യുഎഇയില്‍ വരും ദിവസങ്ങളില്‍ താപനില കുറയുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തീരപ്രദേശങ്ങളില്‍ തണുപ്പ് കൂടും.
അറേബ്യൻ ഗള്‍ഫില്‍ മണിക്കൂറില്‍ 40 കിലോമീറ്റർ വേഗതയില്‍ ശക്തമായ കാറ്റ് വീശാനും കടല്‍ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി.
യുഎഇയില്‍ വരും ദിവസങ്ങളില്‍ ചൂട് കുറയുമെന്ന് നാഷണല്‍ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. അന്തരീക്ഷത്തിലുണ്ടാകുന്ന മർദ്ദവ്യത്യാസം കാരണം പ്രധാനമായും തീരപ്രദേശങ്ങളിലാണ് തണുപ്പ് കൂടുക. പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും കിഴക്കൻ തീരങ്ങളില്‍ രാവിലെ ചെറിയ മേഘങ്ങള്‍ കാണാം. രാത്രിയിലും വെള്ളിയാഴ്ച രാവിലെയോടെയും തീരപ്രദേശങ്ങളില്‍ ഹ്യുമിഡിറ്റി കൂടാനും സാധ്യതയുണ്ട്.
തീരപ്രദേശങ്ങളിലും ദ്വീപുകളിലും 36 മുതല്‍ 42 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉള്‍നാടൻ പ്രദേശങ്ങളില്‍ 42 മുതല്‍ 47 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് രേഖപ്പെടുത്താം. പർവതപ്രദേശങ്ങളില്‍ ചൂട് താരതമ്യേന കുറവായിരിക്കും. ചെറിയ രീതിയില്‍ വീശുന്ന കാറ്റ്, ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെയുള്ള ദിവസങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റർ വേഗതയില്‍ വരെ ശക്തമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.
ഞായറാഴ്ച വരെ തീരപ്രദേശങ്ങളില്‍ താപനില കുറഞ്ഞുതന്നെയിരിക്കും. എന്നാല്‍ ശനിയാഴ്ചയോടെ കാറ്റ് ശക്തമാകുന്നതിനാല്‍ ഞായർ, തിങ്കള്‍ ദിവസങ്ങളില്‍ അറേബ്യൻ ഗള്‍ഫില്‍ കടല്‍ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. നിലവില്‍ ഒമാൻ കടലിലും അറേബ്യൻ ഗള്‍ഫിലും കടല്‍ ശാന്തമാണെങ്കിലും, വരും ദിവസങ്ങളില്‍ കടലില്‍ പോകുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി.
Content Highlights: The UAE's meteorological authorities have indicated that temperatures are expected to ease in the coming days. The forecast has brought relief to residents who have been experiencing extreme summer heat across various regions.

