Wednesday, 27 Jan, 7.53 pm Real News Kerala

പ്രധാന വാര്‍ത്തകള്‍
ശ്രീനാരായണ സൂക്തങ്ങളുടെ ആഴിത്തിരയില്‍ അലിഞ്ഞു കണ്ണൂര്‍ നഗരം

കണ്ണൂര്‍ :ശ്രീനാരായണ കീര്‍ത്തനങ്ങളുടെ അകംപൊരുള്‍ ഇതിവൃത്തമാക്കി പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞന്‍ ടി എം കൃഷ്ണ അവതരിപ്പിച്ച 'ആഴിയും തിരയും' സംഗീത കച്ചേരി ആസ്വാദകരുടെ മനസ്സില്‍ കുളിര്‍മഴയായി പെയ്തിറങ്ങി. 'ആഴിയും തിരയും കാറ്റുമാഴവും പോലെ ഞങ്ങളും മായയും നിന്‍ മഹിമയും നീയുമെന്നുള്ളിലാകണം' തുടങ്ങി ഗുരുവിന്റെ ദൈവദശകത്തിലെ വിവിധ ഗീതങ്ങള്‍ ടിഎം കൃഷ്ണയുടെ സ്വരമാധുരിയിലൂടെ ഒഴുകിയെത്തിയപ്പോള്‍ കണ്ണൂര്‍ ടൗണ്‍സ്‌ക്വയറിലെത്തിയ സംഗീതപ്രേമികളെ അക്ഷരാര്‍ഥത്തിലത് മാസ്മരിക ലോകത്തേക്കുയര്‍ത്തുകയായിരുന്നു.

കൊവിഡ് പ്രതിസന്ധി ആരംഭിച്ചതിനു ശേഷം കണ്ണൂരില്‍ നടന്ന ആദ്യ സംഗീതവിരുന്നായിരുന്നു ടൗണ്‍ സ്‌ക്വയറില്‍ നടന്നത്. കൊവിഡ് പെരുമാറ്റച്ചട്ടം പാലിക്കുന്നതിന്റെ ഭാഗമായി പാസ് വഴി പ്രവേശനം നിയന്ത്രിച്ച ചടങ്ങില്‍ 200 പേര്‍ പങ്കെടുത്തു. കൊവിഡ് പശ്ചാത്തലത്തില്‍ നിലച്ചുപോയ സാസ്‌കാരിക പരിപാടികള്‍ പുനരാരംഭിക്കുന്നതിന്റെ തുടക്കമായാണ് സംഗീത കച്ചേരിയെന്ന് ചടങ്ങില്‍ സംസാരിച്ച ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പറഞ്ഞു. കൊവിഡ് മഹാമാരി മനുഷ്യര്‍ക്കെന്ന പോലെ കലയ്ക്കും വലിയ ആഘാതമാണേല്‍പ്പിച്ചത്. കൊവിഡ് കാരണം കലാ, സാംസ്‌കാരിക പ്രവത്തനങ്ങള്‍ നിലച്ചത് നിരവധി പേരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ഇങ്ങനെ പ്രയാസം അനുഭവിക്കുന്ന കലാകാരന്മാരെ സഹായിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ റമ്മി; നടി തമന്ന, നടന്‍ അജു വര്‍ഗീസ്, ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ്

ഇതിന്റെ ആദ്യപടിയായി ഡിടിപിസി 50 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയുടെ തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളില്‍ ഇത്തരം കലാ-സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ കലാകാരന്‍മാരെ സംബന്ധിച്ചിടത്തോളം ദുരിത കാലമായിരുന്നു കൊവിഡ് കാലഘട്ടമെന്ന് ടി എം കൃഷ്ണ അഭിപ്രായപ്പെട്ടു. രാജ്യത്തെ 98 ശതമാനം കലാകാരന്‍മാരും വലിയ ദാരിദ്ര്യത്തില്‍ കഴിയുന്നവരാണ്. സംസ്‌ക്കാരത്തിലും കലയിലും സംഗീതത്തിലുമൊക്കെ അഭിമാനം കൊള്ളുന്ന നമ്മുടെ രാജ്യത്ത് ഇത്തരം ദുര്‍ഘട ഘട്ടങ്ങളില്‍ കലാകാരന്‍മാരെ സംരക്ഷിക്കുന്നതിന് ഒരു പദ്ധതിയില്ലെന്നുള്ളത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വൈജാത്യങ്ങള്‍ക്കിടയിലും ഒരുമയെ ആഘോഷിക്കാന്‍ നമുക്ക് പ്രചോദനം നല്‍കുന്നതാണ് ശ്രീനാരായണ ഗുരുവിന്റെ കൃതികളും സംഗീതവുമെന്നും വര്‍ത്തമാനകാലത്തില്‍ അവയ്ക്ക് ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കിയ സംഗീത വിരുന്നില്‍ അക്കര സുബ്ബലക്ഷ്മി (വയലിന്‍), ബി ശിവരാമന്‍ (മൃദംഗം), എന്‍ ഗുരുപ്രസാദ് (ഘടം) എന്നിവര്‍ അകമ്ബടിയായി. അസിസ്റ്റന്റ് കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി, എഡിഎം ഇ പി മേഴ്സി, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി മുരളീധരന്‍, ഡിടിപിസി സെക്രട്ടറി കെ സി ശ്രീനിവാസന്‍, കൊച്ചി മുസിരിസ് ബിനാലെ ക്യുറേറ്റര്‍ റിയാസ് കോമു, എസ് ഗോപാലകൃഷ്ണന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Realnewskerala
Top