തിരുവനന്തപുരം: കരുംകുളത്ത് ഈസ്റ്റർ രാത്രിയില്‍ വീട്ടുകാര്‍ പള്ളിയില്‍ പോയ തക്കത്തിന് രണ്ട് വീടുകളില്‍ കവർച്ച.
ലക്ഷക്കണക്കിന് രൂപയും 17.5 പവൻ സ്വർണവും മോഷ്ടിക്കപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊർജിതമാക്കി. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും സംശയം തോന്നിയ വാഹനങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്നും കാഞ്ഞിരംകുളം പൊലീസ് അറിയിച്ചു.
പുല്ലുവിള പഴയതുറ പുരയിടത്തില്‍ മിനിയുടെയും സമീപവാസിയായ ബ്രിജിറ്റിന്‍റെയും വീടുകളിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. മിനിയുടെ വീട്ടില്‍ നിന്ന് 17.5 പവൻ സ്വർണാഭരണങ്ങളും 6,65000 രൂപയും ബ്രിജിറ്റിന്‍റെ വീട്ടില്‍നിന്ന് രണ്ട് ഗ്രാം സ്വർണവും 500 രൂപയുമാണ് കവർന്നത്.
ശനിയാഴ്ച രാത്രി 11 മണിയോടുകൂടിയാണ് മിനിയും ഭർത്താവ് പത്രോസും മൂന്ന് മക്കളുമായി ഈസ്റ്റർ കു൪ബാനയ്ക്ക് പുല്ലുവിളയിലെ ദേവാലയത്തില്‍ പോയത്. പുലർച്ചെ രണ്ടുമണിക്ക് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് പുറകുവശത്തെ വാതില്‍ തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയില്‍ കിടപ്പുമുറിയിലെ അലമാര പൊളിഞ്ഞ് കിടക്കുന്നത് ശ്രദ്ധയില്‍പെട്ടത്. മൂന്ന് ജോഡി കൊലുസുകള്‍, ഒരു നെക്‌ലെസ്, ഒരു മാല, മൂന്ന് ബ്രേസ്‌ലെറ്റുകള്‍, ഒരു ജോഡി കമ്മല്‍, ആറ് മോതിരം, രണ്ടു മാലകള്‍, ഒരു വള എന്നിവയും അടുത്ത കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒരു ജോഡി കമ്മലും ഉള്‍പ്പെടെ പതിനേഴര പവനും 665000 രൂപയുമാണ് നഷ്ടമായത്.
സമീപവാസിയായ ബ്രിജിറ്റും ഭർത്താവ് റോബിനും കുടുംബവും രാത്രി 11.30നാണ് ആരാധനക്കായി പള്ളിയിലെത്തിയത്. പുലർച്ചെ ഒന്നിന് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കിടപ്പുമുറിയിലെ ആഭരണപ്പെട്ടി കട്ടിലില്‍ തുറന്നുകിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. പരിശോധനയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ടുഗ്രാം തൂക്കമുള്ള രണ്ട് മോതിരവും 500 രൂപയും നഷ്ടപ്പെട്ടതായി കണ്ടെത്തി.രണ്ട് വീടുകളിലും അടുക്കളവാതില്‍ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. ശനിയാഴ്ച രാത്രി സമീപത്തെ വീടുകളിലെ എല്ലാവരും പള്ളിയില്‍ പോയ തക്കം നോക്കിയാണ് മോഷണ ശ്രമം. സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ദരും ഡോഗ് സ്‌ക്വാഡും എത്തി പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചു.
ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്ക്കും; സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ
Content Highlight : In Karumkulam, a theft was reported in two houses on the night of Easter while the residents had gone to church.

