Dailyhunt
'226ല്‍ കൂടുതല്‍ സീറ്റുകള്‍ നേടി അധികാരത്തില്‍ വരും'; എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍ തള്ളി മമത ബാനര്‍ജി

'226ല്‍ കൂടുതല്‍ സീറ്റുകള്‍ നേടി അധികാരത്തില്‍ വരും'; എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍ തള്ളി മമത ബാനര്‍ജി

Reporter 1 week ago

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍ തള്ളി മുഖ്യമന്ത്രിയും തൃണമൂല്‍ സ്ഥാനാർത്ഥിയുമായ മമത ബാനർജി.

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) വീണ്ടും സർക്കാർ രൂപീകരിക്കുമെന്ന് മമത ബാനർജി പറഞ്ഞു. ബംഗാളിലെ 294 സീറ്റുകളില്‍ 226ന് മുകളില്‍ നേടി ടിഎംസി അധികാരത്തിലെത്തുമെന്നാണ് മമത പറയുന്നത്. 'മാ മാതി മാനുഷ്' സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് വീഡിയോ സന്ദേശത്തിലൂടെ മമത പറഞ്ഞത്. എക്‌സിറ്റ് പോളുകള്‍ നിയന്ത്രിക്കുന്നത് ബിജെപി ആണെന്ന് മമത ആരോപിച്ചു.

ബംഗാളില്‍ ബിജെപി ഭരണം പിടിക്കുമെന്നാണ് ഭൂരിപക്ഷ എക്സിറ്റ് പോള്‍ സർവേകളും പ്രവചിച്ചത്. മാട്രിസ് എക്സിറ്റ് പോള്‍ സർവേയില്‍ ബിജെപി 146 മുതല്‍ 161 സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. തൃണമൂല്‍ കോണ്‍ഗ്രസിന് 125 മുതല്‍ 140 വരെ സീറ്റുകളാണ് മാട്രിസ് പ്രവചിച്ചത്. മറ്റുള്ളവർ 6 മുതല്‍ 10 വരെ സീറ്റുകള്‍ നേടുമെന്നും മാട്രിസ് പ്രവചിച്ചു. പി മാർക്യൂ എക്സിറ്റ് പോള്‍ സർവേയും ബിജെപി ബംഗാളില്‍ അധികാരത്തിലെത്തുമെന്നാണ് പ്രവചിച്ചത്. ബിജെപി 150 മുതല്‍ 17 5വരെ സീറ്റുകളും തൃണമൂല്‍ കോണ്‍ഗ്രസ് 118 മുതല്‍ 138 വരെ സീറ്റുകളും നേടുമെന്നാണ് പി മാർക്യൂവിൻ്റെ പ്രവചനം.

തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും ഇടത് പാർട്ടികളും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടിയ ചതുഷ്കോണ മത്സരത്തിനാണ് ബംഗാള്‍ ഇത്തവണ സാക്ഷ്യം വഹിച്ചത്. നാലാമതും ഭരണ തുടർച്ച ലക്ഷ്യംവെച്ചാണ് മമത ബാനർജിയുടെ നേതൃത്വത്തില്‍ ഇത്തവണ തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ ജനവിധി തേടിയത്. ബംഗാളില്‍ ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. പഴയ പ്രതാപം തിരിച്ചുപിടിക്കാനായി ഇത്തവണ ഇടതുപക്ഷം ബംഗാളില്‍ ഒറ്റയ്ക്കാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇടതുപക്ഷവുമായുള്ള സഖ്യം ഉപേക്ഷിച്ച്‌ കോണ്‍ഗ്രസും ഇത്തവണ ഒറ്റയ്ക്കാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

പശ്ചിമ ബംഗാളിലെ 294 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഏപ്രില്‍ 23, 29 തീയതികളിലായി രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. 152 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കായിരുന്നു ഏപ്രില്‍ 23ലെ ആദ്യഘട്ട വോട്ടെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പില്‍ 1478 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. ആദ്യഘട്ടത്തില്‍ 91.91 ശതമാനം പേരാണ് ബംഗാളില്‍ വോട്ട് രേഖപ്പെടുത്തിയത്. 142 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കായിരുന്നു ഏപ്രില്‍ 29ന് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പ്. 1448 സ്ഥാനാർ‌ത്ഥികളാണ് രണ്ടാം ഘട്ടത്തില്‍ ബംഗാളില്‍ ജനവിധി തേടിയത്.

Content Highlights: West Bengal Chief Minister and Trinamool candidate Mamata Banerjee rejects exit poll results

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter