ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് ബാധ അതിവേഗം പടർന്നുപിടിക്കുന്ന സാഹചര്യത്തില്‍ മുൻകരുതല്‍ നടപടികളുമായി ബഹ്റൈൻ.
എബോള വ്യാപനം തടയുന്നതിന്റെ ഭാഗമായി ദക്ഷിണ സുഡാൻ, കോംഗോ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദേശ യാത്രക്കാർക്ക് ബഹ്റൈൻ താല്‍ക്കാലിക പ്രവേശന വിലക്കേർപ്പെടുത്തി.
ചൊവ്വാഴ്ച മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വന്നത്. അടുത്ത 30 ദിവസത്തേക്കാണ് വിലക്കുള്ളത്. വരും ദിവസങ്ങളിലെ സാഹചര്യം വിലയിരുത്തി മാത്രമായിരിക്കും ഇതില്‍ മാറ്റം വരുത്തുക. ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ വിമാനങ്ങള്‍ക്കും കൂടാതെ കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ ഈ രാജ്യങ്ങളില്‍ ഉണ്ടായിരുന്ന യാത്രക്കാർക്കും ഈ നിയന്ത്രണം ബാധകമാണ്. രാജ്യത്തെ ജനങ്ങളുടെ പൊതുജനാരോഗ്യം സംരക്ഷിക്കുക, എബോള പ്രതിരോധം ശക്തമാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുൻനിർത്തിയാണ് യാത്രാ വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
ലോകാരോഗ്യ സംഘടന ഈ പ്രദേശങ്ങളിലെ എബോള വ്യാപനത്തെ കുറിച്ച് നല്‍കിയ പുതിയ വിലയിരുത്തലുകളെ അടിസ്ഥാനമാക്കിയാണ് ഈ നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. എന്നാല്‍ ബഹ്റൈൻ പൗരന്മാർക്ക് ഈ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുമ്പോള്‍ പ്രവേശന വിലക്ക് ഉണ്ടായിരിക്കില്ല. അവർക്ക് വിമാനത്താവളത്തില്‍ നിലവിലുള്ള ആരോഗ്യ പരിശോധനകളും നിയന്ത്രണ നടപടികളും പാലിക്കേണ്ടതുണ്ട്.
എല്ലാ യാത്രക്കാരും ബന്ധപ്പെട്ട അധികാരികള്‍ നല്‍കുന്ന ആരോഗ്യ നിർദ്ദേശങ്ങള്‍ കർശനമായി പാലിക്കണമെന്ന് സിവില്‍ ഏവിയേഷൻ കാര്യാലയം അറിയിച്ചു. ഈ വിലക്ക് 30 ദിവസത്തേക്ക് പ്രാബല്യത്തില്‍ തുടരും. രോഗ വ്യാപന സാഹചര്യം അനുസരിച്ച് ഇത് വീണ്ടും അവലോകനം ചെയ്യുമെന്നും ബാധിക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടിക മാറ്റം വരാമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Content Highlights: Amid fears surrounding the Ebola outbreak, Bahrain has introduced a temporary travel ban on three African nations. The measure is part of precautionary efforts to protect public health and prevent the spread of the virus.

