ഇന്ത്യൻ സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. മലയാളത്തില്‍ ആദ്യം പുറത്തിറങ്ങിയ ചിത്രം പിന്നീട് നിരവധി ഭാഷകളിലാണ് റീമേയ്ക്ക് ചെയ്ത് പുറത്തിറങ്ങിയത്.
ദൃശ്യം 3 യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ സിനിമയുടെ ഡബ്ബിങ് പൂർത്തി ആക്കിയിരിക്കുകയാണ് ശാന്തി മായാദേവി. 'ജോർജുകുട്ടിയുടെ ലോകത്തിനുള്ളില്‍ എന്ന കുറിപ്പോടെ ശാന്തി മായാ ദേവി തന്നെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഇക്കാര്യം അറിയിച്ചിരുന്നത്. വലിയ ആവേശത്തോടെയാണ് ആരാധകർ സിനിമയുടെ അപ്ഡേറ്റ് ഏറ്റെടുത്തത്.
ഏപ്രില്‍ 2 ന് ദൃശ്യം 3 ലോകമെമ്പാടും പുറത്തിറങ്ങും. സിനിമയുടെ റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു മോഷൻ പോസ്റ്റർ മോഹൻലാല്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു. 'വർഷങ്ങള്‍ കടന്നുപോയി. എന്നാല്‍ ഭൂതകാലം കടന്നുപോയിട്ടില്ല' എന്ന ക്യാപ്ഷനോടെയാണ് മോഹൻലാല്‍ പോസ്റ്റർ പങ്കുവെച്ചത്. ദൃശ്യം 3 യുടെ ഹിന്ദി പതിപ്പിന്റെ റിലീസ് നേരത്തെ നിർമാതാക്കള്‍ പുറത്തു വിട്ടിരുന്നു. അജയ് ദേവ്ഗണ്‍ നായകനാകുന്ന ഹിന്ദി പതിപ്പിന്റെ റിലീസ് ഒക്ടോബറിലാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ഇതുവരെ ആരംഭിച്ചിട്ടില്ല. മലയാളത്തില്‍ മുരളി ഗോപി അവതരിപ്പിച്ച വേഷത്തിലെത്തേണ്ടിയിരുന്ന അക്ഷയ് ഖന്ന പിന്മാറിയത് വലിയ വിവാദമായിരുന്നു. അഭിഷേക് പഥക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

