ന്യൂയോർക്ക്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി അഭിപ്രായ വ്യത്യാസം രൂക്ഷമാണെന്ന് സമ്മതിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണാള്‍ഡ് ട്രംപ്.
ലെബനനില്‍ ഇസ്രായേല്‍ തുടരുന്ന ആക്രമണത്തില്‍ താൻ അസന്തുഷ്ടനാണെന്നും ട്രംപ് വ്യക്തമാക്കി. 'നെതന്യാഹുവിനോട് ഞാൻ ദേഷ്യപ്പെട്ടെന്ന് പറയില്ല. ലെബനനുമായി അദ്ദേഹം നിരന്തരം പോരാടുന്നതില്‍ എനിക്ക് അല്‍പ്പം അസ്വസ്ഥതയുണ്ടായിരുന്നു' എന്നാണ് ന്യൂയോർക്ക് പോസ്റ്റിന്റെ പോഡ് ഫോഴ്‌സ് വണ്‍ പോഡ്‌കാസ്റ്റില്‍ സംസാരിക്കവെ അമേരിക്കൻ പ്രസിഡൻ്റ് വ്യക്തമാക്കിയത്. മറ്റു വിധത്തില്‍ താനും നെതന്യാഹുവും നന്നായി ഒത്തുചേർന്ന് പോകുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന കരാറിലെ അനിശ്ചിതത്വം തുടരുകയും ഇരുരാജ്യങ്ങളും വെടിനിർത്തല്‍ കരാർ ലംഘിക്കുകയും ചെയ്തിരിക്കുന്ന പശ്ചാത്തലത്തിലാണ് ട്രംപിൻ്റെ പ്രതികരണം എന്നതാണ് ശ്രദ്ധേയം.
'ഇറാനെ ആണവായുധം കൈവശം വയ്ക്കാൻ ഞങ്ങള്‍ അനുവദിക്കില്ലെന്നും അവർ ഇതിനകം തന്നെ ആണവായുധം കൈവശം വയ്ക്കാൻ പോകുന്നില്ലെന്ന് അവർ സമ്മതിച്ചിട്ടുണ്ട്. അതായിരുന്നു വലിയ കാര്യമെന്നും' ന്യൂയോർക്ക് പോസ്റ്റിന്റെ പോഡ് ഫോഴ്‌സ് വണ്‍ പോഡ്‌കാസ്റ്റില്‍ ട്രംപ് ചൂണ്ടിക്കാണിച്ചു. സംഘർഷത്തില്‍ ഇറാനാണ് മുൻതൂക്കം എന്ന വാദത്തെ അമേരിക്കൻ പ്രസിഡൻ്റ് തള്ളി. 'ഇറാന് നാവികസേനയില്ല. അവർക്ക് വ്യോമസേനയില്ല. അവർക്ക് വളരെ കുറച്ച് സൈനികരേയുള്ളൂ. അവർക്ക് നേതൃത്വമില്ല. അവരുടെ സമ്പദ്‌വ്യവസ്ഥ തകർന്നുകൊണ്ടിരിക്കുകയാണ്. അവർക്ക് 250 ശതമാനം പണപ്പെരുപ്പമുണ്ട്. നിങ്ങള്‍ക്ക് ഉണ്ടായിരിക്കാവുന്നതെല്ലാം അവർക്കുണ്ട്, അത് മോശമാണ്' എന്നും ട്രംപ് പ്രതികരിച്ചു.
കുവൈത്ത് എയർപോർട്ടിന് നേരെ ഇറാന്റെ ഡ്രോണാക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു: കൊല്ലപ്പെട്ടത് ഇന്ത്യൻ പൗരന്‍
ഹോർമുസ് കടലിടുക്കിലെ ഉപരോധം കൂടുതല്‍ കാലം തുടരുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. 'ഇത് വളരെ വേഗത്തില്‍ പരിഹരിക്കപ്പെടുമെന്ന് ഞാൻ കരുതുന്നു. ഇറാനില്‍ അമേരിക്ക സൈനികമായി വളരെ വലിയ വിജയം നേടുന്നു'ണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാൻ്റെ പരമോന്നത നേതാവ് മൊജ്തബ ഖമനയി ചർച്ചകളില്‍ പങ്കാളിയാണെന്നും ട്രംപ് സ്ഥിരീകരിച്ചു. ഇറാന്റെ പുതിയ നേതൃത്വത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി ആയിട്ടായിരുന്നു ട്രംപിൻ്റെ പ്രതികരണം. അദ്ദേഹം അംഗീകാരം നല്‍കുന്നുണ്ടെന്നാണ് അവർ പറയുന്നത്, കാരണം അത് വളരെക്കാലമായി അങ്ങനെയാണ്. അദ്ദേഹത്തിന്റെ അച്ഛനും പിന്നീട് അദ്ദേഹവും, ഇത് ഒരു പിന്തുടർച്ചയാണെന്ന് ഞാൻ കരുതുന്നു. പക്ഷേ ഞങ്ങള്‍ വളരെ നന്നായി ഒത്തുചേരുന്നതായി തോന്നുന്നു. എല്ലാം എങ്ങനെ പോകുന്നു എന്നതിനെ ആശ്രയിച്ച് ഞങ്ങള്‍ എപ്പോഴെങ്കിലും കണ്ടുമുട്ടാൻ സാധ്യതയുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാൻ സംഘർഷം കൈകാര്യം ചെയ്യുന്നതില്‍ തന്റെ പ്രവചനാതീതമായ സമീപനത്തെക്കുറിച്ചുള്ള വിമർശനങ്ങളെയും ട്രംപ് തള്ളിപ്പറഞ്ഞു. അവർ ആശയക്കുഴപ്പത്തിലാകുന്നത് നല്ലതാണ്, ഇറാനികള്‍ ആശയക്കുഴപ്പത്തിലാകുന്നത് നല്ലതാണ് എന്നായിരുന്നു പോഡ് ഫോഴ്‌സ് വണ്‍ പോഡ്‌കാസ്റ്റിലെ അഭിമുഖത്തില്‍ ട്രംപിൻ്റെ പ്രതികരണം. ഇറാനെതിരായ യുദ്ധം വൈകിപ്പിക്കാൻ കഴിയാത്ത ബോധപൂർവ്വമായ ഒരു തെരഞ്ഞെടുപ്പായിട്ടാണ് അമേരിക്കൻ പ്രസിഡന്റ് വിശേഷിപ്പിച്ചത്. ഞാൻ അങ്ങനെ ചെയ്തിരുന്നെങ്കില്‍, അവർക്ക് ഒരു ആണവായുധം ലഭിക്കുമായിരുന്നു. B-2 ബോംബർ ആക്രമണം നടന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ അവർക്ക് ഒരു ആണവായുധം ലഭിക്കുമായിരുന്നു. അതിനാല്‍ ഞാൻ അങ്ങനെ ചെയ്തിരുന്നെങ്കില്‍, അവർക്ക് ഒരു ആണവായുധം ലഭിക്കുമായിരുന്നു എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള തന്റെ ആശങ്ക ബരാക് ഒബാമയുടെ ഭരണകാലത്ത് ഇറാനുമായി ഉണ്ടാക്കിയ ആണവ കരാറില്‍ നിന്ന് പിന്മാറിയപ്പോള്‍ മുതല്‍ ആരംഭിച്ചതാണെന്നും അമേരിക്കൻ പ്രസിഡൻ്റ് വ്യക്തമാക്കി.
താനില്ലായിരുന്നെങ്കില്‍, ഇപ്പോള്‍ ഇസ്രായേല്‍ ഉണ്ടാകുമായിരുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇറാനെതിരെ യുദ്ധം ആരംഭിക്കാൻ നെതന്യാഹു തന്നെ കൃത്രിമമായി ഉപയോഗിച്ചുവെന്ന സൂചനകളെയും ട്രംപ് നിഷേധിച്ചു. ഇറാനെ അക്രമിക്കാനുള്ള തീരുമാനം പൂർണ്ണമായും തന്റേതാണെന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം അവർ ആദ്യം ആക്രമിക്കപ്പെടുമായിരുന്നു. ഞാൻ ഇല്ലായിരുന്നെങ്കില്‍, ഇപ്പോള്‍ ഇസ്രായേല്‍ ഉണ്ടാകുമായിരുന്നില്ല എന്ന് ഞാൻ നിങ്ങളോട് പറയും എന്നായിരുന്നു പോഡ് ഫോഴ്‌സ് വണ്‍ പോഡ്‌കാസ്റ്റില്‍ ട്രംപിൻ്റെ പ്രതികരണം.
Content Highlights: Donald Trump stated he has differences with Israeli PM Benjamin Netanyahu regarding the Lebanon attack and confirmed that Mojtaba Khamenei is participating in key discussions. Latest updates on US, Israel, and Iran developments.

