചാവൂര്‍ തിരുവാരൂര്‍ നന്നിലം സ്വദേശി രാംകി കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു.

ഇതിന്റെ പേരില്‍ ഭാര്യ ഗായത്രിയും രാംകിയും തമ്മില്‍ വഴക്കുകള്‍ ഉണ്ടാവാറുണ്ട്. അഞ്ചുദിവസം മുന്‍പ് കുട്ടിയുടെ ജാതകത്തെക്കുറിച്ച്‌ പറഞ്ഞ് ഇവര്‍ തമ്മില്‍ വഴക്കുണ്ടായി.

ഇതിനിടെ രാംകി വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണയെടുത്തു മകന്റെ ദേഹത്തൊഴിച്ച്‌ തീകൊളുത്തുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ഗായത്രിയും അയല്‍ക്കാരും ചേര്‍ന്ന് തഞ്ചാവൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 90 ശതമാനം പൊള്ളലേറ്റ കുട്ടി തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ മരിച്ചു. അറസ്റ്റിലായ രാംകിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മന്നാര്‍ഗുഡി ജയിലിലടച്ചു. ജ്യോല്‍സ്യനു വേണ്ടി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Realnewskerala