പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നു ഗള്‍ഫ് മേഖലയിലെ വിമാന സർവീസുകള്‍ക്ക് വീണ്ടും തിരിച്ചടി. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് എമിറേറ്റ്സ്, ഇത്തിഹാദ് ഉള്‍പ്പെടെയുള്ള പ്രമുഖ വിമാനക്കമ്പനികള്‍ കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകള്‍ റദ്ദാക്കിയതായി അറിയിച്ചു.
യാത്രക്കാർ യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ നിലവിലെ സ്റ്റാറ്റസ് നിർബന്ധമായും പരിശോധിക്കണമെന്നും വിമാനക്കമ്പനികള്‍ നിർദ്ദേശിച്ചിട്ടുണ്ട്.
പ്രാദേശിക സുരക്ഷാ സാഹചര്യം പരിഗണിച്ച് യുഎഇ ആസ്ഥാനമായ എമിറേറ്റ്സ്, ഇത്തിഹാദ് എയർവേയ്സ് എന്നിവ കുവൈറ്റ്, ബഹ്റൈൻ ഉള്‍പ്പെടെയുള്ള സർവീസുകളില്‍ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ വീണ്ടും നീട്ടിയിരിക്കുകയാണ്. ടിക്കറ്റ് റീബുക്കിങ് സൗകര്യം ഒരുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് വിമാനക്കമ്പനികള്‍ അറിയിച്ചു.
യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അതത് വിമാനക്കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കില്‍ മൊബൈല്‍ ആപ്പ് വഴി വിമാനത്തിന്റെ ഏറ്റവും പുതിയ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. സുരക്ഷാ സാഹചര്യം വിലയിരുത്തി സർവീസുകളില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകാനിടയുള്ളതിനാല്‍ യാത്രാ പദ്ധതികള്‍ മുൻകൂട്ടി സ്ഥിരീകരിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
അമേരിക്ക-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയിലെ വ്യോമഗതാഗതം കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇടയ്ക്കിടെ തടസ്സപ്പെടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. വിവിധ രാജ്യങ്ങളുടെ വ്യോമാതിർത്തികളിലെ സുരക്ഷാ ഭീഷണികള്‍ കണക്കിലെടുത്താണ് വിമാനക്കമ്പനികള്‍ സർവീസുകളില്‍ മാറ്റം വരുത്തുകയും റദ്ദാക്കല്‍ കാലാവധി ആവശ്യാനുസരണം ദീർഘിപ്പിക്കുകയും ചെയ്യുന്നതെന്ന് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
അതേസമയം, എയർ ഇന്ത്യ എക്സ്പ്രസ് ആഗസ്റ്റ് എട്ട് വരെ സർവീസുകള്‍ റദ്ദാക്കിയതായി അറിയിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ വ്യാജ ടിക്കറ്റ് ബുക്കിംഗുകളും തട്ടിപ്പുകളും ഒഴിവാക്കാൻ യാത്രക്കാർ അംഗീകൃത ട്രാവല്‍ ഏജൻസികള്‍ വഴിയോ ബന്ധപ്പെട്ട വിമാനക്കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റുകള്‍, മൊബൈല്‍ ആപ്പുകള്‍, വഴി മാത്രം ടിക്കറ്റുകള്‍ ബുക്ക് ചെയ്യണമെന്ന് കുവൈറ്റ് അധികൃതർ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Content Highlights: Airlines have cancelled services to Kuwait and Bahrain as concerns continue to rise in the Middle East. The disruptions come amid ongoing regional tensions and uncertainty affecting air travel.

