ഓണ്‍ലൈൻ ഷോപ്പിങ് നടത്തുന്നവർക്കായി പുതിയ കസ്റ്റംസ് നിയമങ്ങളും നിയന്ത്രണങ്ങളും പ്രഖ്യാപിച്ച് ഒമാൻ. വിദേശങ്ങളില്‍ നിന്ന് ഓണ്‍ലൈനായി വാങ്ങുന്ന ഡ്യൂട്ടി-ഫ്രീ വ്യക്തിഗത പാഴ്‌സലുകള്‍ക്കും തപാല്‍ കയറ്റുമതികള്‍ക്കും 100 ഒമാനി റിയാല്‍ പരിധിയായി നിശ്ചയിച്ചു.
ജിസിസി കോമണ്‍ കസ്റ്റംസ് നിയമത്തിന്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് കസ്റ്റംസ് വിഭാഗം പുതിയ തീരുമാനം പുറപ്പെടുവിച്ചിരിക്കുന്നത്.
പുതിയ ഉത്തരവ് പ്രകാരം, വ്യക്തിഗതവും വാണിജ്യേതരവുമായ ആവശ്യങ്ങള്‍ക്ക് അയക്കുന്ന പാഴ്‌സലുകളുടെ ആകെ മൂല്യം 100 റിയാലില്‍ കവിയാതിരുന്നാല്‍ മാത്രമേ കസ്റ്റംസ് തീരുവയില്‍ ഇളവ് ലഭിക്കുകയുള്ളൂ. എന്നാല്‍ പുകയില, പുകയില ഉത്പ്പന്നങ്ങള്‍ എന്നിവയെ ഈ നികുതി ഇളവില്‍ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. ഓണ്‍ലൈൻ വഴി വ്യക്തിഗത ആവശ്യത്തിനല്ലാതെ വാണിജ്യപരമായ ലക്ഷ്യത്തോടെ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് തടയാൻ കൂടിയാണ് ഈ നടപടി.
അതേസമയം, യാത്രക്കാരുടെ കൂടെയുള്ള സ്വകാര്യ ബാഗേജുകള്‍ക്കും സമ്മാനങ്ങള്‍ക്കും 300 റിയാല്‍ വരെയുള്ള കസ്റ്റംസ് ഇളവുകള്‍ തുടർന്നും ലഭിക്കും. എന്നാല്‍ യാത്രക്കാർക്ക് കൊണ്ടുവരാവുന്ന സിഗരറ്റുകളുടെ അളവില്‍ മാറ്റം വരുത്തിയിട്ടുണ്ട്. മുമ്പ് 400 സിഗരറ്റുകള്‍ വരെ നികുതിയില്ലാതെ കൊണ്ടുവരാമായിരുന്നുവെങ്കില്‍ പുതിയ നിയമപ്രകാരം അത് 200 ആയി കുറച്ചു.
ചാരിറ്റബിള്‍ സംഘടനകള്‍, ഭിന്നശേഷിക്കാർക്കായി ഇറക്കുമതി ചെയ്യുന്ന പ്രത്യേക വസ്തുക്കള്‍, ദുരിതാശ്വാസ സാമഗ്രികള്‍, യാത്രക്കാരുടെ വ്യക്തിഗത വസ്തുക്കള്‍ എന്നിവയ്ക്കുള്ള ഇളവുകളും പുതിയ ചട്ടത്തിലൂടെ പരിഷ്കരിച്ചിട്ടുണ്ട്. നികുതി ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാൻ ആവശ്യമായ കൂടുതല്‍ കടുപ്പമേറിയ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താൻ കസ്റ്റംസ് ഡയറക്ടർ ജനറലിന് പുതിയ നിയമം പൂർണ്ണ അധികാരം നല്‍കുന്നുണ്ട്.
Content Highlights: Oman has announced new rules for online shopping, with tax exemptions now limited to purchases valued up to 100 Omani Riyals. The updated regulations aim to streamline e-commerce transactions.

