Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മെലിഞ്ഞവരിലും കരളില്‍ കൊഴുപ്പടിയും; വില്ലനായി ലീന്‍ ഫാറ്റി ലിവര്‍

മെലിഞ്ഞവരിലും കരളില്‍ കൊഴുപ്പടിയും; വില്ലനായി ലീന്‍ ഫാറ്റി ലിവര്‍

Reporter 1 month ago

'ഡോക്ടറേ, ഞാന്‍ മദ്യം തൊടാറില്ല, പുറമെ കാണാന്‍ നല്ല മെലിഞ്ഞ പ്രകൃതവുമാണ്. എനിക്കെങ്ങനെ ഈ മാരകമായ ഫാറ്റി ലിവര്‍ വന്നു?'.

ലിവര്‍ ക്ലിനിക്കില്‍ ഇന്ന് സാധാരണയായി കേള്‍ക്കുന്ന ചോദ്യമാണിത്. ലോക കരള്‍ ദിനത്തില്‍ (World Liver Day 2026) നാം ചര്‍ച്ച ചെയ്യേണ്ട വിഷയമാണ് ലീന്‍ ഫാറ്റി ലിവര്‍ ( Lean Fatty Liver). പുറമെ ആരോഗ്യവാനായി കാണപ്പെടുന്ന, മെലിഞ്ഞ ശരീരമുള്ള ഒരാളുടെ ഉള്ളില്‍ കരള്‍ കൊഴുപ്പില്‍ മുങ്ങിയിരിക്കുന്ന അവസ്ഥ.

കണക്കുകള്‍ സംസാരിക്കുമ്പോള്‍

നാം ചിന്തിക്കുന്നതിലും ഭയാനകമാണ് വര്‍ത്തമാനകാലത്തെ കണക്കുകള്‍. 2025-ല്‍ പ്രസിദ്ധീകരിച്ച പ്രമേഹം, എന്‍ഡോക്രൈനോളജിക്കല്‍ ക്ലിനിക് കേന്ദ്രീകരിച്ച MAP നടത്തിയ പഠന പ്രകാരം ഇന്ത്യയിലെ പ്രായപൂര്‍ത്തിയായവരില്‍ 68.2% പേര്‍ക്കും മെറ്റബോളിക് ലിവര്‍ ഡിസീസ് (MASLD) ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ കേരളത്തിന്റെ അവസ്ഥ ഏറെ ഗൗരവകരമാണ്. നമ്മുടെ സംസ്ഥാനത്ത് ലിവര്‍ സിറോസിസിലേക്ക് നയിച്ചേക്കാവുന്ന 'അഡ്വാന്‍സ്ഡ് ഫൈബ്രോസിസ്' (Advanced Fibrosis) ബാധിച്ചവരുടെ നിരക്ക് 20% ആണ്. ഇത് ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണെന്നത് നമ്മെ ഭയപ്പെടുത്തേണ്ടതാണ്.

നിങ്ങളുടെ വൃക്ക ആരോഗ്യമുള്ളതാണോ?; അറിയേണ്ടതെല്ലാം

എന്താണ് 'ലീന്‍ ഫാറ്റി ലിവര്‍'?

പൊണ്ണത്തടിയുള്ളവര്‍ക്ക് മാത്രമേ ഫാറ്റി ലിവര്‍ വരൂ എന്ന ധാരണ തിരുത്തേണ്ട കാലം അതിക്രമിച്ചു. ശരീരഭാരം നോര്‍മല്‍ ആണെങ്കിലും ആന്തരിക അവയവങ്ങള്‍ക്ക് ചുറ്റും കൊഴുപ്പ് അടിയുന്ന 'വിസറല്‍ ഫാറ്റ്' (Visceral Fat) ആണ് ഇതിന് കാരണം. പാരമ്പര്യം, വ്യായാമമില്ലായ്മ, അമിതമായ മധുരപലഹാരങ്ങള്‍ എന്നിവയാണ് ഇതിന്റെ പിന്നിലെ വില്ലന്മാര്‍. കണ്ണാടിയില്‍ നോക്കുമ്പോള്‍ കാണുന്ന പരന്ന വയറല്ല നിങ്ങളുടെ ആരോഗ്യത്തിന്റെ അടയാളം. രക്തത്തിലെ കൊളസ്‌ട്രോളും ഷുഗറും നോര്‍മല്‍ ആണെങ്കില്‍ പോലും നിങ്ങളുടെ കരളില്‍ കൊഴുപ്പിന്റെ അംശം 5%-ല്‍ അധികമാണെങ്കില്‍ അത് അപകടസൂചനയാണ്.

കരളിന്റെ സ്‌നേഹം തിരിച്ചറിയുക

നമ്മുടെ ശരീരത്തിലെ ഏറ്റവും നിശബ്ദനായ സേവകനാണ് കരള്‍. 500-ലധികം ധര്‍മ്മങ്ങള്‍ ചെയ്യുന്ന ഈ അവയവം, അതിന്റെ 75 ശതമാനവും നശിക്കുന്നത് വരെ ഒരു പരാതിയും പറയില്ല. കരള്‍ തകരുന്നത് കേവലം ഒരു അവയവത്തിന്റെ പരാജയമല്ല. അത് ഒരു കുടുംബത്തിന്റെ മുഴുവന്‍ തകര്‍ച്ചയാണ്. ഒരു സിറോസിസ് രോഗിയുടെ വീട്ടില്‍ ചെന്നാല്‍ നിങ്ങള്‍ക്കത് കാണാം-ആശങ്കയോടെ കഴിയുന്ന മക്കള്‍, ഉറക്കമില്ലാത്ത രാത്രികള്‍ കഴിച്ചുകൂട്ടുന്ന പങ്കാളി. ഒരു ഡോക്ടര്‍ എന്ന നിലയില്‍ എനിക്ക് പറയാനുള്ളത് ഇതാണ്: 'Solid Habits, Strong Liver.' 2026-ലെ കരള്‍ ദിന സന്ദേശം പോലെ, ഉറച്ച ശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നത് വഴി ശക്തമായ കരള്‍ നേടാനാകും.

ദിവസവും 30 മിനിറ്റ് നടത്തം:

കരളിലെ കൊഴുപ്പിനെ അലിയിക്കാന്‍ ഇതിലും വലിയ മരുന്നില്ല. കൂടാതെ സമീകൃത ആഹാരം ശീലമാക്കുക.

പഞ്ചസാര കുറയ്ക്കുക:

മധുരം കരളിന്റെ കൊടുംശത്രുവാണ്. പ്രതിദിനം പഴങ്ങളും, പച്ചക്കറികളും, ധാന്യങ്ങളോടൊപ്പം തന്നെ ആരോഗ്യകരമായ കൊഴുപ്പുകളും, ലീന്‍ പ്രോട്ടീനും അടങ്ങിയ ആഹാരം തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. അതോടൊപ്പം മദ്യപാനവും അനാവശ്യ മരുന്നുകളുടെ ഉപയോഗവും ഒഴിവാക്കുക.

പരിശോധനകള്‍ മുടക്കാതിരിക്കുക:

പ്രത്യേകിച്ച്‌ പ്രമേഹമുള്ളവര്‍ക്കും വര്‍ഷത്തിലൊരിക്കലെങ്കിലും ലിവര്‍ സ്‌കാനിംഗിനും രക്ത പരിശോധനയ്ക്കും വിധേയരാകണം.

ഈ കരള്‍ ദിനത്തില്‍ നമുക്കൊരു തീരുമാനമെടുക്കാം. പുറമെ കാണുന്ന സൗന്ദര്യത്തിനപ്പുറം, ഉള്ളിലെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കാം. കാരണം, നിങ്ങളുടെ കരള്‍ ആരോഗ്യത്തോടെ ഇരിക്കുക എന്നാല്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പുഞ്ചിരി കാത്തുസൂക്ഷിക്കുക എന്ന് കൂടിയാണ് അര്‍ത്ഥം.

Content Highlights : Why do skinny people get fatty liver? Everything you need to know about lean fatty liver

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter