Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രേവതിയും പത്മപ്രിയയും AMMAയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ചു

രേവതിയും പത്മപ്രിയയും AMMAയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ചു

Reporter 3 weeks ago

കൊച്ചി: താര സംഘടനയായ A.M.M.Aയുടെ പ്രാഥമിക അംഗത്വം രാജിവെച്ച്‌ നടിമാരായ രേവതിയും പത്മപ്രിയയും. A.M.M.Aയില്‍ നടക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അല്ല രാജിയെന്നും ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്.

ഏകദേശം ഒരു ദശാബ്ദ‌ക്കാലത്തോളം തങ്ങള്‍ ഉയർത്തിയ ആവശ്യം ലളിതമായിരുന്നുവെന്ന് സംയുക്ത പ്രസ്താവനയില്‍ രേവതിയും പത്മപ്രിയയും വ്യക്തമാക്കിയിട്ടുണ്ട്. 'സുരക്ഷിതമായ തൊഴിലിടം, അന്തസ്സോടെയുള്ള പെരുമാറ്റം, ഉത്തരവാദിത്തബോധം, തുല്ല്യ പരിഗണന. എല്ലാവർക്കും അവകാശപ്പെട്ട മിനിമം അടിസ്ഥാന മൂല്യങ്ങള്‍ എല്ലാവരേയും ഒരുമിപ്പിക്കും എന്ന് ഞങ്ങള്‍ ആത്മാർത്ഥമായി വിശ്വസിച്ചിരുന്നു. ഉത്തരം മൗനവും അകല്‍ച്ചയുമായിരുന്നു. സഹപ്രവർത്തകരില്‍ നിന്നും സുഹൃത്തുകളില്‍ നിന്നും, ഒരുകാലത്ത് സ്വന്തം വീടെന്ന് കരുതിയിരുന്ന ഇടങ്ങളില്‍ നിന്നുമെല്ലാം.
എന്നിട്ടും ഞങ്ങള്‍ തുടർന്നു. കാരണം, പ്രതീക്ഷയ്ക്ക് ഏത് നിരാശയേയും അതിജീവിക്കാനുള്ള അപൂർവമായ കരുത്തുണ്ട്' എന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച സംയുക്തപ്രസ്താവനയില്‍ ഇവർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം ഉണ്ടായ രാജികള്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമായിരുന്നുവെന്നും രേവതിയും പത്മപ്രിയയും കുറ്റപ്പെടുത്തുന്നുണ്ട്. 'പൊതുശ്രദ്ധ കുറഞ്ഞതോടെ പഴയ രീതികളും അധികാരക്രമവും വീണ്ടും തിരിച്ചെത്തി. അധികാരത്തിൻ്റെ മുഖങ്ങള്‍ മാറും. രീതികള്‍ മാറും. എന്നാല്‍ അസമത്വത്തിന്റെ ഘടനകള്‍ മാറ്റമില്ലാതെ തുടരുകയാ'ണെന്നും ഇരുവരും കുറ്റപ്പെടുത്തുന്നുണ്ട്. A.M.M.A. രൂപം കൊണ്ടത് എല്ലാവരേയും ഒന്നിപ്പിക്കുന്ന ശബ്ദമാകാനാണെന്നും എന്നാല്‍ പുരുഷാധിപത്യവും അധികാര മോഹവും അതിന്റെ സ്ഥാപക ലക്ഷ്യങ്ങളില്‍ നിന്ന് ക്രമേണ സംഘടനയെ ദുർബലപ്പെടുത്തിയെന്നും ഇരുവരും കുറ്റപ്പെടുത്തുന്നുണ്ട്. ഈ ഘട്ടത്തില്‍ തങ്ങളുടെ പടിയിറങ്ങല്‍ ഒരു പിന്മാറ്റമല്ലെന്നും ആത്മാഭിമാനത്തിൻ്റെ പ്രഖ്യാപനമാണെന്നും ഇരുവരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.




അവളുടെ കണ്ണുനീരിന്റെ ചൂടാണ് ഇന്ന് A.M.M.A അനുഭവിക്കുന്നത്: അതിജീവിത വിഷയത്തില്‍ അൻസിബയോട് ഭാഗ്യലക്ഷ്മി

മുമ്പ് നേരിട്ട അതേ പോരാട്ടങ്ങള്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടി വരാത്ത ഒരിടമായി മാറാൻ മലയാള ചലച്ചിത്രമേഖലയ്ക്ക് കഴിയുമെന്ന് തങ്ങള്‍ക്ക് ഉറച്ച വിശ്വാസമുണ്ടെന്നും ആ വിശ്വാസം ഒരിക്കലും ഏതെങ്കിലും സംഘടനയിലെ അംഗത്വത്തെ ആശ്രയിച്ചുള്ളതല്ലെന്നും ഇരുവരും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്. മികവുറ്റ ചലച്ചിത്ര ശ്രമങ്ങള്‍ക്കായ് ഞങ്ങള്‍ യാത്ര തുടരും, സഹപ്രവർത്തകർക്കൊപ്പം പ്രവർത്തിക്കാനും, നീതിയുക്തമായ തൊഴില്‍ മേഖല ഉറപ്പാക്കാനും. ഞങ്ങള്‍ക്കെന്നും ഉറച്ച പിന്തുണ തന്ന പൊതുസമൂഹത്തിനോടും മാധ്യമങ്ങളോടും അഗാധമായ നന്ദിയും കടപ്പാടും ഹൃദയത്തില്‍ നിന്നും രേഖപ്പെടുത്തുന്നു. സംഘടനയുടെ നിലനില്‍പ്പിന് ആധാരം വ്യക്തികളല്ല, വിശ്വാസയോഗ്യതയാണ് എന്ന ഉറച്ച ബോധ്യത്തോടെ, പ്രത്യാശയോടെ ഞങ്ങള്‍ വിട പറയുന്നു എന്ന് പറഞ്ഞാണ് ഇരുവരുടെയും സംയുക്ത പ്രസ്താവന അവസാനിപ്പിക്കുന്നത്.

