Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വമ്പന്‍ ഓഫറില്‍ വൊസീന്യ കാലുമാറി; കൊളോ-കൊളോയുമായുള്ള കരാറില്‍ നിന്ന് പിന്മാറി

വമ്പന്‍ ഓഫറില്‍ വൊസീന്യ കാലുമാറി; കൊളോ-കൊളോയുമായുള്ള കരാറില്‍ നിന്ന് പിന്മാറി

Reporter 3 weeks ago

ഫുട്‌ബോള്‍ ലോകകപ്പില്‍ കേപ് വെര്‍ദെയ്ക്കുവേണ്ടി മികച്ച പ്രകടനം നടത്തിയ ഗോള്‍കീപ്പര്‍ വൊസീന്യയുടെ ക്ലബ്ബ് മാറ്റത്തില്‍ വീണ്ടും ട്വിസ്റ്റ്.

ചിലിയന്‍ ക്ലബ്ബായ കൊളോ-കൊളോയിലേക്ക് ചേക്കേറാന്‍ ധാരണയിലെത്തിയിരുന്നെങ്കിലും ഇപ്പോള്‍ മൊറോക്കോയിലേക്ക് പോവുകയാണെന്നാണ് സൂചന. അവസാന നിമിഷത്തില്‍ ലഭിച്ച വമ്പന്‍ ഓഫറാണ് ചിലിയിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലാക്കിയത്.

കൊളോ-കൊളോ ക്ലബ്ബ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൊസീന്യയുടെ സൈനിംഗ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും, താരം ഇതുവരെ കരാറില്‍ ഒപ്പുവെച്ചിരുന്നില്ല. സാന്റിയാഗോയിലേക്ക് വിമാനം കയറാനിരുന്ന താരം യാത്ര റദ്ദാക്കുകയായിരുന്നു. മൊറോക്കന്‍ ക്ലബ്ബായ ആര്‍.എസ് ബര്‍ക്കെയ്നിന്റെ പരിശീലകനായി അടുത്തിടെ ചുമതലയേറ്റ, കേപ് വെര്‍ദെയുടെ മുന്‍ ദേശീയ പരിശീലകന്‍ ബുബിസ്റ്റ വൊസീന്യയെ നേരിട്ട് വിളിച്ച്‌ സംസാരിച്ചതാണ് പെട്ടെന്നുള്ള മാറ്റത്തിന് കാരണം. ലോകകപ്പില്‍ കേപ് വെര്‍ദെയെ ചരിത്ര നേട്ടത്തിലേക്ക് നയിച്ച പരിശീലകനൊപ്പം വീണ്ടും ഒന്നിക്കാനുള്ള അവസരവും, ടീമില്‍ ആദ്യ ഇലവനില്‍ സ്ഥാനം ഉറപ്പുനല്‍കിയതും, സാമ്പത്തികമായി മികച്ച ഓഫര്‍ നല്‍കിയതുമാണ് താരത്തെ പുനരാലോചനയ്ക്ക് പ്രേരിപ്പിച്ചത്.

ലോകകപ്പില്‍ സ്‌പെയിന്‍, യുറഗ്വായ്, അര്‍ജന്റീന തുടങ്ങിയ പ്രമുഖ ടീമുകള്‍ക്കെതിരെ വൊസീന്യ നടത്തിയ മിന്നുന്ന പ്രകടനങ്ങളാണ് താരത്തിന്റെ വിപണി മൂല്യം കുത്തനെ കൂട്ടിയത്. വൊസീന്യയെ സ്വന്തമാക്കാമെന്ന കൊളോ-കൊളോയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചുകൊണ്ട് താരം ആഫ്രിക്കന്‍ ഫുട്‌ബോളിലേക്ക് മടങ്ങുമോ അതോ ചിലിയന്‍ ക്ലബ്ബില്‍ ചേരുമോ എന്നത് വരും മണിക്കൂറുകളില്‍ വ്യക്തമാകും.

content highlights: Vozinha Backs Out of Colo-Colo Deal Following Huge Offer

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter