Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഫിഫ ലോകകപ്പ് ഫുട്ബോള്‍; ഇറാനിയൻ ടീമിന് മെക്സിക്കൻ വിസ ലഭിച്ചതായി റിപ്പോര്‍ട്ട്

ഫിഫ ലോകകപ്പ് ഫുട്ബോള്‍; ഇറാനിയൻ ടീമിന് മെക്സിക്കൻ വിസ ലഭിച്ചതായി റിപ്പോര്‍ട്ട്

Reporter 2 days ago

ങ്കാറ: 2026 ഫിഫ ലോകകപ്പില്‍ പങ്കെടുക്കുന്ന ഇറാന്റെ ദേശീയ ഫുട്ബോള്‍ ടീമിലെ കളിക്കാർക്ക് മെക്സിക്കൻ വിസ ലഭിച്ചതായി ഇറാൻ്റെ സർക്കാർ വാർത്താ ബ്രോഡ്കാസ്റ്ററായ ഐആർഐബി റിപ്പോർട്ട് ചെയ്തു.

തുർക്കിയിലെ ഇറാനിയൻ അംബാസഡർ മുഹമ്മദ് ഹസ്സൻ ഹബിബുള്ളാസാദെ അങ്കാറയിലെ മെക്സിക്കൻ എംബസിയുമായി കൂടിയാലോചിച്ച ശേഷമാണ് വിസ നല്‍കിയതെന്നാണ് ഐആർഐബിയുടെ റിപ്പോർട്ട്. നിലവില്‍ തുർക്കിയില്‍ പരിശീലനത്തിലാണ് ഇറാനിയൻ ദേശീയ ഫുട്ബോള്‍ ടീം. കളിക്കാർ നേരിട്ട് ഹാജരാകാതെയും മെക്സിക്കൻ എംബസിയില്‍ വിരലടയാളം രേഖപ്പെടുത്താതെയും 48 മണിക്കൂറിനുള്ളില്‍ ഇറാന്റെ ദേശീയ ടീം കളിക്കാർക്കുള്ള വിസകള്‍ നല്‍കി എന്നാണ് മുഹമ്മദ് ഹസ്സൻ ഹബിബുള്ളാസാദെയെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.

ഇതിനിടെ ടൂ‍ർണ്ണമെൻ്റില്‍ പങ്കെടുക്കുന്ന ഇറാനിയൻ ടീമിനുള്ള അമേരിക്കൻ വിസ ലഭിക്കാത്തത് ഇപ്പോഴും പരിഹരിക്കാത്ത പ്രശ്നമായി തുടരുന്നുവെന്ന് ഇറാൻ ഫുട്ബോള്‍ ഫെഡറേഷൻ പ്രസിഡന്റ് മെഹ്ദി താജ് വ്യക്തമാക്കി. പ്രധാന തടസ്സം യുഎസ് വിസയാണ്. പ്രക്രിയ നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് ഞങ്ങള്‍ക്ക് അറിയില്ല. മറ്റ് തടസ്സങ്ങളൊന്നുമില്ല, ഈ വിഷയത്തില്‍ ഞങ്ങളും ഫിഫയും തുടർനടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് മെഹ്ദി താജിനെ ഉദ്ധരിച്ച്‌ ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്യുന്നത്. വിരലടയാളം രേഖപ്പെടുത്താതെ ടീമിന് വിസ നല്‍കാൻ മെക്സിക്കൻ അധികൃതർ സമ്മതിച്ചിട്ടുണ്ടെന്നും പ്രതിനിധി സംഘത്തിലെ രണ്ട് അംഗങ്ങള്‍ മാത്രമേ ഇപ്പോഴും വിസയ്ക്കായി കാത്തിരിക്കുന്നുള്ളൂവെന്നും മണിക്കൂറുകള്‍ക്കുള്ളില്‍ ഇത് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും മെഹ്ദി താജ് കൂട്ടിച്ചേ‍ർത്തു.

കുവൈറ്റ് എയർപോർട്ടിലെ ഇറാൻ ആക്രമണം; കൊല്ലപ്പെട്ടത് മധ്യപ്രദേശ് സ്വദേശി മൻസൂർ അഹമ്മദ് റഹ്മാൻ

ലോകകപ്പ് സമയത്ത് മെക്സിക്കോയിലെ ടീമിന്റെ താവളത്തിനും ലോസ് ഏഞ്ചല്‍സിനും ഇടയില്‍ വിമാന യാത്ര ക്രമീകരിക്കാൻ ഫെഡറേഷൻ ശ്രമിക്കുന്നുണ്ടെന്നും താജ് വ്യക്തമാക്കിയിട്ടുണ്ട്. ലോസ് ഏഞ്ചല്‍സിലേക്കുള്ള ദൂരം റോഡ് മാർഗം മൂന്ന് മണിക്കൂറും 20 മിനിറ്റുമാണ്, പക്ഷേ വിമാനമാർഗ്ഗം 45 മിനിറ്റ് മാത്രമേ എടുക്കൂ. ഞങ്ങള്‍ ഈ വിഷയത്തില്‍ ഇടപെടുന്നുണ്ട്, ഫിഫയുമായുള്ള ഞങ്ങളുടെ കരാർ പ്രധാനമാണ് എന്നായിരുന്നു താജിൻ്റെ പ്രതികരണം.

ചൊവ്വാഴ്ച വൈകിയോ ബുധനാഴ്ച പുലർച്ചെയോ വിസ നല്‍കുമെന്ന് ഫെഡറേഷൻ പ്രതീക്ഷിക്കുന്നതായി ഇറാനിയൻ ഫുട്ബോള്‍ മുതിർന്ന ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ടീമിന് മെക്സിക്കൻ വിസ ലഭിച്ചിരിക്കുന്നത്. ഇറാൻ ദേശീയ ടീം കളിക്കാർക്ക് ഇന്ന് രാത്രിയോ നാളെ രാവിലെയോ വിസ നല്‍കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു എന്നായിരുന്നു ഇറാനിയൻ ഫുട്ബോള്‍ ഫെഡറേഷന്റെ വക്താവ് അമീർ മെഹ്ദി അലവി ചൊവ്വാഴ്ച പ്രതികരിച്ചത്.. ജൂണ്‍ 6 ന് ദേശീയ ടീം പ്രതിനിധി സംഘം മെക്സിക്കൻ നഗരമായ ടിജുവാനയിലേക്ക് പുറപ്പെടുമെന്ന് അലവി പറഞ്ഞിരുന്നു.

ലെബനൻ ആക്രമണത്തില്‍ നെതന്യാഹുമായി അഭിപ്രായ വ്യത്യാസമുണ്ട്, മൊജ്തബ ഖമനയി ചർച്ചകളില്‍ പങ്കാളിയാണ്: ഡോണള്‍ഡ് ട്രംപ്

ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പില്‍ പങ്കെടുക്കുന്ന ഇറാൻ ടീമിൻ്റെ വിസയുമായി ബന്ധപ്പെട്ട ആശങ്കകള്‍ നേരത്തെ ഉയർന്നിരുന്നു. ഇറാൻ ടീം അടുത്തിടെ അവരുടെ ടീം ക്യാമ്പ് അമേരിക്കയില്‍ നിന്ന് മെക്സിക്കോയിലെ ടിജുവാനയിലേയ്ക്ക് മാറ്റിയിരുന്നു. ഇവിടെ താമസിച്ച്‌ കൊണ്ട് ഇറാനിയൻ ടീം അമേരിക്കയിലെ മത്സരങ്ങള്‍ക്കായി പോകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടൂർണമെന്റിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി മെയ് 19 മുതല്‍ ഇറാനിയൻ ടീമിനായി തുർക്കിയിലെ റിസോർട്ട് നഗരമായ അന്റാലിയയില്‍ പരിശീലന ക്യാമ്പ് നടത്തിവരികയാണ്.

ന്യൂസിലാൻഡ്, ബെല്‍ജിയം, ഈജിപ്റ്റ് എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഗ്രൂപ്പ് ജിയിലാണ് ഇറാൻ ഇടംപിടിച്ചിരിക്കുന്നത്. ജൂണ്‍ 16ന് ലോസ് ഏഞ്ചല്‍സില്‍ ന്യൂസിലാൻഡിനെതിരെയാണ് ഇറാൻ്റെ ആദ്യ മത്സരം. ജൂണ്‍ 22ന് ഇതേ സ്റ്റേഡിയത്തില്‍ ബെല്‍ജിയത്തിനെ ഇറാൻ നേരിടും. ജൂണ്‍ 27ന് വാഷിംഗ്ടണിലെ സിയാറ്റില്‍ സ്റ്റേഡിയത്തില്‍ ഇറാൻ ഈജിപ്തിനെ നേരിടും.

Content Highlights: Reports indicate that the Iranian national football team has received Mexican visas ahead of FIFA World Cup-related activities. The development is expected to facilitate the team's travel and participation in events connected to the tournament.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter