Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബംഗാളില്‍ ബലാത്സംഗക്കുറ്റം ആരോപിച്ച്‌ ആള്‍ക്കൂട്ടം തല്ലിക്കൊന്ന യുവാവ് നിരപരാധിയെന്ന് പൊലീസ്

ബംഗാളില്‍ ബലാത്സംഗക്കുറ്റം ആരോപിച്ച്‌ ആള്‍ക്കൂട്ടം തല്ലിക്കൊന്ന യുവാവ് നിരപരാധിയെന്ന് പൊലീസ്

Reporter 2 weeks ago

കൊല്‍ക്കത്ത: ബലാത്സംഗക്കുറ്റം ആരോപിച്ച്‌ ആള്‍ക്കൂട്ടം തല്ലിക്കൊന്ന യുവാവ് നിരപരാധിയായിരുന്നുവെന്ന് പൊലീസ്.

പശ്ചിമബംഗാളിലാണ് സംഭവം. കൊല്‍ക്കത്തയിലെ ബരുയിപ്പൂരില്‍ പതിനൊന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം ഇന്ദ്രജിത്ത് മണ്ഡല്‍ എന്ന യുവാവിനെ മര്‍ദ്ദിച്ചുകൊന്നത്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി ഇന്ദ്രജിത്തിന്റെ കുടുംബത്തെ കണ്ട് നീതി ലഭ്യമാക്കുമെന്ന് ഉറപ്പുനല്‍കി. 'ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദ്രജിത് മണ്ഡല്‍ നിരപരാധിയാണ്. എന്നോട് ഇക്കാര്യം പറഞ്ഞത് പൊലീസാണ്. അവന് നീതി ലഭ്യമാക്കും. ഇന്ദ്രജിത്തിന്റെ കുടുംബാംഗങ്ങളെ ഞാന്‍ കണ്ടിരുന്നു': സുവേന്ദു അധികാരി പറഞ്ഞു. യുവാവിനെ ആക്രമിച്ച്‌ കൊലപ്പെടുത്തിയവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്നും അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പതിനൊന്നു വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രവാഷ് മണ്ഡല്‍, ആനന്ദ സര്‍ദാര്‍, ദിബാകര്‍ സര്‍ദാര്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. മൂന്നുപേരും കുറ്റം സമ്മതിച്ചു. പൊലീസുകാരന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ ഏറ്റുമുട്ടലില്‍ ഇന്നലെ രാത്രി പ്രവാഷ് മണ്ഡല്‍ കൊല്ലപ്പെട്ടു. നാലാം പ്രതി കബീര്‍ മൊല്ലയെ പൊലീസ് ഇന്നലെ തന്നെ പിടികൂടിയിരുന്നു.

പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലൈംഗികാതിക്രമം സ്ഥിരീകരിച്ചിട്ടുണ്ട്. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നും സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയുടെ ശരീരത്തിലുടനീളം കടിയേറ്റ പാടുകളും മുറിവുകളുമുണ്ട്. സംഭവം പ്രദേശത്ത് വ്യാപക പ്രതിഷേധങ്ങള്‍ക്ക് കാരണമായി. നൂറുകണക്കിന് ജനങ്ങള്‍ റെയില്‍വേ ട്രാക്കുകള്‍ കയ്യേറുകയും പൊലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ഈ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നിലവില്‍ ഇരുപതോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ദ്രജിത്ത് മണ്ഡലിനെ ആക്രമിച്ച്‌ കൊലപ്പെടുത്തിയതിലും ഇവര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.




തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമം; 11കാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ പ്രതി എൻകൗണ്ടറില്‍ കൊല്ലപ്പെട്ടു

അതേസമയം, പൊലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ട പ്രവാഷ് മണ്ഡലിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് മാതാവ് സന്ധ്യ മണ്ഡല്‍ അറിയിച്ചു. അവന്‍ ചെയ്ത തെറ്റിനുളള ശിക്ഷ അവന്‍ അനുഭവിച്ചുകഴിഞ്ഞെന്നും മൃതദേഹം ഏറ്റുവാങ്ങാന്‍ താന്‍ പോകില്ലെന്നുമാണ് സന്ധ്യ മണ്ഡല്‍ പറഞ്ഞത്. 'പൊലീസ് എന്നോട് വന്ന് മകന്റെ പേര് പ്രവാഷ് മണ്ഡല്‍ എന്നാണോ എന്ന് ചോദിച്ചു. അതെ എന്ന് ഞാന്‍ പറഞ്ഞു. മകന്‍ മരിച്ചെന്നും മൃതശരീരം കാണണോ എന്നും അവര്‍ ചോദിച്ചു. അവര്‍ക്ക് അവന്റെ ഐഡി കാര്‍ഡ് വേണമായിരുന്നു. ഞാന്‍ അവരോട് പറഞ്ഞു മൃതശരീരം എനിക്ക് വേണ്ട. ആ ശരീരം എനിക്ക് കാണുകയും വേണ്ട. അവന്റെ ശരീരം ഏറ്റെടുക്കാന്‍ ഈ കുടുംബത്തില്‍ നിന്നും ആരും പോവില്ല. പൊലീസിന് അത് എന്തുവേണമെങ്കിലും ചെയ്യാം എന്ന്. അവന്‍ ഒരിക്കലും അവന്റെ അമ്മയെ അനുസരിച്ചിരുന്നില്ല. ലഹരിക്ക് അടിമയായിരുന്നു': സന്ധ്യ മണ്ഡല്‍ പറഞ്ഞു.

Content Highlights: West Bengal Police and Chief Minister confirmed that the youth indrajit mondal lynched by an angry mob in Baruipur on suspicion was completely innocent

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter