ദുബായ് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രവാസികളുടെ ശക്തമായ സാന്നിധ്യവും വർദ്ധിച്ചുവരുന്ന താമസ ആവശ്യങ്ങളും ആഗോള റിയല്‍ എസ്റ്റേറ്റ് നിക്ഷേപ ട്രസ്റ്റുകള്‍ക്ക് വൻ നേട്ടമാകുന്നു.
ജിസിസി രാജ്യങ്ങളിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റായ ദുബായ് റസിഡൻഷ്യല്‍ റീറ്റിന് (REIT) 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയില്‍ മികച്ച സാമ്പത്തിക നേട്ടം കൈവരിച്ചു. ന്യായമായ മൂല്യ മാറ്റങ്ങള്‍ക്ക് മുമ്പുള്ള കമ്പനിയുടെ അറ്റാദായം (Net profit before fair value changes) 15.1 ശതമാനം വർദ്ധിച്ച് 71.65 കോടി (716.5 ദശലക്ഷം) ദിർഹത്തിലെത്തി.
പ്രവാസി കുടുംബങ്ങളുടെയും ജീവനക്കാരുടെയും ഉയർന്ന താമസ ആവശ്യകതയാണ് കമ്പനിയുടെ ഈ റെക്കോർഡ് നേട്ടത്തിന് പ്രധാന കരുത്തായത്. ദുബായില്‍ ശരാശരി താമസ നിരക്ക് (Occupancy rate) 98.6 ശതമാനമായി ഉയർന്നപ്പോള്‍, താമസക്കാർ തങ്ങളുടെ കരാറുകള്‍ പുതുക്കുന്ന നിരക്ക് (Tenant retention rate) 94.1 ശതമാനമായി മെച്ചപ്പെട്ടു. ഇതില്‍ വലിയൊരു പങ്ക് പ്രവാസി സമൂഹമാണെന്ന് കമ്പനി വ്യക്തമാക്കുന്നു.
കമ്പനിയുടെ മൊത്തം വരുമാനം 8.1 ശതമാനം വർദ്ധിച്ച് 1.04 ശതകോടി ദിർഹമായി (104 കോടി ദിർഹം). കഴിഞ്ഞ വർഷം ഇതേ കാലയളവില്‍ ഇത് 95.78 കോടി ദിർഹമായിരുന്നു. ഇതോടൊപ്പം അഡ്ജസ്റ്റഡ് പലിശ, നികുതി, മൂല്യത്തകർച്ച എന്നിവയ്ക്ക് മുമ്പുള്ള പ്രവർത്തന ലാഭം (EBITDA) 14.6 ശതമാനം വർദ്ധിച്ച് 82.26 കോടി ദിർഹത്തിലെത്തി.
വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഒമാൻ; തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിലെ പൗരന്മാർക്ക് 14 ദിവസം സൗജന്യ വിസ
ദുബായിലെ വിവിധ പ്രവാസി വിഭാഗങ്ങളെയും കുടുംബങ്ങളെയും ലക്ഷ്യമിട്ട് 22 റസിഡൻഷ്യല്‍ കമ്മ്യൂണിറ്റികളിലായി 35,900-ലധികം വീടുകളാണ് ദുബായ് റസിഡൻഷ്യല്‍ റീറ്റ് നിലവില്‍ കൈകാര്യം ചെയ്യുന്നത്. 1,46,000-ലധികം വരുന്ന താമസക്കാരില്‍ ഭൂരിഭാഗവും പ്രവാസികളാണ്. ആഡംബര വില്ലകള്‍, സാധാരണക്കാർക്കുള്ള അഫോർഡബിള്‍ ഭവനങ്ങള്‍, കുടുംബങ്ങള്‍ക്കുള്ള കമ്മ്യൂണിറ്റി വീടുകള്‍, കോർപ്പറേറ്റ് ജീവനക്കാരുടെ താമസസൗകര്യങ്ങള്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് ഇവർ സേവനം നല്‍കുന്നത്.
കമ്പനിയുടെ മൊത്തം ആസ്തി മൂല്യം 6.9 ശതമാനം വർദ്ധിച്ച് 2,520 കോടി (25.2 ശതകോടി) ദിർഹത്തിലെത്തി. ഗാർഡൻ വ്യൂ വില്ലകളിലെ 56 പുതിയ വീടുകളും ജബല്‍ അലി വില്ലേജിലെ 220 വീടുകളും പോർട്ട്ഫോളിയോയിലേക്ക് വാങ്ങിയതാണ് ഇതിന് പ്രധാനമായും സഹായിച്ചത്.
ദുബായുടെ ഭാവി വികസനത്തിന്റെ ഭാഗമായി ദുബായ് വാർഫ്, ലന്റാന ഹില്‍സ്, ദി ഏക്കേഴ്‌സ് എന്നീ പ്രോജക്ടുകളില്‍ നിന്നായി 555-ഓളം പുതിയ വീടുകള്‍ കൂടി ഉള്‍പ്പെടുത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
Content Highlights: The strong presence of expatriates has contributed significantly to the growth of Dubai's real estate sector. Increased demand from residents and investors has helped the property market achieve notable gains.

