Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ദേശീയതയുടെ പരികല്പനകള്‍:  മതേതര ദേശീയതയും സാംസ്കാരിക ദേശീയതയും തമ്മിലുള്ള സംഘര്‍ഷം വ‍ര്‍ത്തമാനകാല ഇന്ത്യയില്‍

ദേശീയതയുടെ പരികല്പനകള്‍: മതേതര ദേശീയതയും സാംസ്കാരിക ദേശീയതയും തമ്മിലുള്ള സംഘര്‍ഷം വ‍ര്‍ത്തമാനകാല ഇന്ത്യയില്‍

Reporter 1 week ago

ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്.

ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരില്‍ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തില്‍ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തില്‍ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച്‌ വന്നത്.

ചരിത്രത്തിൻ്റെ വലിയൊരു പരിണാമ ഘട്ടത്തിലാണ് ദേശീയത എന്ന ആശയം വേരൂന്നി നില്‍ക്കുന്നത്. മധ്യ കാലഘട്ടത്തിലെ സാമ്രാജ്യത്വ ഭരണകൂടങ്ങള്‍ക്കും അക്കാലത്തെ മതപരമായ അധികാര ഘടനകള്‍ക്കുമപ്പുറം, ഒരു പ്രത്യേക ഭൂപ്രദേശത്ത് വസിക്കുന്ന ജനത തങ്ങളെത്തന്നെ ഒരു സ്വതന്ത്ര രാഷ്ട്രീയ ഘടകമായി തിരിച്ചറിയാൻ തുടങ്ങിയപ്പോഴാണ് ദേശീയതയുടെ ആദ്യ അങ്കുരം മുളപൊട്ടിയത്. ഫ്യൂഡല്‍ വ്യവസ്ഥിതികളുടെ തകർച്ചയും നവോത്ഥാന കാലഘട്ടത്തിലെ ചിന്താപരമായ മാറ്റങ്ങളും ഈ ഉണർവിന് വലിയ പ്രചോദനമേകി.

പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച് വിപ്ലവം ദേശീയതയെ കേവലമൊരു സാംസ്കാരിക ചിന്തയില്‍ നിന്ന് രാഷ്ട്രീയ യാഥാർത്ഥ്യത്തിലേക്ക് മാറ്റിമറിച്ചു. ഭരണാധികാരിക്കല്ല, മറിച്ച്‌ ജനങ്ങള്‍ക്കാണ് പരമാധികാരം എന്ന വിപ്ലവകരമായ മുദ്രാവാക്യം രാജാധികാരത്തിന് അന്ത്യം കുറിക്കുകയും പൗരബോധത്തിലധിഷ്ഠിതമായ ഒരു രാഷ്ട്രസങ്കല്പത്തിന് അടിത്തറ പാകുകയും ചെയ്തു. ഇതോടെ, ഭാഷ, സംസ്കാരം, ചരിത്രം എന്നിവ പങ്കുവെക്കുന്ന ജനതയ്ക്ക് സ്വന്തമായി ഒരു പരമാധികാര രാഷ്ട്രം എന്ന ആശയം യൂറോപ്പിലുടനീളം കാട്ടുതീ പോലെ പടർന്നു.

ദേശീയതയുടെ സങ്കീർണതകള്‍

ആധുനിക രാഷ്ട്രീയ പദാവലികളിലെ ഏറ്റവും സങ്കീർണ്ണമായ ഒരു വാക്കാണ് ദേശീയത. സൃഷ്ടിയും സംഹാരവും ഒന്നിച്ച്‌ നടത്താൻ ശേഷിയുള്ള ഒരാശയമായാണ് ദേശീയതയെ രവീന്ദ്രനാഥ ടാഗോറിനെയും എം എൻ റോയിയും പോലെയുള്ള ചിന്തകർ വിശദീകരിച്ചത്. 'നാഷണലിസം' എന്ന തന്റെ പ്രബന്ധത്തില്‍ ടാഗോർ ദേശീയതയെ 'ഒരു ജനതയുടെ സംഘടിതമായ സ്വാർത്ഥത' (Organized self interest of a people) എന്നാണ് വിശേഷിപ്പിച്ചത്. ദേശീയതയെ ഒരു യന്ത്രസമാനമായ സംവിധാനമായി കണ്ട അദ്ദേഹം, അത് പലപ്പോഴും മനുഷ്യന്റെ സർഗ്ഗാത്മകതയെയും സ്വതന്ത്ര ബോധത്തെയും നശിപ്പിക്കുകയും, ജനതയെ പരസ്പരം ശത്രുക്കളാക്കി മാറ്റുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കുമെന്ന് വാദിച്ചു.

നിർജീവമെന്ന് തോന്നുന്ന മനുഷ്യരെ പൊടുന്നനെ മുന്നോട്ടോ പിന്നോട്ടോ ഊർജസ്വലരാക്കി ചലിപ്പിക്കാൻ പറ്റുന്ന വിധമുള്ള ഒരു കാഹള ശബ്ദം ദേശീയതയ്ക്കുണ്ടെന്നത് അനിഷേധ്യമായ ഒരു യാഥാർഥ്യമാണ്

ദേശ രാഷ്ട്ര ലോക ക്രമത്തില്‍ ഏറ്റവും അനിവാര്യമായ ഒരു ചേരുവയാകുമ്പോഴും കണ്ണും പൂട്ടി അംഗീകരിക്കാനോ വെറുതെ നിരാകരിക്കാനോ കഴിയാത്ത ഒരു സങ്കീർണത ദേശീയത എന്ന ആശയത്തിലുണ്ട്. അതിൻ്റെ മുഖ്യമായ കാരണം, കുറെ മനുഷ്യരെ ചേർത്ത് പിടിക്കാനും മറ്റ് കുറെ പേരെ നിരാകരിക്കാനും കഴിയുന്ന ഒരു സൈദ്ധാന്തിക ഉള്ളടക്കമാണ് ദേശീയതയുടേതെന്നതാണ്. നിർജീവമെന്ന് തോന്നുന്ന മനുഷ്യരെ പൊടുന്നനെ മുന്നോട്ടോ പിന്നോട്ടോ ഊർജസ്വലരാക്കി ചലിപ്പിക്കാൻ പറ്റുന്ന വിധമുള്ള ഒരു കാഹള ശബ്ദം ദേശീയതയ്ക്കുണ്ടെന്നത് അനിഷേധ്യമായ ഒരു യാഥാർഥ്യമാണ്.

പത്തൊൻപതാം നൂറ്റാണ്ടില്‍ ഈ ആശയം ലോകത്തിൻ്റെ വിവിധ കോണുകളിലേക്ക് പടർന്നപ്പോള്‍, അത് പലപ്പോഴും അധിനിവേശ വിരുദ്ധ പോരാട്ടങ്ങളുടെ കരുത്തായി മാറി. ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും കൊളോണിയല്‍ ഭരണകൂടങ്ങളുടെ കീഴില്‍ അമർന്നുപോയ ജനത, തങ്ങളുടെ സ്വത്വത്തെ വീണ്ടെടുക്കാൻ ദേശീയതയെ ഒരു ആയുധമായി ഉപയോഗിച്ചു. മർദ്ദക ശക്തികള്‍ക്കെതിരെയുള്ള കൂട്ടായ ചെറുത്തുനില്‍പ്പുകള്‍ക്ക് ദേശീയത അസാധാരണമായ ഒരു ഏകതാബോധം നല്‍കിയെന്നത് ചരിത്രപരമായ ഒരു വസ്തുതയാണ്.

എന്നാല്‍, ഇരുപതാം നൂറ്റാണ്ടിലെ ലോകമഹായുദ്ധങ്ങള്‍ ദേശീയതയുടെ മറുപുറം കൂടി ലോകത്തിന് കാണിച്ചുതന്നു. സങ്കുചിതമായ ദേശീയവാദവും അതി തീവ്രമായ വർഗ്ഗീയതയും ചേർന്ന് ലോകത്തെ വൻ ദുരന്തങ്ങളിലേക്ക് തള്ളിയിട്ട കാഴ്ച നാം കണ്ടു. അതുകൊണ്ടുതന്നെ, ആധുനിക കാലഘട്ടത്തില്‍ ദേശീയതയെ നോക്കിക്കാണേണ്ടത് കേവലം അതിരുകള്‍ സംരക്ഷിക്കുന്ന വികാരം എന്ന നിലയിലല്ല, മറിച്ച്‌ സാർവലൗകികമായ മനുഷ്യാവകാശങ്ങളുമായും ജനാധിപത്യ മൂല്യങ്ങളുമായും ഒരേ സമയം ഇണങ്ങിയും പിണങ്ങിയും നില്‍ക്കാൻ കഴിയുന്ന ഒരു രാഷ്ട്രീയ യാഥാർഥ്യമായാണ്. ചരിത്രപരമായ ഈ ഉള്‍ക്കാഴ്ചയാണ് ഇന്നത്തെ കാലത്ത് ഏറ്റവും പ്രസക്തമായത്.

ദേശ രാഷ്ട്രങ്ങളും ദേശീയതയും

ദേശരാഷ്ട്ര സങ്കല്പങ്ങള്‍ ആധുനിക മനുഷ്യൻ്റെ മുന്നില്‍ അവശേഷിപ്പിച്ച ഒരു സങ്കീർണതയെ ബോധ്യപ്പെടുത്തിക്കൊണ്ടാണ് ദേശീയതയെ സംബന്ധിച്ചുള്ള സംവാദങ്ങള്‍ എപ്പോഴും അവസാനിക്കാറുള്ളത്. സർവ്വാംഗീകൃതമല്ലെങ്കിലും ഒരു പ്രത്യേക ഭൂപ്രദേശത്തുള്ള ജനതയെ ഒരൊറ്റ ഏകകമായി ബന്ധിപ്പിക്കുന്ന വികാരവും, അതിലൂടെ രൂപപ്പെടുന്ന രാഷ്ട്രീയ സ്വത്വവുമെന്നാണ് ദേശീയതക്ക് പൊതുവേ നല്‍കപ്പെടാറുള്ള ഒരു നിർവചനം. നിർവചനങ്ങളും പ്രയോഗങ്ങളും ഓരോ ദേശത്തിനും വ്യത്യസ്തമാണ്.

സാമൂഹിക ശാസ്ത്ര ആശയങ്ങള്‍ അടിസ്ഥാന ശാസ്ത്ര ആശയങ്ങളെപ്പോലെ സ്ഥലകാല ഭേദങ്ങള്‍ കൊണ്ട് മാറ്റം സംഭവിക്കാത്തതല്ല. രാഷ്ട്രീയവും സാമൂഹികവുമായ എല്ലാ സംജ്ഞകളും പ്രാദേശികമായ രുചിഭേദങ്ങളുളവയാണ്. പാശ്ചാത്യ സങ്കല്പവും ഇന്ത്യൻ സാഹചര്യവും തമ്മിലുള്ള വ്യത്യാസം പാശ്ചാത്യ ദേശീയതയും ഇന്ത്യൻ ദേശീയതയും ഉത്ഭവിച്ച രീതിയിലും അതിന്റെ സ്വഭാവത്തിലും വലിയ വ്യത്യാസങ്ങളുഉണ്ടാക്കുന്നുണ്ട്. അതിനെ സംബന്ധിച്ച്‌ വിശദീകരിക്കാം.

ഇന്ത്യൻ സാഹചര്യങ്ങളെ യൂറോപ്യൻ സാഹചര്യങ്ങളുമായി തട്ടിച്ച്‌ സൃഷ്ടിക്കുമ്പോള്‍ ഇന്ത്യൻ ദേശീയതയെന്നത് ഒരു മൂർത്തമായ സാഹചര്യത്തില്‍ ബോധപൂർവം സൃഷ്ടിച്ചെടുത്ത ഒരു അസ്തിത്വത്തിലാണ് നില നില്‍ക്കുന്നത്. പരസ്പരം കാണാൻ സാധ്യതയില്ലാത്ത ലക്ഷക്കണക്കിന് ആളുകള്‍ തങ്ങളെ ഒരേ സമൂഹത്തിന്റെ ഭാഗമായി സ്വയം കരുതുന്നു എന്നതാണ് ഇതിന്റെ അടിസ്ഥാനം.

ദേശീയ സങ്കല്പങ്ങള്‍ രൂപപ്പെടുന്നത് മൂർത്തവും അനിവാര്യമായ ചില രാഷ്ട്രീയ സാഹചര്യങ്ങളിലാണ്. പരസ്പരം അറിയാത്ത ജന സമൂഹങ്ങളെ ചില രാഷ്ട്രീയ സാഹചര്യങ്ങള്‍ കല്പിതമായ സാഹോദര്യ ബോധങ്ങള്‍ കൊണ്ട് ബന്ധിപ്പിച്ചാണ് ദേശീയതയെ രൂപപ്പെടുത്തുന്നത്. ഒരു കൂട്ടം ആളുകള്‍ തങ്ങള്‍ക്ക് പൊതുവായ ചരിത്രവും സംസ്കാരവും ഭാഷയും ഭാവി ലക്ഷ്യങ്ങളും ഉണ്ടെന്ന് വിശ്വസിക്കുകയും ആ ഐക്യം ബോധപൂർവ്വം നിലനിർത്താൻ ആഗ്രഹിക്കുകയും ചെയ്യുന്നതാണ് ദേശീയതയുടെ ഏറ്റവും അടിസ്ഥാനമായ ഉള്ളടക്കം.

ഇത് സ്വാഭാവികമായി രൂപപ്പെടുന്ന ഒരുളളടക്കമാകണമെന്നില്ല. കാരണം ദേശീയതയെന്നത് കല്‍പ്പിത സമൂഹങ്ങളുടെ സൃഷ്ടിപ്പ് കൂടിയാണ്. ഇന്ത്യൻ സാഹചര്യങ്ങളെ യൂറോപ്യൻ സാഹചര്യങ്ങളുമായി തട്ടിച്ച്‌ സൃഷ്ടിക്കുമ്പോള്‍ ഇന്ത്യൻ ദേശീയതയെന്നത് ഒരു മൂർത്തമായ സാഹചര്യത്തില്‍ ബോധപൂർവം സൃഷ്ടിച്ചെടുത്ത ഒരു അസ്തിത്വത്തിലാണ് നില നില്‍ക്കുന്നത്. പരസ്പരം കാണാൻ സാധ്യതയില്ലാത്ത ലക്ഷക്കണക്കിന് ആളുകള്‍ തങ്ങളെ ഒരേ സമൂഹത്തിന്റെ ഭാഗമായി സ്വയം കരുതുന്നു എന്നതാണ് ഇതിന്റെ അടിസ്ഥാനം. അങ്ങനെ നോക്കുമ്പോള്‍ ജനങ്ങളിലേക്ക് ആസൂത്രിതമായി സന്നിവേശിപ്പിക്കപ്പെടുന്ന ഒരു ബോധമാണ് നമ്മുടെ ദേശീയതയുടെ യഥാർത്ഥമായ ഉള്ളടക്കമെന്ന് നമുക്ക് നിരീക്ഷിക്കേണ്ടി വരും.

ഇന്ത്യൻ ദേശീയതയുടെ വിവിധ ധാരകള്‍

ഇന്ത്യൻ ദേശീയ സങ്കല്പങ്ങള്‍ ഏക ശിലാത്മകമായതമല്ല. അതിൻ്റെ മുഖ്യമായ സവിശേഷത, ബഹുത്വവും വൈവിധ്യവുമാണ്. ഇത് രണ്ടും നഷ്ടപ്പെട്ടാല്‍ ഇന്ത്യക്ക് പിന്നീട് ബാക്കിയുണ്ടാവുക വരണ്ടതും നിർജീവവുമായ ഒരു ദേശീയാസ്തിത്വം മാത്രമായിരിക്കും. കാരണം അങ്ങനെയാണ് അതിനെ രൂപപ്പെടുത്തിയിട്ടുള്ളത്. സ്വാതന്ത്ര്യസമര കാലം മുതല്‍ക്കേ ദേശീയതയെ നിർവചിക്കുന്നതില്‍ വ്യത്യസ്തമായ രണ്ട് ധാരകള്‍ നിലനിന്നിരുന്നു. ഒന്ന്, ജവഹർലാല്‍ നെഹ്‌റു, ഗാന്ധിജി തുടങ്ങിയവരുടെ ചിന്താധാരയുമായി ചേർന്നുനില്‍ക്കുന്ന മതേതര ദേശീയത. രാജ്യം ഏതെങ്കിലും ഒരു മതത്തിന്റെയോ സംസ്കാരത്തിന്റെയോ അടിസ്ഥാനത്തിലല്ല നിർമ്മിക്കപ്പെടേണ്ടതെന്നും മതനിരപേക്ഷത, ജനാധിപത്യം, സാമൂഹ്യനീതി എന്നിവയിലാണ് ദേശീയ ബോധം രൂപപ്പെടേണ്ടതെന്നുമാണ് ഇത് നിരീക്ഷിക്കുന്നത്. ഇന്ത്യ എന്നത് ഒരു വലിയ പുഴയാണെന്നും അതിലേക്ക് വിവിധ സംസ്കാരങ്ങളും മതങ്ങളും വന്നുചേരുകയാണെന്നും ഇത് സങ്കല്‍പ്പിക്കുന്നു. ഭിന്നതകള്‍ക്കിടയിലുള്ള ഈ ഏകതയെയാണ് നാനാത്വത്തില്‍ ഏകത്വം എന്ന് നാം വിശേഷിപ്പിക്കുന്നത്.

ഒരു രാജ്യത്തിന്റെ അതിർത്തികള്‍ക്കുള്ളില്‍ ജീവിക്കുന്നവർക്ക് ഒരു പൊതുവായ സംസ്കാരം ഉണ്ടായിരിക്കണം എന്നതാണ് സാംസ്കാരിക ദേശീയത എന്ന സിദ്ധാന്തത്തിൻ്റെ ഏറ്റവും കാതലായ ഉള്ളടക്കം. പൊതുവായ വായനയില്‍ ഇതിൻ്റെ ഹിംസാത്മക വശത്തെ നമുക്ക് ബോധ്യപ്പെടണമെന്നില്ല. പക്ഷേ വിശദാംശങ്ങളിലേക്ക് കടക്കുമ്പോള്‍ തീവ്രവും ജനാധിപത്യ വിരുദ്ധവും ഹിംസാത്മകവുമായ ഒരുള്ളടക്കമാണ് സാസ്കാരിക ദേശീയത എന്ന സങ്കല്‍പ്പത്തിൻ്റെ യഥാർത്ഥമായ ഉള്ളടക്കമെന്ന് നമുക്ക് ബോധ്യപ്പെടും

മതേതര ദേശീയതയോട് വിയോജിച്ച്‌ കൊണ്ട് സവർക്കർ, ഗോള്‍വാള്‍ക്കർ തുടങ്ങിയ തീവ്ര വലതുപക്ഷ സൈദ്ധാന്തികർ രാജ്യത്തിന് വേണ്ടി മുന്നോട്ട് വെച്ച ദേശീയ സങ്കല്പമാണ് സാംസ്കാരിക ദേശീയത (Cultural Nationalism). ഒരു രാജ്യത്തിന്റെ അതിർത്തികള്‍ക്കുള്ളില്‍ ജീവിക്കുന്നവർക്ക് ഒരു പൊതുവായ സംസ്കാരം ഉണ്ടായിരിക്കണം എന്നതാണ് ഈ സിദ്ധാന്തത്തിൻ്റെ ഏറ്റവും കാതലായ ഉള്ളടക്കം. പൊതുവായ വായനയില്‍ ഇതിൻ്റെ ഹിംസാത്മക വശത്തെ നമുക്ക് ബോധ്യപ്പെടണമെന്നില്ല. പക്ഷേ വിശദാംശങ്ങളിലേക്ക് കടക്കുമ്പോള്‍ തീവ്രവും ജനാധിപത്യ വിരുദ്ധവും ഹിംസാത്മകവുമായ ഒരുള്ളടക്കമാണ് സാസ്കാരിക ദേശീയത എന്ന സങ്കല്‍പ്പത്തിൻ്റെ യഥാർത്ഥമായ ഉള്ളടക്കമെന്ന് നമുക്ക് ബോധ്യപ്പെടും. ഭാരതീയ പൈതൃകമെന്ന് വ്യാഖ്യാനിക്കപ്പെട്ട 'ഹിന്ദുത്വ' എന്ന സാംസ്കാരിക അടിത്തറയിലാണ് ദേശീയത കെട്ടിപ്പടുക്കേണ്ടത് എന്നാണ് ഇത് സിദ്ധാന്തിക്കുന്നത്. ഭൂമിശാസ്ത്രപരമായ അതിർത്തി മാത്രമല്ല, പൊതുവായ സാംസ്കാരിക-ചരിത്ര പൈതൃകമാണ് ഒരു ജനതയെ ഒന്നിപ്പിക്കുന്നത് എന്നാണ് ഈ ദേശീയത സങ്കല്‍പ്പം വിശ്വസിക്കുന്നത്. ഒരിക്കലും യോജിക്കാൻ കഴിയാത്ത ഈ പരികല്പനങ്ങള്‍ തമ്മിലുള്ള സംഘർഷമാണ് ഇന്ത്യൻ ദേശീയതയുടെ യഥാർത്ഥ പ്രശ്നം. ഈ പ്രശ്നത്തെ അഭിസംബോധന ചെയ്യാതെ ഇന്ത്യയുടെ ദേശീയതയെ സംബന്ധിച്ച്‌ നമുക്ക് ചർച്ച ചെയ്യാൻ കഴിയില്ല. കാരണം, മതേതരമായ ദേശീയ സങ്കല്പങ്ങള്‍ ഉയർത്തിപ്പിടിച്ച്‌ കൊണ്ട് വൈവിധ്യത്തെ നിലനിർത്തുക എന്നതാണ് സമകാലിക ഇന്ത്യയില്‍ ദേശീയത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഉത്തരവാദിത്തവും.

മതേതര ദേശീയതയും സാംസ്കാരിക ദേശീയതയും തമ്മിലുള്ള സംഘർഷം ആധുനിക ഇന്ത്യൻ രാഷ്ട്രീയത്തെ എങ്ങനെയാണ് സ്വാധീനിക്കുന്നത് എന്ന് കൂടി നമുക്ക് പരിശോധിക്കേണ്ടതുണ്ട്. സമകാലിക ഇന്ത്യ ദേശീയതാ സങ്കല്പങ്ങളുടെ ഒരു സംഘർഷഭൂമിയായ് ഇതിനകം പരിവർത്തിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിർണ്ണയിക്കുന്നതില്‍ ഈ രണ്ട് ദേശീയതാ സങ്കല്പങ്ങളും തമ്മിലുള്ള നിരന്തരമായ ഏറ്റുമുട്ടല്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ഈ സംഘർഷം പ്രധാനമായും പ്രകടമാകുന്ന ചില മേഖലകളെക്കൂടി പരാമർശിക്കാതെ നമുക്ക് സത്യസന്ധമായി മുന്നോട്ട് പോകാൻ കഴിയില്ല. അതിലേറ്റവും മുഖ്യമായ ഒരു ഘടകം ഭരണഘടനയും പൗരത്വവുമാണ്. ഇതിനെ രണ്ടിനെയും മതേതര ദേശീയതയും സാംസ്കാരിക ദേശീയതയും രണ്ടായാണ് നോക്കിക്കാണുന്നത്. മതേതര കാഴ്ചപ്പാടനുസരിച്ച്‌ ഭരണഘടനയെയാണ് രാജ്യത്തിൻ്റെ പരമോന്നത പ്രമാണമായി കാണേണ്ടുന്നത്. ജാതി, മത, ലിംഗ ഭേദമന്യേ എല്ലാ പൗരന്മാർക്കും അത് തുല്യ അവകാശങ്ങള്‍ ഉറപ്പുനല്‍കുന്നു. പൗരത്വം എന്നത് ഒരു രാഷ്ട്രീയ കരാറാണെന്നും ദേശീയ ബോധത്തിൻ്റെയും ജനാധിപത്യ ബോധത്തിൻ്റെയും അടിസ്ഥാനത്തില്‍ നോക്കിക്കാണേണ്ട ഒരസ്തിത്വമാണ് അതിനുള്ളതെന്നും മതേതര ദേശീയത വിശ്വസിക്കുന്നു.

എന്നാല്‍ ഭരണഘടനയോടൊപ്പമോ അല്ലെങ്കില്‍ അതിനേക്കാള്‍ പ്രാധാന്യത്തോടെയോ ചരിത്രപരമായ സാംസ്കാരിക പൈതൃകത്തിന് പ്രാധാന്യം നല്‍കുന്ന കാഴ്ചപ്പാടാണ് സാംസ്കാരിക, ഹിന്ദുത്വ ദേശീയതയുടേത്. സംസ്കാരത്തിൻ്റെ വൈവിധ്യങ്ങളെ ഹിന്ദുത്വ എന്ന ഒറ്റ ചരടില്‍ കോർത്തെടുത്ത് അധികാരത്തിൻ്റെ ചിഹ്നമാക്കി അവതരിപ്പിക്കുന്ന ഹിന്ദുത്വ യൂറോപ്പില്‍ രൂപംകൊണ്ട ഫാഷിസ്റ്റ് ദേശീയതയുടെ ഇന്ത്യൻ പതിപ്പാണ്. പൗരത്വത്തെ ദേശീയതയുടെ സാംസ്കാരിക മാനദണ്ഡങ്ങള്‍ക്കനുസരിച്ച്‌ ക്രമീകരിക്കപ്പെടണം എന്ന ഹിന്ദുത്വയുടെ വാദമാണ് ഈ വിലയിരുത്തലിൻ്റെ ആധാരം.

ദേശീയതയുടെ പ്രതീകങ്ങള്‍

ദേശീയതയുടെ പ്രതീകങ്ങളെ ചൊല്ലിയുള്ള തർക്കങ്ങള്‍ ഇന്ത്യയുടെ ദേശീയത വ്യവഹാരങ്ങളില്‍ ഇന്നും സജീവമാണ്. ദേശീയ ഗാനങ്ങള്‍, ചരിത്രസ്മാരകങ്ങള്‍, പാഠപുസ്തകങ്ങളിലെ ചരിത്രരചനകള്‍ എന്നിവയെ പുനർ ഭാഷ്യങ്ങളിലൂടെ എടുത്തു മാറ്റാനോ പുനർ വ്യാഖ്യാനിക്കാനോ ഉള്ള ശ്രമങ്ങള്‍ ഈ തർക്കത്തിൻ്റെ ഭാഗമാണ്. മതേതര ദേശീയത ചരിത്രത്തെ ബഹുസ്വരതയുടെ കണ്ണിലൂടെ കാണുമ്പോള്‍, സാംസ്കാരിക ദേശീയതാ പക്ഷക്കാർ അതിനെ ഒരു പുരാതന പൈതൃകത്തിന്റെ തുടർച്ചയായും വീണ്ടെടുപ്പായാണ് കാണുന്നത്.

മതേതര ദേശീയതയുടെയും സാംസ്കാരിക ദേശീയതയുടെയും വികസന മാതൃകകളും സാംസ്കാരിക ഐഡന്റിറ്റിയും വെവ്വേറെയാണ്. സാംസ്കാരിക ദേശീയത ഏകീകരണത്തിലും കേന്ദ്രീകരണത്തിലുമാണ് വിശ്വസിക്കുന്നത്. അത് ഒരു രാജ്യം, ഒരു നിയമം, ഒരു സംസ്കാരം, ഒരു ജനത, ഒരു തെരഞ്ഞെടുപ്പ് തുടങ്ങിയ ഏകീകരണങ്ങള്‍ക്ക് മുൻഗണന നല്‍കുകയും ഇത് ഭരണനിർവ്വഹണത്തില്‍ കാര്യക്ഷമത കൊണ്ടുവരുമെന്ന് വാദിക്കുകയും ചെയ്യുന്നു. പ്രാദേശികതയെയും ബഹുസ്വരതയെയും സമ്പൂർണമായി നിരാകരിക്കുന്നു. വൈവിധ്യങ്ങളെ ദേശീയതയുടെ ദൗർബല്യങ്ങളായാണ് സാംസ്കാരിക ദേശീയത നോക്കിക്കാണുന്നത്.

അധികാര വികേന്ദ്രീകരണത്തിലൂടെ മാത്രമേ ഇന്ത്യയെപ്പോലൊരു വലിയ രാജ്യത്തെ ഒന്നിപ്പിക്കാൻ കഴിയൂവെന്നാണ് അധികാരത്തിൻ്റെ പ്രായോഗികവല്‍കരണവുമായി ബന്ധപ്പെട്ട് മതേതര ദേശീയത സങ്കല്പങ്ങള്‍ കരുതുന്നത്

എന്നാല്‍ മതേതര ദേശീയത പ്രാദേശിക ഭാഷകളുടെയും സംസ്കാരങ്ങളുടെയും വൈവിധ്യത്തെ ദേശീയതയുടെ കരുത്തായാണ് കാണുന്നത്. ദേശീയ സങ്കല്പങ്ങളില്‍ എത്രത്തോളം വൈവിധ്യങ്ങളുണ്ടോ അത്രത്തോളം സൗന്ദര്യാത്മകമാണെന്നാണത് കരുതുന്നത്. ഒപ്പം ബഹുത്വങ്ങളെ പ്രോത്സാഹിപ്പിക്കുകയും അതിനിടയിലെ നീതി ദേശീയതയുടെ ഉത്തരവാദിത്വമാണ് എന്ന് വിശ്വസിക്കുകയും ചെയ്യുന്നു. അധികാര വികേന്ദ്രീകരണത്തിലൂടെ മാത്രമേ ഇന്ത്യയെപ്പോലൊരു വലിയ രാജ്യത്തെ ഒന്നിപ്പിക്കാൻ കഴിയൂവെന്നാണ് അധികാരത്തിൻ്റെ പ്രായോഗികവല്‍കരണവുമായി ബന്ധപ്പെട്ട് മതേതര ദേശീയത സങ്കല്പങ്ങള്‍ കരുതുന്നത്.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തെ ഈ വീക്ഷണ വൈരുദ്ധ്യങ്ങള്‍ നിരന്തരം പിന്തുടർന്ന് വരുകയാണ്. അതുണ്ടാക്കുന്ന സംഘർഷങ്ങളാണ് ഇന്ത്യയെന്ന രാജ്യം നേരിട്ട് കൊണ്ടിരിക്കുന്ന യഥാർത്ഥ പ്രശ്നം. അതിൻ്റെ ഉല്‍പന്നങ്ങളും ഉപോല്‍പ്പന്നങ്ങളുമാണ് രാജ്യത്തിനുള്ളിലെ യഥാർത്ഥമായ ഭീഷണികള്‍. ദേശത്തെയും ദേശീയതയും ദേശസ്നേഹവുമായി ബന്ധപ്പെടുത്തി സൃഷ്ടിക്കുന്ന സംഘർഷങ്ങള്‍ അതിൻ്റെ മൂർത്തതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
ഒരു വിഭാഗത്തിന് ദേശീയത എന്നാല്‍ ഭരണകൂടത്തോടുള്ള സമ്പൂർണ്ണ വിധേയത്വവും സാംസ്കാരിക ഐക്യവും ഉറപ്പാക്കലാണ്.

മറുവിഭാഗത്തിന്, ഭരണകൂടത്തെ ചോദ്യം ചെയ്യാനുള്ള അവകാശവും വൈവിധ്യങ്ങളെ സംരക്ഷിക്കുന്നതുമാണ് യഥാർത്ഥ ദേശീയത. യഥാർത്ഥത്തില്‍ ഒരു ജനാധിപത്യ സമൂഹത്തില്‍ ആശയങ്ങള്‍ തമ്മിലുള്ള സംഘർഷങ്ങളും സംവാദങ്ങളും ജനാധിപത്യ പ്രക്രിയയെ ജ്ഞാനപരമായി കൂടുതല്‍ ഉന്മേഷമുള്ളതാക്കേണ്ടതാണ്. അപ്പോഴാണ് അവ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാകുന്നത്. എന്നാല്‍, ഈ സംവാദങ്ങള്‍ വെറുപ്പിലേക്കും ഭിന്നതയിലേക്കുമാണ് ജനതയെ നയിച്ച്‌ കൊണ്ടിരിക്കുന്നത്. വൈജാത്യങ്ങളെ ആരോഗ്യകരമായ രാഷ്ട്രീയ സംവാദമായി നിലനിർത്തുവാൻ കഴിയുന്നില്ല എന്നതുതന്നെയാണ് ദേശീയതയുമായി ബന്ധപ്പെട്ട് സമകാലിക ഇന്ത്യയില്‍ നില നില്‍ക്കുന്ന ഏറ്റവും വലിയ വെല്ലുവിളി.

Content Highlights: Explore the concepts of nationalism, its meaning, major theories, historical development, and different perspectives that have shaped modern nations and national identities.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter