Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രവാസിയും ഈ നാട്ടുകാരനാണ്, ചില കാര്യങ്ങള്‍ ചെയ്തുതരാൻ സര്‍ക്കാരിന് ബാധ്യതയുണ്ട്

പ്രവാസിയും ഈ നാട്ടുകാരനാണ്, ചില കാര്യങ്ങള്‍ ചെയ്തുതരാൻ സര്‍ക്കാരിന് ബാധ്യതയുണ്ട്

Reporter 3 months ago

പ്രവാസി എന്ന വാക്കിനുപുറകില്‍ അത്യധ്വാനത്തിന്റെയും വേദനയുടേയും കഥകളുണ്ട്. അതിന്റെ ആഴവും പരപ്പുമറിയാതെ പ്രവാസിയെ തങ്ങള്‍ക്കാവശ്യമുള്ളവിധം ഉപയോഗിക്കുകയാണ് കേരളം.

കേരളത്തിന് വളർച്ചയുടെ വഴിവെട്ടിക്കൊടുത്തതിനുള്ള അഭിനന്ദനം ലഭിച്ചില്ലെങ്കിലും തളർച്ചയില്‍ താങ്ങിനിർത്തിയതിനുള്ള അംഗീകാരമെങ്കിലും ഓരോ പ്രവാസിയും പ്രതീക്ഷിക്കുന്നുണ്ട്. സ്വന്തം നാട്ടിലായാലും ഉപജീവനത്തിനായി പുലരുന്ന നാട്ടിലായാലും അവന്റെ ജീവിതത്തിന് ചില ഉറപ്പുകളാണാവശ്യം. പ്രവാസീക്ഷേമത്തിനായുള്ള കാര്യപ്പെട്ട നിർദ്ദേശങ്ങളും അത് നടപ്പില്‍വരുത്താനാവശ്യമായ ആർജവവും ഈ വരുന്ന സംസ്ഥാന ബജറ്റില്‍ ഇടം കണ്ടെത്തേണ്ടതുണ്ട്. അതിനൊപ്പം, അന്യദേശത്താണെങ്കിലും കേരളത്തിന്റെ നേരവകാശിയാണ് ഓരോ പ്രവാസിയുമെന്ന തിരിച്ചറിവും ഭരണകൂടത്തിനുണ്ടാവണം.

കേരളത്തില്‍നിന്നുള്ള സജീവ പ്രവാസത്തിന് ആറുപതിറ്റാണ്ടിലധികം പ്രായമായിട്ടും ആരും കണ്ണക്കിലെടുക്കാത്ത നിരവധി പ്രശ്നങ്ങളുണ്ട് ഓരോ പ്രവാസിക്കും പറയാൻ. ഇതിലധികവും,കേരളത്തില്‍നിന്ന് ഏറ്റവുമധികം സാധാരണക്കാർ തൊഴില്‍തേടി പോയിട്ടുള്ള ഗള്‍ഫ് നാടുകളിലേതാണ്.

ഞങ്ങളുടെ കുട്ടികള്‍ക്കുംവേണം മികച്ച വിദ്യാഭ്യാസം

വിദ്യാഭ്യാസത്തെ സാമൂഹിക മൂലധനമായി കാണുന്ന ഒരു നാട്ടിലാണ് ഗള്‍ഫ് മലയാളികളുടെ ആദ്യ തലമുറ മുഴുവൻ ജനിച്ചത്. കേരളം നല്‍കിയ വിദ്യാഭ്യാസമാണ് ഇവരില്‍ വലിയൊരു പങ്കിനെയും അന്യനാട്ടില്‍ തൊഴില്‍ നേടുന്നതിന് പ്രാപ്തരാക്കിയതും. തൊഴില്‍ ചെയ്യുന്ന നാട്ടിലേക്ക് കുടുംബത്തെ കൊണ്ടുപോവുന്നതിന് പര്യാപത്മായ തൊഴില്‍ നേടാൻ ആ വിദ്യാഭ്യാസം അവരെ യോഗ്യരാക്കി. എന്നാല്‍ പ്രവാസി മലയാളിയുടെ രണ്ടാം തലമുറക്ക് ഗള്‍ഫ് നാടുകളില്‍കിട്ടുന്ന പഠനാവസരങ്ങള്‍ കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ നിരാശാജനകമാണ്.

യൂണിഫോമില്‍ ബാറില്‍ കയറി മദ്യ സല്‍ക്കാരത്തില്‍ പങ്കെടുത്തു; എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

നല്ലൊരു വിദ്യാർത്ഥിക്ക്, പന്ത്രണ്ടാം ക്ലാസുവരെമാത്രമേ ഗള്‍ഫില്‍ തൃപ്തികരമായ പഠന സൗകര്യമുള്ളൂ. ഹയർസെക്കന്ററി വിദ്യാഭ്യാസത്തിനുശേഷം പ്രത്യേക നൈപുണികള്‍ പകരുന്ന കോഴ്സുകള്‍ കുറവാണ്. ഉള്ളവയാവട്ടെ കിലോമീറ്ററുകള്‍ യാത്ര ചെയ്ത് എത്തിപ്പെടേണ്ടവിധത്തില്‍ വിരളവുമാണ്. ബിരുദ പഠനത്തിനുള്ള അവസരങ്ങള്‍ നന്നേ കുറവ്. തൊഴില്‍ ലഭ്യതക്കും ഗവേഷണത്തിനുമുതകുന്ന ബിരുദാനന്ത ബിരുദ കോഴ്സുകള്‍ അതിനേക്കാള്‍ കുറവ്. പ്രവേശനം ലഭിക്കാനും കോഴ്സ് പൂർത്തിയാക്കാനും വൻതുക മുടക്കേണ്ടിയും വരുന്നു.

കേരളത്തിലെ സർവകലാശാലകളുമായും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും വിദേശ സർവകലാശാലകളെ സഹകരിപ്പിച്ചു പ്രവർത്തിപ്പിക്കാൻ സംസ്ഥാന സർക്കാർ ശ്രമം നടത്തിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ മലയാളി വിദ്യാർത്ഥികള്‍ ആശ്രയിക്കുന്ന സ്ഥാപനങ്ങള്‍ക്ക് വിദേശ സർവകലാശാലകളുടെ സേവനം ലഭ്യമാക്കുന്നതിന് കേരളം മുൻകൈയെടുക്കേണ്ടതുണ്ട്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എമിറേറ്റ്സിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി വിഭവശേഷി കൈമാറ്റത്തിനുള്ള അവസരമൊരുക്കുകയും വേണം. അല്ലെങ്കില്‍ കുടുംബസമേതം പ്രവാസജീവിതം തിരഞ്ഞെടുത്തിട്ടും പഠനത്തിനായി മക്കളെ കേരളത്തിലേക്കയക്കേണ്ട അവസ്ഥ പ്രവാസിക്കുണ്ടാവും.

ആ വാക്ക് പാലിച്ചു; സ്‌കൂളിന് മുകളിലെ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് വീടായി

50-60 ലക്ഷം രൂപയുടെ ബാധ്യത തലയിലേറ്റിയാണ് മലയാളി വിദ്യാർത്ഥികള്‍ മറ്റു രാജ്യങ്ങളിലേക്ക് ഉപരിപഠന സാധ്യതകള്‍ തിരഞ്ഞുപോവുന്നത്. അത്തരമൊരു കുടിയേറ്റത്തിന് സ്വന്തം മക്കളെ അയയ്ക്കാൻ ഗള്‍ഫ് നാടുകളിലെ മധ്യവർഗ മലയാളിക്ക് പറ്റില്ല. സ്വന്തം നാടിന്റെ തണലില്ലാത്തവരാണ് അവർ. എൻആർഐ സീറ്റുകളിലൂടെ അവരെ കൊള്ളയടിക്കുന്നതവസാനിപ്പിക്കാൻ അടിയന്തര ഇടപെടല്‍ വേണം. അവർക്കുവേണ്ടത് കേരളത്തിൻ്റെ കൈത്താങ്ങാണ്.

എവിടെ ഞങ്ങളുടെ വോട്ട്

പ്രവാസി വോട്ടവകാശത്തെക്കുറിച്ച്‌ ഏറെ ചർച്ചകള്‍ എക്കാലത്തുമുണ്ടായിട്ടുണ്ട്. എന്നിട്ടും പ്രവാസിക്കിതുവരെ അവൻ എവിടെയാണോ ആ നാട്ടിലിരുന്ന് വോട്ടുചെയ്യാൻ അവസരമില്ല. എമിറേറ്റ്സില്‍ മറ്റു പല രാജ്യങ്ങളും അവരുടെ പൗരന്മാർക്ക് തങ്ങളുടെ നാട്ടിലെ തിരഞ്ഞെടുപ്പില്‍ അഭിപ്രായം രേഖപ്പെടുത്താൻ അവസരമൊരുക്കുമ്പോള്‍ തിരഞ്ഞെടുപ്പുകാലത്ത് നാട്ടിലെ ചാനലുകളിലെ തിരഞ്ഞെടുപ്പ് യുദ്ധം കണ്ട് തൃപ്തിയടയേണ്ട നിസ്സഹായതയിലാണ് മലയാളികള്‍. നാട്ടിലെ ചൂടുപിടിച്ച രാഷ്ട്രീയ കാലാവസ്ഥയില്‍നിന്ന് മാറി ജീവിക്കേണ്ടിവരുന്നവന് സ്വന്തം വോട്ട് രേഖപ്പെടുത്താനെങ്കിലും അവസരം വേണം. അതിനായി ആയിരങ്ങള്‍ മുടക്കി ടിക്കറ്റെടുത്ത് നാട്ടിലേക്ക് വിമാനം കയറേണ്ട അവസ്ഥ മാറണം. വോട്ട് പ്രവാസിയുടെ അവകാശമാവുന്നതോടെ അവൻ്റെ ശബ്ദത്തിന് വിലയുണ്ടാവും. ആർക്കും അത് അവഗണിക്കാനാവില്ല. അതിന് മുൻകൈയെടുക്കണമെന്ന് കേന്ദ്രത്തിനുമുന്നില്‍ നിവർന്നുനിന്ന് ആവശ്യപ്പെടാൻ സംസ്ഥാനത്തിന് ഉത്തരവാദിത്വമുണ്ട്. രണ്ടര ലക്ഷം കോടി രൂപ പ്രവാസികള്‍മാത്രമായി സംസ്ഥാനത്തേക്കെത്തിക്കുന്നുണ്ട്. കേരളത്തിലെ അഞ്ചുവീടുകളിലൊന്ന് പുലരുന്നത് പ്രവാസിയുടെ വിയർപ്പുകൊണ്ടാണ്.

യാത്രയ്ക്ക് കൊള്ളക്കൂലി

നാടിനെ നെഞ്ചില്‍ച്ചേർത്ത് ശ്വസിക്കുന്ന പ്രവാസിക്ക് മണലാരണ്യം മറ്റൊരു വീടായി കാണാൻ എപ്പോഴും കഴിയണമെന്നില്ല. നാടാണ് അവൻ്റെ നാഡിമിടിപ്പ്. ജീവൻ തുടിക്കുന്നത് അവിടെയാണ്. പക്ഷേ അത്യാവശ്യങ്ങളില്‍പ്പോലും തൻ്റെ അസാനിധ്യംകൊണ്ട് നാട്ടിലുള്ള ഉറ്റവരെ വേദനിപ്പിക്കേണ്ടിവരുന്നവരാണ് പ്രവാസികള്‍. ആഗ്രഹമില്ലാഞ്ഞിട്ടല്ല. ചിലപ്പോള്‍ അവധിയും കിട്ടിയെന്നു വരാം. പക്ഷേ നാട്ടിലേക്കൊരു ടിക്കറ്റ്. അതെളുപ്പമല്ല!

വിമാനക്കമ്പനികളുടെ കറവപ്പശുക്കളാണ് പ്രവാസികള്‍. വീടണയാൻ കൊതിക്കുന്ന മധ്യവർഗ പ്രവാസിയുടെ വഴി മുടക്കുന്നത് വിമാനക്കമ്പനികളുടെ അത്യാർത്തിയാണ്. ഗള്‍ഫ് നാടുകളിലെ സ്കൂളവധിക്കാലത്തും കേരളക്കരയിലെ ഓണക്കാലത്തുമെന്നുവേണ്ട പ്രവാസി പെട്ടിയൊരുക്കുന്ന ഏതു സന്ദർഭത്തിലും വിമാനക്കമ്പനികള്‍ യാത്രാനിരക്കുയർത്തും. ഇവർക്ക് മൂക്കുകയറിടാനുള്ള കാര്യമായ പരിശ്രമങ്ങള്‍ കേന്ദ്രസർക്കാരിൻ്റെ ഭാഗത്തുനിന്ന് ഇതുവരെയുണ്ടായിട്ടില്ല. സംസ്ഥാനത്തിൻ്റെ കാര്യക്ഷമമായ ഇടപെടല്‍ ഈ കാര്യത്തില്‍ ആവശ്യമാണ്. പ്രവാസീയാത്രാക്ഷേമ പദ്ധതികള്‍ക്കുകൂടി ബജറ്റില്‍ ഇടമുണ്ടാവണം.

സംസ്ഥാനത്തെ ആദ്യ കേള്‍വി പരിമിതയായ പഞ്ചായത്ത് സെക്രട്ടറി ലതിക ചന്ദ്രൻ അന്തരിച്ചു

മനസ്സും ശരീരവും മറ്റൊരു നാട്ടിലെ വെയിലിലും ചൂടിലും എരിച്ചുകളഞ്ഞ മനുഷ്യർ മടങ്ങിവരുന്ന ഒരു കാലമുണ്ട്. ഇനിയാണ് ജീവിതമെന്ന് മനസ്സില്‍ കുറിച്ചിട്ടാണ് ആ മടങ്ങിവരവ്. പക്ഷേ തളർന്ന ശരീരവും മനസ്സുമേ അപ്പോള്‍ അവരുടെ കൈയിലുള്ളൂ. അതിനുവേണ്ടത് സ്വന്തം നാടിൻ്റെ പരിചരണമാണ്. പ്രവാസിയുടെ ആരോഗ്യം നാടിൻ്റെ ഉത്തരവാദിത്വമായി കാണണം. അതിനുള്ള നീക്കിവെപ്പുകള്‍ സാമ്പത്തിക ആസൂത്രണത്തില്‍ ഉള്‍പ്പെടുത്തണം.

പ്രവാസീക്ഷേമ പദ്ധതികളും സംരഭക സാധ്യതകളും കേരളം മുന്നോട്ടുവെയ്ക്കുന്നുണ്ട്. എന്നാല്‍ ഒച്ചിഴയുംവേഗമാണ് പലതിനും. ആവശ്യമായ സാമ്പത്തിക സജ്ജീകരണങ്ങളുടെ പിൻബലവും ഇവയ്ക്കുണ്ടാവാറില്ല. പ്രവാസിയുടെ ജീവിതത്തിന് തുച്ഛമായ വിലയിടുന്നതിന് തുല്യമാണിത്. വിലയിടാനാവാത്തത്ര വിലയുണ്ട് കേരളം മറ്റു രാജ്യങ്ങള്‍ക്ക് വിട്ടുകൊടുത്ത മനുഷ്യസമ്പത്തിന്. ഈ നാടിൻ്റെ ഇന്നലെയും ഇന്നും നാളെയും പ്രവാസിക്കുകൂടി അവകാശപ്പെട്ടതാണ്.

പ്രവാസികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ്

കേരള സമ്പദ് വ്യവസ്ഥയെ ഇളകാതെ പിടിച്ചു നിർത്തുന്ന പ്രവാസികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ് ഏർപ്പെടുത്തേണ്ടതുണ്ട്. ഇതിനായി സർക്കാർ പ്രത്യേക നിധി രൂപീകരിക്കണം. നിലവില്‍ രക്ഷിതാവ് പ്രവാസിയാണെങ്കില്‍ കുട്ടികള്‍ക്ക് എല്ലാ ആനുകൂല്യങ്ങളും നഷ്ടമാകുന്ന സ്ഥിതിയാണ്. കുടുംബത്തിന്റെയും നാടിന്റെയും സമ്പദ് വ്യവസ്ഥ നിലനിർത്താൻ ജീവിതം ഹോമിക്കുന്നവരാണ് പ്രവാസികള്‍. പ്രവാസം കൊണ്ട് രക്ഷപ്പെട്ട ഏതാനും പേരെ നോക്കി ഭൂരിപക്ഷം വരുന്ന പ്രവാസികളുടെ മക്കള്‍ക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന അവസ്ഥയുണ്ടാകരുത്. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ സർക്കാർ നേരത്തെ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണം. തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ശരിയായ പിന്തുണ നല്‍കിയാല്‍ വർഷങ്ങള്‍ കൊണ്ട് അവർ നേടിയെടുത്ത നൈപുണ്യം നാടിന്റെ സാമ്പത്തിക വികസനത്തിന് മുതല്‍ക്കൂട്ടാവും.

Content Highlights: Government should do certain things to expats, says Muslim League leader Zainul Abideen Safari

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter