വാഷിംഗ്ടണ്‍: ഇറാനു മേല്‍ അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് നല്‍കിയ അന്ത്യശാസനത്തിൻ്റെ സമയപരിധി അവസാനിക്കാൻ എത്ര മിനിറ്റുകള്‍ ബാക്കിയുണ്ടെന്ന് തത്സമയം കാണിച്ച ഇസ്രായേലി ചാനലുകള്‍ക്കെതിരെ സമൂഹ മാധ്യമത്തില്‍ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.
ഇസ്രായേലിലെ ചാനല്‍ 13ൻ്റെ സ്ക്രീനില്‍ പകുതിയോളം വലിപ്പത്തില്‍ തത്സമയ കൗണ്ട്ഡൗണ്‍ ക്ലോക്ക് സ്ഥാപിച്ചത് ജനങ്ങളില്‍ യുദ്ധഭീതിയുണ്ടാക്കി.
ഓരോ സെക്കൻഡ് കുറയുമ്പോഴും ഒരു രാജ്യം തന്നെ ഇല്ലാതാകുമെന്ന ട്രംപിൻ്റെ ഭീഷണിയെ മാധ്യമങ്ങള്‍ റേറ്റിംഗിനുള്ള ആയുധമാക്കുകയായിരുന്നു എന്നാണ് സോഷ്യല്‍മീഡിയ വിമർശിക്കുന്നത്. സമാനമായ രീതിയില്‍ പല മുൻനിര ചാനലുകളും യുദ്ധത്തെ ആഘോഷമാക്കി മാറ്റിയെന്നും സോഷ്യല്‍ മീഡിയയില്‍ വിമർശനം ഉയരുന്നുണ്ട്. ഇതിൻ്റെ സ്ക്രീൻ ഷോട്ടുകളും നിരവധി പേർ പങ്കുവെക്കുന്നുണ്ട്.
ഇന്നലെയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് ഇറാനെതിരെ ഭീഷണിയുമായി രംഗത്തെത്തിയത്. ഇന്ന് രാത്രി കൊണ്ട് ഒരു നാഗരികത മുഴുവൻ ഇല്ലാതാക്കുമെന്നാണ് ട്രംപ് പറഞ്ഞത്. ഇന്ന് രാത്രിയോടെ എല്ലാത്തിനും തീരുമാനമാകുമെന്നും ഏറ്റവും സുപ്രധാനമായ മണിക്കൂറുകളാണ് വരാനിരിക്കുതെന്നുമാണ് ട്രംപ് ട്രൂത്ത് സോഷ്യലൂടെ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ചില ഇസ്രായേലി ചാനലുകള്‍ വാർ കൗണ്ട്ഡൗണുകളുമായി എത്തിയത്.
Content Highlights: Trump's threat to destroy Iran: Widespread criticism against media outlets for running war countdowns