രേവതിയുടെയും പത്മപ്രിയയുടെയും സംയുക്ത പ്രസ്താവനയുടെ പൂർണ്ണരൂപം

ഇത് A.M.M.A. യില്‍ നടക്കുന്ന വിവാദപരമ്പരയുടെ മറ്റൊരു അദ്ധ്യായം മാത്രമാണെന്ന് തോന്നാം. അങ്ങനെയല്ല എന്ന് വ്യക്തമാക്കുന്നു. ഞങ്ങളുടെ രാജി തിടുക്കത്തില്‍ എടുത്തതോ, ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തിനോടുള്ള പ്രതികരണവുമല്ല. ഏകദേശം ഒരു ദശാബ്ദ‌ക്കാലത്തോളം ആവശ്യം ലളിതമായിരുന്നു. സുരക്ഷിതമായ തൊഴിലിടം, അന്തസ്സോടെയുള്ള പെരുമാറ്റം, ഉത്തരവാദിത്തബോധം, തുല്ല്യ പരിഗണന. എല്ലാവർക്കും അവകാശപ്പെട്ട മിനിമം അടിസ്ഥാന മൂല്യങ്ങള്‍ എല്ലാവരേയും ഒരുമിപ്പിക്കും എന്ന് ഞങ്ങള്‍ ആത്മാർത്ഥമായി വിശ്വസിച്ചിരുന്നു. ഉത്തരം മൗനവും അകല്‍ച്ചയുമായിരുന്നു. സഹപ്രവർത്തകരില്‍ നിന്നും സുഹൃത്തുകളില്‍ നിന്നും, ഒരുകാലത്ത് സ്വന്തം വീടെന്ന് കരുതിയിരുന്ന ഇടങ്ങളില്‍ നിന്നുമെല്ലാം എന്നിട്ടും ഞങ്ങള്‍ തുടർന്നു. കാരണം, പ്രതീക്ഷയ്ക്ക് ഏത് നിരാശയേയും അതിജീവിക്കാനുള്ള അപൂർവമായ കരുത്തുണ്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം ഉണ്ടായ രാജികള്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമായിരുന്നു. പൊതുശ്രദ്ധ കുറഞ്ഞതോടെ പഴയ രീതികളും അധികാരക്രമവും വീണ്ടും തിരിച്ചെത്തി. അധികാരത്തിൻ്റെ മുഖങ്ങള്‍ മാറും. രീതികള്‍ മാറും. എന്നാല്‍ അസമത്വത്തിന്റെ ഘടനകള്‍ മാറ്റമില്ലാതെ തുടരുകയാണ്. A.M.M.A. രൂപം കൊണ്ടത് എല്ലാവരേയും ഒന്നിപ്പിക്കുന്ന ശബ്ദമാകാനാണ്. എന്നാല്‍ പുരുഷാധിപത്യവും അധികാര മോഹവും അതിന്റെ സ്ഥാപക ലക്ഷ്യങ്ങളില്‍ നിന്ന് ക്രമേണ സംഘടനയെ ദുർബലപ്പെടുത്തി. ഈ ഘട്ടത്തില്‍ അത് ഞങ്ങളുടെ പടിയിറങ്ങല്‍ ഒരു പിന്മാറ്റമല്ല, ആത്മാഭിമാനത്തിൻ്റെ പ്രഖ്യാപനമാണ്.

മുമ്പ് നേരിട്ട അതേ പോരാട്ടങ്ങള്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടി വരാത്ത ഒരിടമായി മാറാൻ മലയാള ചലച്ചിത്രമേഖലയ്ക്ക് കഴിയുമെന്ന് ഞങ്ങള്‍ക്ക് ഉറച്ച വിശ്വാസമുണ്ട്. ആ വിശ്വാസം ഒരിക്കലും ഏതെങ്കിലും സംഘടനയിലെ അംഗത്വത്തെ ആശ്രയിച്ചുള്ളതല്ല. മികവുറ്റ ചലച്ചിത്ര ശ്രമങ്ങള്‍ക്കായ് ഞങ്ങള്‍ യാത്ര തുടരും, സഹപ്രവർത്തകർക്കൊപ്പം പ്രവർത്തിക്കാനും, നീതിയുക്തമായ തൊഴില്‍ മേഖല ഉറപ്പാക്കാനും. ഞങ്ങള്‍ക്കെന്നും ഉറച്ച പിന്തുണ തന്ന പൊതുസമൂഹത്തിനോടും മാധ്യമങ്ങളോടും അഗാധമായ നന്ദിയും കടപ്പാടും ഹൃദയത്തില്‍ നിന്നും രേഖപ്പെടുത്തുന്നു. സംഘടനയുടെ നിലനില്‍പ്പിന് ആധാരം വ്യക്തികളല്ല, വിശ്വാസയോഗ്യതയാണ് എന്ന ഉറച്ച ബോധ്യത്തോടെ, പ്രത്യാശയോടെ ഞങ്ങള്‍ വിട പറയുന്നു.

Content Highlights: Actors Revathy and Padmapriya have resigned from the primary membership of AMMA (Association of Malayalam Movie Artists). Read the latest updates and reasons behind their decision.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter