2026 ഇന്ത്യൻ പ്രീമിയർ ലീഗ് അതിന്റെ അന്ത്യത്തിലേക്ക് കടക്കുമ്പോള്‍ ആവേശമായി വീറും വാശിയും നിറഞ്ഞ പോരാട്ടങ്ങള്‍.
ഇന്നലെ നടന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് - രാജസ്ഥാൻ റോയല്‍സ് അത്തരമൊരു പോരാട്ടം തന്നെയായിരുന്നു. ടീമുകള്‍ തമ്മിലുള്ള കടുത്ത പോരാട്ടങ്ങള്‍ പോലെ തന്നെ താരങ്ങള്‍ തമ്മിലുള്ള പോരാട്ടങ്ങളും ഇപ്പോള്‍ കടക്കുകയാണ്. ഓറഞ്ച് ക്യാപിനായുള്ള പോരാട്ടത്തില്‍ ഇപ്പോള്‍ പട്ടികയുടെ തലപ്പത്ത് എത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയല്‍സിന്റെ 'ബേബി ബോസ്' വൈഭവ് സൂര്യവംശി. ഇന്നലെ ഹൈദരാബാദിനെതിരെ നടന്ന മത്സരത്തില്‍ വെടിക്കെട്ട് പ്രകടനം നടത്തിയാണ് താരം ഓറഞ്ച് ക്യാപ് തിരിച്ച് പിടിച്ചത്.
വൈഭവ് തന്റെ പേരില്‍ അനവധി റെക്കോർഡുകള്‍ കുറിച്ച ഒരു മത്സരമായിരുന്നു ഇന്നലെ അരങ്ങേറിയത്. ഒപ്പം 15 മത്സരങ്ങളില്‍ 680 റണ്‍സോടെ റണ്‍വേട്ടക്കാരുടെ ഓറഞ്ച് ക്യാപ്പും സ്വന്തമാക്കി. 29 പന്തില്‍ 97 റണ്‍സടിച്ചായിരുന്നു താരം സായ് സുദര്‍ശനില്‍ നിന്ന് ക്യാപ് തട്ടിയെടുത്തത്. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള സായിക്ക് 652 റണ്‍സാണ് ഉള്ളത്. കൂടാതെ ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തില്‍ ഒരൊറ്റ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ പായിക്കുന്ന താരമെന്ന റെക്കോർഡും വൈഭവ് തന്റെ പേരില്‍ കുറിച്ചു. ഈ സീസണില്‍ 65 സിക്സറുകള്‍ നേടിക്കൊണ്ട് ഇതിഹാസ താരം ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡാണ് താരം മറികടന്നത്. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന അണ്‍ ക്യാപ്ഡ് താരമെന്ന നേട്ടവും 200ന് മുകളില്‍ സ്ട്രൈക്ക് റേറ്റില്‍ 600 ലേറെ റണ്‍സടിക്കുന്ന ആദ്യ താരമെന്ന നേട്ടവും വൈഭവ് ഇതിനൊപ്പം സ്വന്തമാക്കിയിരുന്നു.
രാജകീയം രാജസ്ഥാൻ; സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 47 റണ്‍സിന് പരാജയപ്പെടുത്തി
റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതുള്ള വൈഭവ് ഇതുവരെ പതിനഞ്ച് മത്സരങ്ങളില്‍ നിന്നായി 55 ബൗണ്ടറികളും 65 സിക്സറുകളുമാണ് അടിച്ചുകൂട്ടിയിട്ടുള്ളത്. ഒരു സെഞ്ചുറി നേട്ടവും നാല് അർധസെഞ്ചുറി നേട്ടവും താരം ഈ സീസണില്‍ സ്വന്തമാക്കി. 103 റണ്‍സാണ് താരത്തിന്റെ ഈ സീസണിലെ ടോപ് സ്കോർ. ഈ സീസണില്‍ ഇതുവരെ 680 റണ്‍സാണ് നേടിയതും. നാളെ ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് രാജസ്ഥാന്റെ ക്വാളിഫയർ പോരാട്ടം. ജയിച്ചാല്‍ ആർആറിന് ഫൈനലിലേക്ക് ടിക്കറ്റ് എടുക്കാം. മെയ് 31-ന് നടക്കുന്ന കലാശപ്പോരില്‍ ആരായിരിക്കും തങ്ങളുടെ എതിരാളികള്‍ എന്ന കാത്തിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും.
Content highlight: IPL Orange Cap Vaibhav Sooryavanshi scores 680 runs

