യുഎഇയിലെ എമിറേറ്റ്‌സ് റോഡിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് താങ്ങായി മലയാളി വ്യവസായി ഡോ.
ഷംഷീർ വയലില്‍. പ്രമുഖ അബുദാബി ഹെല്‍ത്ത് കെയർ കമ്പനിയായ ബുർജീല്‍ ഹോള്‍ഡിംഗ്സിന്റെ ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ഡോ. ഷംഷീർ വയലില്‍ രൂപീകരിച്ച ഒരു മില്യണ്‍ ദിർഹം (ഏകദേശം 2.6 കോടി രൂപ) ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ഈ തുക കൈമാറിയത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങള്‍ക്ക് അടിയന്തര ആശ്വാസം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സഹായ പദ്ധതി നടപ്പിലാക്കിയത്.
റോഡില്‍ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ മിനിബസ് ഇടിച്ചുണ്ടായ ദാരുണമായ അപകടത്തില്‍ ആറ് ഇന്ത്യക്കാരും ഒരു ശ്രീലങ്കക്കാരനുമുള്‍പ്പെടെ ഏഴ് തൊഴിലാളികളാണ് മരണപ്പെട്ടത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 1,00,000 ദിർഹം വീതം സഹായധനം ലഭിച്ചു. കൂടാതെ, പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഒൻപത് പേരുടെ ആശുപത്രി ചിലവുകള്‍ക്കായി 1,80,000 ദിർഹവും അനുവദിച്ചിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് അടിയന്തര യാത്രയ്ക്കും താമസത്തിനുമായി 70,000 ദിർഹവും ഈ ദുരിതാശ്വാസ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഡോ. ഷംഷീർ വയലിന്റെ വിപിഎസ് ഹെല്‍ത്ത്‌കെയർ ഓഫീസിലെ പ്രതിനിധികള്‍ ഇന്ത്യയിലെ തെലങ്കാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ശ്രീലങ്കയിലെ മുല്ലൈതീവിലും നേരിട്ടെത്തിയാണ് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം കൈമാറിയത്. മരിച്ചവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷമാണ് തുക കൈമാറിയത്. സഹായ വിതരണം ഏകോപിപ്പിച്ച വിവിധ സംഘടനകള്‍, വരും ദിവസങ്ങളിലും ഈ കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
അപകടത്തെത്തുടർന്ന് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനും മറ്റ് അടിയന്തര സഹായങ്ങള്‍ ലഭ്യമാക്കുന്നതിനുമായി യുഎഇ അധികൃതരും പ്രവാസി സാമൂഹിക സംഘടനകളും സജീവമായി രംഗത്തുണ്ടായിരുന്നു. പ്രവാസി സമൂഹത്തിന്റെയും ജീവകാരുണ്യ പ്രവർത്തകരുടെയും സഹകരണത്തോടെയാണ് ഈ 10 ലക്ഷം ദിർഹത്തിന്റെ സഹായനിധി സമാഹരിച്ചത്. ദുരന്തത്തില്‍ സർവതും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് വലിയൊരു ആശ്വാസമാവുകയാണ് പ്രവാസി സമൂഹത്തിന്റെ ഈ മാനുഷിക ഇടപെടല്‍.
Content Highlights: The families of workers who died in the Dubai road accident have received financial support from a Malayali businessman, providing much-needed assistance in the aftermath of the tragedy.

