ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയില്‍ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം.
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി രാഗിണി (14) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വീട്ടുസാധനങ്ങള്‍ വാങ്ങാനായി സുഹൃത്തിനൊപ്പം റോഡിലൂടെ നടന്നുപോവുകയായിരുന്ന രാഗിണിയുടെ ദേഹത്തേക്ക് പോസ്റ്റ് വീഴുകയായിരുന്നു.
സംഭവസ്ഥലത്തുവെച്ചുതന്നെ കുട്ടി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
രാജ്യത്ത് മഴ കനക്കുന്നു; വിവിധ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം
ട്രക്ക് ഇടിച്ചാണ് പോസ്റ്റ് മറിഞ്ഞത്. സമീപത്തെ പലചരക്ക് കടയില്‍ സാധനങ്ങള്‍ ഇറക്കുന്നതിനിടെ റിവേഴ്‌സ് എടുക്കുകയായിരുന്ന ട്രക്ക് മുകളിലൂടെയുള്ള വൈദ്യുതി ലൈനില്‍ കുടുങ്ങുകയും തുടര്‍ന്ന് മുന്നോട്ടെടുത്തപ്പോള്‍ റോഡരികിലുണ്ടായിരുന്ന വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയുമായിരുന്നു. ഇടിയുടെ അഘാതത്തില്‍ മറിഞ്ഞ പോസ്റ്റ് കുട്ടിയുടെ ദേഹത്തേക്കാണ് വീണത്. സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തുകയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയക്കുകയും ചെയ്തു. ഉത്തര്‍പ്രദേശ് പൊലീസ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Content Highlights: Uttar Pradesh Student Dies After Electric Pole Falls on Her in Hardoi District

